ബി.ടെക്. ബിരുദമെടുത്ത് സാങ്കേതികവിദ്യയുടെ പടികള്‍ ഒന്നൊന്നായി കയറിയപ്പോഴും തിരുവനന്തപുരം സ്വദേശിയായ കൃഷാന്ത് എന്ന ചെറുപ്പക്കാരന്റെ മനസ്സില്‍ നിറയെ ചലിക്കുന്ന ചിത്രങ്ങളായിരുന്നു. ഇന്‍ഫോസിസിലും ഏണസ്റ്റ് ആന്‍ഡ് യങ്ങിലും കോഡിങ്ങില്‍ മുഴുകിയപ്പോഴും മനസ്സ് അസംതൃപ്തമായിരുന്നു. 

ആയിടയ്ക്കാണ് 2011-ല്‍ മുംബൈ ഐ.ഐ.ടി.യില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ 'മാസ്റ്റര്‍ ഓഫ് ഡിസൈന്‍' എന്ന കോഴ്സുണ്ടെന്ന് കൃഷാന്ത്  അറിയുന്നത്. എഴുത്തും വരയും മാത്രം കൈമുതലായുണ്ടായ കൃഷാന്തിന്റെ ജീവിതത്തില്‍ അതൊരു വഴിത്തിരിവായിരുന്നു. സ്‌കൂള്‍ സമയത്ത് സ്വന്തമായി ചെയ്ത ഗ്രാഫിക് നോവലുകളായിരുന്നു സ്വപ്നത്തിന് ആക്കം കൂട്ടിയത്. 

മുംബൈ ഐ.ഐ.ടി.യില്‍ പ്രവേശനം ലഭിച്ച കൃഷാന്തിന് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഐ.ടി.മേഖലയിലെ ജോലി ഉപേക്ഷിച്ച് അവന്‍ സ്വപ്നങ്ങളെ കൂട്ടുപിടിച്ച് മുംബൈയിലേക്ക് ചേക്കേറി. സ്വന്തമായുണ്ടായിരുന്ന ജോലി കൈവിട്ട് മകന്‍ പഠിക്കാനിറങ്ങിയത് എതിര്‍ത്തില്ലെങ്കിലും ചെറുതല്ലാത്ത നീരസം മാതാപിതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായി. എങ്കിലും ഐ.ഐ.ടി.യാണെന്നതു കൊണ്ടും ജോലി സാധ്യതയുണ്ടെന്നതിനാലും അവര്‍ മകന്റെ കൂടെ നിന്നു. 

 കൃഷാന്ത് കഥ പറയുന്നു: 'ചെറുപ്പത്തിലേതന്നെ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍നിന്ന് ഗ്രാഫിക് നോവലുകള്‍ എടുത്ത് വായിക്കുമായിരുന്നു. പിന്നീട് കേള്‍ക്കുന്നതും വായിക്കുന്നതുമായ കഥകള്‍ ഞാന്‍ ചിത്രങ്ങളാക്കി മാറ്റി. ഇത്തരത്തില്‍ വരച്ച രണ്ട് പുസ്തകങ്ങളാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ ചിത്രത്തിലൂടെയും എന്നില്‍ വളര്‍ന്നത് കഥകള്‍ പറയാനുള്ള ആഗ്രഹമാണ്. ഇതാണ് എന്നെ സിനിമാ മോഹത്തിലേക്കെത്തിച്ചത്'. 

ഐ.ഐ.ടി.യിലെ കോഴ്സുകള്‍ക്കിടയില്‍ നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്യാന്‍ സാധിച്ചു. 2013-ല്‍ മുംബൈയില്‍ നടന്ന ഇന്റര്‍നാഷണല്‍ 48 അവര്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രാഹകന്‍ എന്ന അവാര്‍ഡ് നേടാന്‍ സാധിച്ചു. ഇത്തരത്തില്‍ ചെയ്ത ചില വര്‍ക്കുകള്‍ കണ്ടാണ് ബോളിവുഡ് ഛായാഗ്രാഹകനായ സന്തോഷ് തുണ്ടിയില്‍ അടുത്ത സിനിമയിലേക്ക് അസിസ്റ്റ് ചെയ്യാന്‍ വിളിച്ചത്. 

സഞ്ജയ്ദത്തിനെ വച്ച് ആരംഭിച്ച 'ഷേര്‍' എന്ന ചിത്രത്തില്‍ അസിസ്റ്റ് ചെയ്തു. പിന്നീട് യു.എസ്. സ്വതന്ത്ര സംവിധായകനായ രജേഷ് നരോഫിനോടൊപ്പം 'ഫ്‌ലെയിം' എന്ന ചിത്രത്തിന് തിരക്കഥയെഴുതി. ഈ ചിത്രം കാനില്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് ഈ മേഖലയെ വളരെ ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. ആ വര്‍ഷംതന്നെ മുംബൈ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ (എം.എസ്.ഐ.എഫ്.എഫ്.) മൊംബത്തിയാന്‍ എന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. 

ഇതിന്റെ എഡിറ്റിങ്ങും ഞാന്‍തന്നെയാണ് ചെയ്തത്. ആ മേളയില്‍ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡും ലഭിച്ചു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പ്രോജക്ടിന്റെ ഭാഗമായി ചെയ്ത ഈ ചിത്രം പുണെ, ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു. പിന്നീട് സ്വന്തമായൊരു ചിത്രം എന്ന ആശയത്തെ ഉള്‍ക്കൊണ്ടാണ് ഓരോ പടിയും കയറിയത്. 2015-ല്‍ കാനില്‍ പ്രദര്‍ശിപ്പിച്ച 'ദ ബ്ലാക്ക്ഷീപ്പ്' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ലഭിച്ചിരുന്നു. 

പിന്നീടാണ് ഒരു പരീക്ഷണാത്മക ഹ്രസ്വചിത്രം ചെയ്യണമെന്ന ചിന്ത മനസ്സിലേക്കെത്തിയത്. ഇതാണ് 2016-ല്‍ 'ഭഗവതിക്കാവിലെ പാപികള്‍' എന്ന ചിത്രത്തിലേക്ക് എത്തിച്ചത്. മതവും അസഹിഷ്ണുതയുമായിരുന്നു ഈ ചിത്രത്തിന്റെ അടിസ്ഥാനം. ദൈവവും മനുഷ്യനും പാപവും കമ്മ്യൂണിസവും എല്ലാം നിറഞ്ഞ ഈ ചിത്രത്തില്‍ കാഴ്ചക്കാരന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. 

2016-ല്‍ ഇത് കാനിലും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിലും പ്രദര്‍ശിപ്പിച്ചു. 2018-ല്‍ പുറത്തിറങ്ങിയ കൊമേഴ്സ്യല്‍ വെബ് സീരിസായ 'ഉത്സാഹ ഇതിഹാസം' നിലവില്‍ സീ-5-ല്‍ പ്രദര്‍ശനം തുടരുകയാണ്. ഈ സീരിസ് സിയോള്‍ വെബ് ഫെസ്റ്റില്‍ ബെസ്റ്റ് കോമഡി ഡ്രാമയ്ക്കുള്ള പുരസ്‌കാരം നേടിയത് ഏറ്റവും വലിയ അവാര്‍ഡ് ആയി കാണുകയാണ് കൃഷാന്ത് . 
ഒരു സ്വതന്ത്ര സിനിമയാണ് ഇനി കൃഷാന്തിന്റെ മനസ്സിലുള്ളത്. ഒരു ഫാമിലി സറ്റയര്‍ ആണ് നിലവില്‍ പ്രവര്‍ത്തനമാരംഭിച്ച ചിത്രം. 

മെയിന്‍ സ്ട്രീം ആവാന്‍ മനഃപൂര്‍വം ശ്രമിക്കാതെ ആഗ്രഹിക്കുന്ന പോലെ ഒരു ചിത്രം ചെയ്യാന്‍ സാധിക്കണം എന്നതാണ് ഏറ്റവും വലിയ സ്വപ്നം. ഇപ്പോഴും കുടുംബം കരുതുന്നത് സിനിമ എന്നത് വളരെ ദൂരെയുള്ള ഒരു കാര്യമാണെന്നാണ്. ആ ചിന്ത മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് കൃഷാന്ത് ഇപ്പോള്‍. 

സീനുകള്‍ വരച്ച് എഴുതുന്നതിനാല്‍ വരയ്ക്കുന്നത് എന്തോ അത് ചിത്രീകരിക്കാന്‍ സാധിക്കണമെന്ന ആഗ്രഹവും ഈ ചെറുപ്പക്കാരന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. ഇതിനിടയില്‍ പി.എച്ച്ഡി. എടുക്കാനും കൃഷാന്ത് ലക്ഷ്യമിടുന്നുണ്ട്. ബെംഗളൂരു നിഫ്റ്റില്‍ ഡിസൈന്‍ തിങ്കിങ്, തേവര എസ്.എച്ച്. കോളേജില്‍ സ്‌ക്രിപ്റ്റ് റൈറ്റിങ് ആന്‍ഡ് പ്രീ പ്രൊഡക്ഷന്‍, കര്‍ണാവതി യൂണിവേഴ്സിറ്റിയില്‍ സിനിമോട്ടോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവ കൃഷാന്ത്  പഠിപ്പിക്കുന്നുണ്ട്.