ന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന് നൃത്തം കൊണ്ട് ആദരമൊരുക്കി വിദ്യാര്‍ത്ഥിനികള്‍. കൊച്ചി കാക്കനാട്ടെ ക്ഷേത്ര നൃത്തവിദ്യാലയത്തിലെ ടി.എച്ച്.രഞ്ജിനി, മിഥില, ലക്ഷ്മി എന്നിവരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞ നൃത്തരംഗത്തിന് പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്.

ബാലഭാസ്‌കറിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വീഡിയോ പിറന്നതെന്ന് നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്ന മൂന്ന് നര്‍ത്തകരില്‍ ഒരാളായ രഞ്ജിനി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പ്രശസ്ത വയലിനിസ്റ്റും ആകാശവാണി ആര്‍ട്ടിസ്റ്റുമായ ടി.എച്ച്.ലളിതയുടെ മകളാണ് രഞ്ജിനി. 

മലപ്പുറം സ്വദേശിനിയും കൊച്ചിയില്‍ സ്ഥിരതാമസക്കാരിയുമായ മിഥിലയും വൈക്കം സ്വദേശിനി ലക്ഷ്മിയും എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ്. മൂവരും ഇപ്പോള്‍ എം.എ.ഭരതനാട്യം പൂര്‍ത്തിയാക്കി. ബാലഭാസ്‌കറിന്റെ ഗാനം ഉപയോഗിച്ച് തന്നെയാണ് നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്. രഞ്ജിനിയും മിഥിലയും ചേര്‍ന്നാണ് നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ക്ഷേത്രയില്‍ തന്നെയായിരുന്നു ഷൂട്ടിങ്ങും.

രണ്ട് ലക്ഷത്തോളം പേരാണ് യൂ ട്യൂബില്‍ മാത്രം ഈ വീഡിയോ ഇതിനോടകം കണ്ടത്. പോസ്റ്റ് ചെയ്യുമ്പോള്‍ ഇത്രയും സ്വീകാര്യത കിട്ടുമെന്ന് അറിയില്ലായിരുന്നുവെന്നും മലയാളികളാണ് ഏറ്റവും കൂടുതല്‍ കമന്റ് ചെയ്യുന്നതെന്നും രഞ്ജിനി പറയുന്നു. ഈ അനുഭവം മുന്‍നിര്‍ത്തി മലയാളഗാനങ്ങള്‍ക്ക് നൃത്തരൂപം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഈ നര്‍ത്തകികള്‍.