സൂര്യകാന്തിയിലെ പോലെ ഒരു സൗരോര്‍ജ പദ്ധതിയുണ്ടായിരുന്നുവെങ്കില്‍ പകല്‍ മുഴുവന്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്നാണ് സണ്‍ഫ്‌ലവര്‍ മോഡല്‍ ഓഫ് സോളാര്‍ പാനലിലൂടെ മുഹമ്മദ് സ്വാലിഹും ആദിത്യകൃഷ്ണനും പറയുന്നത്. നിലവിലുള്ള സൗരോര്‍ജ ഉപകരണങ്ങളില്‍ സൂര്യനുമായി സോളാര്‍ പാനല്‍ ലംബ രേഖയില്‍ വരുന്ന സമയത്തുമാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. 

വിദ്യാര്‍ഥികള്‍ രൂപകല്പന ചെയ്ത മാതൃകയില്‍ സൂര്യന്റെ ദിശമാറുന്നതനുസരിച്ച് സോളാര്‍ പാനലും സ്വയമേവ തിരിയും. 35 മുതല്‍ 45 ശതമാനം വരെ അധികമായി വൈദ്യുതി ഉത്പാദിപ്പിക്കാനാവും. വടകര കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണിവര്‍.

പെട്രോള്‍ ഡീസലിനും വില കൂടുന്ന കാലത്ത് ഇവ രണ്ടുമില്ലാതെ ഹൈഡ്രജനും സോളാറും ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. ശിവദത്തും അഭി പ്രമോദും അവതരിപ്പിച്ചത്. 

ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് ശബ്ദവും പുകയും കുറവായിരിക്കും. മാത്രവുമല്ല വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന സമയം വീട്ടിലേക്കാവശ്യമായ വൈദ്യുതി ഇതില്‍ നിന്നെടുക്കാമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

കടലിലെ വെള്ളംവറ്റുന്ന കാലം വരെ വൈദ്യുതി ഉത്പാദിക്കാമെന്നാണ് മേന്മുണ്ട എച്ച്.എസ്.എസിലെ ഋതിക ജയന്‍, ടി.എച്ച്. ആദിത്യ എന്നിവരുടെ പക്ഷം. 'വേവ് എനര്‍ജി കണ്‍സര്‍വേഷന്‍' എന്ന വര്‍ക്കിങ് മോഡലാണ് ഇവര്‍ അവതരിപ്പിച്ചത്. ചെറിയ തിരകളില്‍ നിന്നുപോലും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇതുവഴികഴിയും.

ഇ-വേസ്റ്റ് വെറും മാലിന്യമായി കരുതി വലിച്ചെറിയാതെ പണമുണ്ടാക്കാനുള്ള വിദ്യയാണെന്ന് സമര്‍ഥിക്കുകയാണ് ഹിമായത്തുല്‍ എച്ച്.എസ്.എസിലെ മുഹമ്മദ് ഫാരിസും എന്‍. റിനീഷയും. സ്‌ക്രാപ് സ്റ്റീല്‍ ആന്‍ഡ് ഇ.എല്‍.സി. റീ സൈക്ലിങ് പദ്ധതിയിലൂടെ ഇ-വേസ്റ്റിലെ ലോഹങ്ങളെ വേര്‍തിരിച്ച് വീണ്ടും ഉപയോഗപ്രദമാക്കുകയാണ് ഇവര്‍.

ഫാക്ടറിയില്‍നിന്ന് പുറത്തുവിടുന്ന മലിനവായുവിനെ ശുദ്ധീകരിച്ച് പുറത്തുവിടുന്ന മോഡലാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളായ നവ്യ ലക്ഷ്മിയും ഇ.കെ. അമ്പിളിയും അവതരിപ്പിച്ചത്.