ന്യൂയോർക്കിലും ജനീവയിലുമുള്ള ഐക്യരാഷ്ട്രസഭാ വേദികളിൽപ്പോയി പ്രസംഗിച്ചതിന്റെ സന്തോഷത്തിലാണ് ദുബായിയിലെ മലയാളികൾ അടക്കമുള്ള ഏഴ് പെൺകുട്ടികൾ. ദുബായ് ദി ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ വിദ്യാർഥിനികളാണ് ഐക്യരാഷ്ട്രസഭയുടെ മാതൃകാ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ പോയത്.
 

ലോകമെങ്ങുമുള്ള സ്കൂൾ - കോളേജ് വിദ്യാർഥികൾക്കാണ് മാതൃകാ യു.എൻ. അസംബ്ലിയിൽ പങ്കെടുക്കാൻ അവസരമുള്ളത്. ലോകവിഷയങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളും പ്രവർത്തനങ്ങളും വിദ്യാർഥി തലത്തിൽ പരിചയപ്പെടുത്താൻകൂടിയാണ് ഇത്തരം ഒരു സംരംഭം യു.എൻ. നടത്തുന്നത്.

 ലോകം ഉറ്റുനോക്കിയവർ പ്രസംഗിച്ച യു.എന്നിന്റെ പച്ച മാർബിൾ പശ്ചാത്തലത്തിലുള്ള പീഠത്തിൽ നിന്നാണ് പുനലൂരിൽനിന്നുള്ള കൃഷ്ണ സതീഷ് സംസാരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് കൃഷ്ണ. ലോകമെമ്പാടുംനിന്ന്‌ എത്തിയവരിൽനിന്ന് പതിനാറ് പേർക്ക് മാത്രമായിരുന്നു പ്രധാന പ്രസംഗവേദിയിൽ കയറാൻ അവസരം കിട്ടിയത്. ദേവിക, റോഷ്നി, ഷിഫാന, മുർഷിദ എന്നിവരായിരുന്നു കൃഷ്ണയ്ക്കൊപ്പമുള്ള മറ്റുള്ളവർ. ഇംഗ്ലീഷ് അധ്യാപിക അഭിലാഷയും ഇവർക്ക് വഴികാട്ടിയായും താങ്ങായും ഒപ്പംനിന്നു.
 

സ്വിറ്റ്സർലൻഡിലെ ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ വേദിയിൽ നടന്ന മാതൃകാ സമ്മേളനത്തിൽ പങ്കെടുക്കാൻ മൂന്ന് പെൺകുട്ടികളാണ് സ്കൂളിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടത് - അനന്യ, കവിത, ലിസ എന്നിവരായിരുന്നു അവർ. ഒറ്റയ്ക്ക് യാത്രചെയ്യൽ, തീരുമാനമെടുക്കൽ, ഭാഷപോലും വശമില്ലാത്തവരുമായി സംസാരിക്കൽ, പുതിയ ആളുകളെ പരിചയപ്പെടൽ ഇതിനെല്ലാം ഈ യാത്ര അവസരമൊരുക്കിയെന്ന് ഈ മിടുക്കികൾ പറയുന്നു.