ജീവാംശമായ് താനേ നീയെന്നില്‍ കാലങ്ങള്‍ മുന്നേ വന്നൂ....

തിരുവനന്തപുരം സംഗീത കോളേജിലെ ക്ലാസിലിരിക്കുമ്പോള്‍ ഒരു പാട്ടുപാടാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് സൗമ്യ ഈ പാട്ടുപാടുന്നത്. എന്നാല്‍ അതിന് തന്റെ തലവര മാറ്റിക്കുറിക്കാന്‍ ശേഷിയുണ്ട് എന്ന കാര്യം ആ പെണ്‍കുട്ടിക്ക് മനസിലായില്ലായിരുന്നു. സിനിമയുടെ സംഗീതസംവിധായകന്‍ കൈലാഷ് മേനോനടക്കമുള്ളവര്‍ അഭിനന്ദനവുമായെത്തി. സൗമ്യ മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുമ്പോള്‍ തികഞ്ഞ സന്തോഷത്തിലായിരുന്നു.

ക്ലാസിലിരുന്ന് ഇഷ്ടമുള്ള ഗാനം പാടുന്നതിനിടയ്ക്ക് കൂട്ടുകാരിലൊരാള്‍ അത് പകര്‍ത്തുന്നുണ്ടായിരുന്നു എന്ന കാര്യം പിന്നീടാണ് സൗമ്യക്ക് മനസിലായത്. നന്നായി പാടിയ ഗാനം ഇന്‍സ്റ്റാഗ്രാമിലിടുകയും ചെയ്തു. ഇത് കണ്ട സൗമ്യയുടെ സുഹൃത്ത് ശ്രീജിത്താണ് ഗാനം അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് പേജായ ട്രെന്‍ഡിങ് കേരളയില്‍ പോസ്റ്റ് ചെയ്യുന്നത്. അങ്ങനെയാണ് സൗമ്യയും സൗമ്യയുടെ പാട്ടും കേരളം ഏറ്റെടുക്കുന്നത്. ഫെയ്‌സ്ബുക്കിലിടുന്ന കാര്യം ആദ്യം താനറിഞ്ഞിരുന്നില്ലെന്ന് തമിഴ് കലര്‍ന്ന മലയാളത്തില്‍ സൗമ്യ പറഞ്ഞു. ലൈക്കുകളുടെ എണ്ണം 5000-ന് മുകളിലെത്തിയപ്പോഴാണ് പാട്ടിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്യം സുഹൃത്ത് സൗമ്യയോട് പറഞ്ഞത്.

വീഡിയോ പരിശോധിച്ച സൗമ്യ പോലും അതിന്റെ സ്വീകാര്യത കണ്ട് ഞെട്ടി. കൂട്ടുകാരും വീട്ടുകാരുമെല്ലാം നിറഞ്ഞ പിന്തുണയാണ് നല്‍കിയതെന്ന് സൗമ്യ പറയുന്നത്. ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈ റോയപ്പേട്ടയില്‍. വീട്ടിലുള്ളത് അമ്മയും സഹോദരിയും മുത്തശ്ശിയും. അമ്മയും മുത്തശ്ശിയുമാണ് വീട്ടിലെ മറ്റുരണ്ടു കലാകാരികള്‍. അമ്മയ്ക്ക് നൃത്തം ചെയ്യാനും വീണ വായിക്കാനും അറിയാമെന്ന് സൗമ്യ പറഞ്ഞു. ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു മുത്തശ്ശി. രണ്ടുപേരും ബെംഗളൂരുവിലായിരുന്നു. അവിടെ നിന്നുമാണ് ചെന്നൈയിലേക്ക് വരുന്നതും താമസമാക്കുന്നതും.

കുടുംബത്തിലെ ചടങ്ങുകളില്‍ പാടാനായി പാട്ടുകള്‍ പഠിപ്പിച്ചതിന്റെയും ഊര്‍ജം തന്നതിന്റേയും ക്രെഡിറ്റ് സൗമ്യ മുത്തശ്ശിക്കാണ് കൊടുക്കുന്നത്. കൊച്ചുമകളെ പാട്ടുകാരിയാക്കണമെന്നത് മുത്തശ്ശിയുടെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ഇന്റര്‍നെറ്റിലൂടെ തിരുവനന്തപുരം സംഗീത കോളേജിനേക്കുറിച്ചറിയുന്നതും പ്രവേശനം നേടുന്നതും. മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റാനായിട്ടുകൂടിയാണ് തിരുവനന്തപുരത്തേക്ക് വന്നതെന്ന് സൗമ്യ പറയുന്നു. ശാസ്ത്രീയ സംഗീതം നന്നായി പഠിക്കണമെന്ന് പറയുന്ന സൗമ്യയുടെ ഉള്ളില്‍ ഒരു പിന്നണിഗായികയാവുക എന്ന സ്വപ്‌നവുമുണ്ട്.