കോവിഡ് പ്രതിസന്ധിക്കിടയില്‍ സംഭവിച്ച ലോക്ഡൗണ്‍ കാലം സര്‍ഗാത്മകമായി ഉപയോഗിക്കുകയാണ് തിരുവനന്തപുരം പൂവാര്‍ സ്വദേശി നൗഫല്‍. കുട്ടിപ്പെന്‍സില്‍ എന്ന തന്റെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പുറത്തെത്തുന്ന നൗഫലിന്റെ ചിത്രങ്ങള്‍ക്ക് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകരേറെയാണ്. കോവിഡ് പ്രതിരോധമാര്‍ഗങ്ങളും, ബോധവത്കരണവുമാണ് നൗഫലിന്റെ ചിത്രങ്ങളില്‍ ഏറെയും. രസകരമായ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം എത്തിക്കുക എന്നതിന്റെ ഭാഗമാണ് തന്റെ ഈ ചെറിയ ശ്രമമെന്ന് നൗഫല്‍ പറയുന്നു.
ഗ്രാഫിക് ഡിസൈനറായ നൗഫല്‍ ചിത്രരചന പഠിച്ചിട്ടില്ല. ചുറ്റും കാണുന്ന കാര്യങ്ങളെ തന്റേതായ രീതിയില്‍ പകർത്തുന്നതാണ് ഈ കലാകാരന്റെ രീതി. ഡിജിറ്റല്‍ ചിത്രരചനയും പേപ്പര്‍ വരകളും നൗഫലിന് ഒരു പോലെ വഴങ്ങും. കുട്ടിപ്പെന്‍സില്‍ എന്ന പേജില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ ചിത്രങ്ങളിലും നൗഫല്‍ ചിരിയും ചിന്തയും നിറയ്ക്കുന്നുണ്ട്. ആ പ്രത്യേകതയാണ് കുട്ടിപ്പെന്‍സില്‍ വരകളെ വേറിട്ട് നിര്‍ത്തുന്നത്.
നൗഫല്‍ എന്ന ചിത്രകാരന്‍
ചേച്ചിമാര്‍ വരയ്ക്കുന്നത് കണ്ടാണ് നൗഫല്‍ കുട്ടിക്കാലത്ത് പേപ്പറും കളര്‍ പെന്‍സിലും കയ്യിലെടുത്തത്. പഠനത്തിനിടയില്‍ ക്ലാസിലിരുന്ന് വരച്ചതിന് അധ്യാപകരുടെ പക്കല്‍ നിന്ന് വഴക്ക് കേട്ടിട്ടുമുണ്ട്. പുസ്തകത്തിലെ അക്ഷരങ്ങളേക്കാള്‍ നൗഫലിന് കമ്പം അതിലെ ചിത്രങ്ങളോടായിരുന്നു. വീട്ടിലും നേരമ്പോക്കിന് കൂട്ട് ചിത്രങ്ങളായി.
സ്‌കൂള്‍ കാലം കഴിഞ്ഞ് ഡിഗ്രി ചെയ്തത് ഗ്രാഫിക് ഡിസൈനിങില്‍. ഇപ്പോള്‍ ജോലിയും ആ മേഖലയില്‍. ഇതിനിടയിലുണ്ടായ ലോക് ഡൗണ്‍ കാലമാണ് വരകളെ വീണ്ടും പൊടിതട്ടിയെടുക്കാന്‍ കാരണമായത്. ആ സമയത്ത് സമൂഹമാധ്യമങ്ങളില്‍ വന്ന ചില കലാകാരന്മാരുടെ ചിത്രങ്ങള്‍ നൗഫലിന് ഏറെ പ്രചോദനമായി
നൗഫലങ്ങനെ കുട്ടിപ്പെന്‍സിലായി
പേപ്പറിലും പുസ്തകങ്ങളിലും പലപ്പോഴായി വരച്ച ചിത്രങ്ങളൊന്നും സൂക്ഷിച്ചു വെയ്ക്കുന്ന ശീലം നൗഫലിനില്ലായിരുന്നു. വരകളെ അല്‍പം കൂടി പ്രഫഷണലായി കാണാന്‍ തുടങ്ങിയപ്പോഴാണ് നൗഫല്‍ ഫെയസ്ബുക്ക് പേജിനെക്കുറിച്ചാലോചിച്ചത്. പേജിനായി പറ്റിയൊരു പേര് ആലോചിക്കലായി പിന്നെ. ഒരു ചിത്രകാരന് ഏറ്റവും അടുപ്പമുണ്ടാവുക അവന്‍ വരയ്ക്കാനെടുക്കുന്ന പെന്‍സിലിനോടായിരിക്കുമെന്നാണ് നൗഫലിന്റെ പക്ഷം.പെന്‍സിലും റബ്ബറുമല്ലേ ഒരു ചിത്രകാരന് ഏറ്റവും അത്യാവശ്യം വേണ്ടത്. ആ ചിന്തയാണ് കുട്ടിപ്പെന്‍സില്‍ എന്ന പേരിലെത്തിച്ചത്.
കുട്ടിപ്പെന്‍സിലും കോവിഡ് പ്രതിരോധവും
ലോക്ഡൗണ്‍ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ പങ്കാളിയാകാമെന്നാലോചിച്ചപ്പോഴാണ് കുട്ടിപ്പെന്‍സിലിനെ തന്നെ അതിനായി ഉപയോഗിക്കാമെന്ന് തോന്നിയത്. ചെറിയ ചെറിയ കാര്യങ്ങള്‍ അതിന്റെ ഗൗരവം വിടാതെ എങ്ങനെ ആളുകളിലെത്തിക്കുമെന്നായി ചിന്ത. ഇതിനായി സിനിമകളിലെ എല്ലാവര്‍ക്കും പരിചയമുള്ള ചില കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാമെന്ന് തീരുമാനിച്ചത്. കഥാപാത്രങ്ങളെ കണ്ടെത്തിയാല്‍ ആ കഥാപാത്രങ്ങള്‍ക്കുള്ള ഡയലോഗ് ആലോചിക്കണം. ആളുകളെ ബോറടിപ്പിക്കാത്ത രീതിയില്‍ കഥയും കഥാപാത്രവും അവതരിക്കലാണ് ഏറ്റവും വലിയ കടമ്പ. വളരെ കുറച്ച് വാക്കിലും വരയിലും കാര്യം കൃത്യമായി കാര്യം പറയുകയാണ് ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്നും നൗഫല്‍ പറയുന്നു
ഹിറ്റാക്കിയത് 'എന്റെ പൂവാര്‍'
തിരുവനന്തപുരം പൂവാറുകാരനായ നൗഫല്‍ തന്റെ നാടിനെ അടയാളപ്പെടുത്തി വരച്ച 'എന്റെ പൂവാര്‍' എന്ന ചിത്രമാണ് കുട്ടിപ്പെന്‍സില്‍ എന്ന പേജിനെ ഹിറ്റാക്കിയത്. ഒറ്റ ഫ്രെയിമില്‍ ഒതുക്കിയ പൂവാറിന്റെ സൗന്ദര്യം സമൂഹമാധ്യമം ഏറ്റെടുത്തു. ചിത്രം കണ്ട് നിരവധി ആളുകളാണ് നൗഫലിന് അഭിനന്ദനമറിയിച്ച് എത്തിയത്. ഏകദേശം ഒരു മാസം സമയമെടുത്താണ് നൗഫല്‍ ചിത്രം പൂര്‍ത്തിയാക്കിയത്. ഇതിനായി പൂവാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശേഖരിച്ചു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ തിരഞ്ഞെടുത്ത് വേണ്ട രീതിയില്‍ അടുക്കിയപ്പോള്‍ ചിത്രം റെഡി. ചാര്‍ട്ട് പേപ്പറില്‍ സ്‌കെച്ച് ചെയ്ത ചിത്രം പിന്നീട് ഡിജിറ്റലായി ചെയ്‌തെടുക്കുകയായിരുന്നു
വരകള്‍ കൂളല്ല...മിസ്റ്റര്‍ കൂളാക്കും
എന്തെങ്കിലും വിഷമമോ മറ്റ് ബുദ്ധിമുട്ടോ ഉണ്ടെങ്കില്‍ നൗഫല്‍ നേരെ വരകളുടെ ലോകത്തേക്കിറങ്ങും. മനസിലുള്ളത് പേപ്പറിലോ മാക് ബുക്കിലോ വരച്ചിടും. ചിലപ്പോള്‍ മിനിറ്റുകള്‍. മറ്റ് ചിലപ്പോള്‍ മണിക്കൂറുകള്‍....ചിത്രം പൂര്‍ത്തിയാകുന്ന നേരം മതി മനസും കൂളാവാന്‍.
വരകളില്‍ ഇനിയും കാത്തിരിപ്പുണ്ട് വിസ്മയങ്ങള്‍
ഏതെങ്കിലും തീം വെച്ചാണ് ചിത്രങ്ങള്‍ വരയ്ക്കാറുള്ളത്. പൂവാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ മുളച്ച ആഗ്രഹമാണ് കേരളവും കാന്‍വാസിലാക്കണമെന്ന്. അതിന്റെ പണിപ്പുരയിലാണ് നൗഫല്‍ ഇപ്പോള്‍. പതിനാല് ജില്ലകളിലെയും പ്രത്യേകതകള്‍ കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കുന്ന ആ ചിത്രം കുട്ടിപ്പെന്‍സില്‍ പേജില്‍ കേരളപ്പിറവി ദിനത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ് നൗഫല്‍. കോവിഡ് ചരിത്രം ഒറ്റ കാന്‍വാസില്‍ പകര്‍ത്താനുള്ള ശ്രമവും നടന്നു വരുന്നു
കുടുംബമാണ് നട്ടെല്ല്
അച്ഛന്‍ സുലൈമാനും അമ്മ സാജിതാ ബാനുവും ആണ് നൗഫലിന്റെ ചിത്രങ്ങള്‍ ആദ്യം കാണുക. ചിത്രം കാണുമ്പോള്‍ അമ്മയുടെ മുഖത്ത് വരുന്ന ഭാവം ചിരിയാണെങ്കില്‍ നൗഫലിന് സമാധാനമാകും. അങ്ങനെ വന്ന ചിത്രങ്ങളൊക്കെയും കുട്ടിപ്പെന്‍സില്‍ പേജില്‍ ഹിറ്റാണ്. കട്ട സപ്പോര്‍ട്ട് നല്‍കി ചേച്ചിമാരും കൂടെയുണ്ട്.
Content Highlights: Social media viral artist Noufal and his Kuttipencil page