ളഞ്ഞും പുളഞ്ഞും ഉയരത്തിലേക്കുള്ള യാത്രകള്‍. ചുരം കയറും പോലെ പ്രയാസമുള്ളതാണ് വയനാട്ടുകാര്‍ക്ക്‌. അതിന് താഴെ നിന്നും കലാരംഗത്ത് അവസരങ്ങള്‍ കിട്ടാനുള്ള യാത്രകളും. എന്നാല്‍ ഇതിനെയൊക്കെ മറികടന്ന് സ്വന്തം കഴിവുകൊണ്ട് ഉയരത്തിലേക്കുള്ള യാത്രയിലാണ് നിഖില മോഹന്‍ എന്ന യുവഗായിക. 

വയനാടന്‍ കാറ്റിന്റെ താളത്തില്‍ മയങ്ങി സ്മ്യൂളില്‍ പാടി ചലച്ചിത്ര പിന്നണി ഗായികയായ കഥയാണ് പടിഞ്ഞാറത്തറ സ്വദേശിനിയായ നിഖില മോഹനന് പറയാനുള്ളത്. സ്മ്യൂള്‍ വെറും സ്‌മോളല്ല എന്ന് നിഖില പറയും. ആയിരക്കണക്കിനാളുകളിലേക്ക് മനോഹരമായ സ്വന്തം പാട്ടുകള്‍ പടര്‍ന്നതോടെയാണ് നിഖിലയെ തേടി അവസരങ്ങള്‍ വയനാടിന്റെ ചുരം കയറി എത്തിയത്. 

ഏഴാം വയസ്സുമുതലുള്ള സംഗീത യാത്രയുടെ വഴിത്തിരിവ് ഇന്ന് പിന്നണിഗായിക എന്ന വിലാസത്തിലെത്തി നില്‍ക്കുന്നു. എം.വി. ജീവന്‍ സംവിധാനം ചെയ്യുന്ന പ്ര പ്ര പി ( പ്രവാചകന്‍ പ്രഭാകരന്‍ പിള്ള) എന്ന ചിത്രത്തില്‍ പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണനൊപ്പം കണ്ണാടിത്തീരം എന്ന സുന്ദരഗാനമാണ് നിഖില മോഹന്‍ ആലപിച്ചത്. ശ്യാം പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിലെ പാട്ടുകളും ഇതോടെ ഹിറ്റായി മാറുകയാണ്. 

സ്മ്യൂളില്‍ തുടര്‍ച്ചയായുള്ള പാട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഗീതജ്ഞന്‍ ഇ.കെ.രാജേഷാണ് സിനിമാ പിന്നണി ഗാനരംഗത്തേക്ക് നിഖിലയ്ക്ക് അവസരമൊരുക്കി നല്‍കിയത്. 

കാവുംമന്ദം സതീദേവിയുടെ കിഴിലായിരുന്നു ചെറുപ്പകാലത്ത് സംഗീത പഠനം തുടങ്ങിയത്. പിന്നീട് കല്‍പ്പറ്റയിലെ റോസ് ഹാന്‍സ്, കെ.മോഹനന്‍, സിറിയക് തുടങ്ങിയ സംഗീത അധ്യാപകരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. 

പ്ലസ് ടു പഠനത്തിന് ശേഷം തിരുവനന്തപുരം സ്വാതി തിരുന്നാള്‍ മ്യൂസിക് കോളേജില്‍ ബി.എ. മ്യൂസിക്കിന് ചേര്‍ന്നു. ഭക്തിഗാനാലാപന ആല്‍ബങ്ങളിലും പ്രണയ ആല്‍ബങ്ങളിലും മധുര ശബ്ദവുമായി നിഖിലയ്ക്ക് ധാരാളം അവസരങ്ങള്‍ ഇക്കാലം മുതല്‍ ലഭിച്ചു തുടങ്ങിയിരുന്നു. കണ്ണൂര്‍ വിഷന്‍ ചാനലില്‍ മ്യൂസിക് റിയാലിറ്റി ഷോ സ്മാര്‍ട്ട്‌സിംഗറായും തിളങ്ങി. സ്‌കൂള്‍ കലോത്സവ വേദികളില്‍ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ഇതിനിടയില്‍ നിഖില മോഹനെ തേടിയെത്തി. പിന്നീട് കലോത്സവ വേദികളിലെ വിധികര്‍ത്താവായും ക്ഷണിക്കപ്പെട്ടു.

വാരാമ്പറ്റ ഗവ.ഹൈസ്‌കൂളില്‍ താല്‍ക്കാലിക സംഗീത അധ്യാപികയായി ജോലി ചെയ്യുന്ന നിഖില ഇനിയും പിന്നണി ഗാന രംഗത്ത് അവസരങ്ങള്‍ കാത്തിരിക്കുകയാണ്. അച്ഛന്‍ പടിഞ്ഞാറത്തറ മങ്ങമ്പ്രയില്‍ മോഹനനും അമ്മ ഷീബയും സഹോദരന്‍ നിഥിനും സുഹൃത്തുക്കളുമെല്ലാം നിഖിലയുടെ പാട്ട് മോഹങ്ങള്‍ക്ക് പിന്തുണയായുണ്ട്. ഗാനമേളകളിലെയും സ്ഥിരം സാിദ്ധ്യമാണ് നിഖില. കേരള മാപ്പിള കലാ അക്കാദമി സംഗീതയാനം മെഗാഷോയില്‍  പ്രശസ്ത സിനിമാതാരം നാദിര്‍ഷ നിഖിലയക്ക് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. 

പഠനത്തോടൊപ്പം നിഖില തുടരുന്ന സംഗീത സപര്യയെ സമൂഹ മാധ്യമങ്ങളില്‍ പിന്തുണയ്ക്കുന്നവരും ധാരാളമുണ്ട്. വയനാട്ടിലെ സാധാരണ കുടുംബത്തില്‍ നിന്നും ഒരു പാട്ടുകാരിയായി വളര്‍ന്നതില്‍ ഈ ഗായികയ്ക്കും അഭിമാനമുണ്ട്. സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികളുടെ കൂട്ടുകാരിയായി ഈ പാട്ടുകാരി പുതിയ ഗാനങ്ങളെ തേടുകയാണ്.

Content Highlights: Smule Singer Become Playback Singer