മേരിക്കന്‍ പ്രസിഡന്റുമാരുടെ പേരുകള്‍ ഓര്‍ത്തെടുത്ത് പറയാന്‍ എത്ര സമയം വേണ്ടിവരും.? ഷാരൂണ്‍ എസ് ദീപ് എന്ന ചെറുപ്പക്കാരന്‍ അത് സാധിക്കും, വെറും 42 സെക്കന്‍ഡുകൊണ്ട്. ജോര്‍ജ് വാഷിങ്ടണ്‍ മുതല്‍ ജോ ബൈഡന്‍ വരെയുള്ള 46 അമേരിക്കന്‍ പ്രസിഡന്റുമാരുടെ പേരുകള്‍ ഷാരൂണ്‍ പറഞ്ഞുതീര്‍ത്തത് 42 സെക്കന്‍ഡിനുള്ളിലാണ്. ഈ മികവിലൂടെ ഏഷ്യ ബുക്ക് ഓഫ് റെക്കോഡില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

കോഴിക്കോട് കണ്ണഞ്ചേരി സ്വദേശിയാണ് ഷാരൂണ്‍ എസ് ദീപ്. ആദ്യം 57 സെക്കന്‍ഡ് കൊണ്ട് പ്രസിഡന്റുമാരുടെ പേര് പറഞ്ഞുതീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം സ്വന്തമാക്കിയിരുന്നു. പിന്നീടാണ് സമയം മെച്ചപ്പെടുത്തി പുതിയ നേട്ടം സ്വന്തമാക്കിയത്. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പാനലാണ് ഷാരൂണിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

'അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ട സമയം മുതലാണ് എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരുടെയും പേരുകള്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പറഞ്ഞുതീര്‍ത്താനുള്ള ശ്രമം തുടങ്ങിയത്. ആദ്യമൊക്കെ രണ്ട് മിനിറ്റ് വേണ്ടിവന്നു. എന്നാല്‍ നിരന്തരമായി പരിശ്രമിച്ചു. അങ്ങനെയാണ് ഈ നേട്ടത്തിലെത്തിയത്'- ഷാരൂണ്‍ പറഞ്ഞു. 

ഇപ്പോള്‍ 42 സെക്കന്‍ഡ് എന്ന സമയവും മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഈ ചെറുപ്പക്കാരന്‍ പറയുന്നു. ഇതുകൂടാതെ 2.25 മിനിറ്റുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും പേരുകളും പറഞ്ഞു.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് എം.കോം പഠനം പൂര്‍ത്തിയാക്കിയ ഷാരൂണ്‍ ഹാം റേഡിയോ ഓപ്പറേറ്റര്‍ കൂടിയാണ്. പിതാവ് സനില്‍ ദീപും പ്രശസ്ത ഹാം റേഡിയോ ഓപ്പറേറ്ററാണ്. ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ഇതിനകം ലഭിച്ചിട്ടുമുണ്ട്. അഖിലയാണ് അമ്മ.

നിരന്തരമായ പരിശ്രമത്തിലൂടെ ഇനിയും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ഷാരൂണ്‍ എസ് ദീപ്.

Content Highlights: Sharoon s Deep secured Asia Book of Records Grandmaster certification, Youth