രു കട്ടൻ ചായയുടെ വില 180 രൂപ, കയ്യിൽ കരുതിയ 100 രൂപ നോട്ടുമായി കൊച്ചി വിമാനത്താവളത്തിലെ ഭക്ഷണ കൗണ്ടറിൽ ചായ കുടിക്കാൻ പോയ തൃശ്ശൂർ സ്വദേശി അഡ്വ: ഷാജി കോടൻകണ്ടത്തിലിന് ഇത് കേട്ടപ്പോൾ വളരെ ദേഷ്യവും അപമാനവുമാണ് തോന്നിയത്. എന്നാൽ ഷാജി മിണ്ടാതെയോ പ്രതികരിക്കാതെയോ നിന്നില്ല. ആദ്യം പരാതിയുമായി വിമാനത്താവള അധികൃതരെ സമീപിച്ചു.  ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് അവർ കെെമലർത്തിയപ്പോഴും ഷാജി തളർന്നില്ല. ഇത് സാധാരണക്കാരനെ ബാധിക്കുന്ന വലിയ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി സാക്ഷാൽ പ്രധാമന്ത്രിയ്ക്ക് തന്നെ നേരിട്ടൊരു കത്തയച്ചു.  ഒടുവിൽ ഉപഭോക്തൃനീതിയുടെ രൂപത്തിൽ ഷാജിയുടെ പോരാട്ടത്തിന് അം​ഗീകാരം. വിമാനത്താവളങ്ങളിൽ ഇനി മുതൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള ചെറുകടികളും നൽകണമെന്ന് പ്രധാനമന്ത്രിയുടെ പോർട്ടലിൽ ഉത്തരവ്.

ഈ തീരുമാനം വന്നതിന് തൊട്ടുപിന്നാലെ ഷാജിയെ അഭിനന്ദിച്ച് ഒട്ടനവധിയാളുകൾ രം​ഗത്ത് വന്നത്. ഒരുപാട് പേർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഷാജി എല്ലാവരോടും ചോദിക്കുന്നത് ഒരേയൊരു കാര്യം മാത്രം.. 'എന്തുകൊണ്ട് നിങ്ങളാരും പ്രതികരിച്ചില്ല. മിണ്ടാതിരുന്നാൽ നീതി ലഭിക്കുമോ'- തൃശ്ശൂർ ജില്ലാ ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ ഷാജി ചോദിക്കുന്നു. 'വേണ്ടവർ വിലകൊടുത്ത് ചായ കുടിക്കട്ടെ, ഫെെവ് സ്റ്റാർ ഹോട്ടലിൽ വലിയ നിരക്കല്ലേ..' എന്ന് ചോദിക്കുന്നവരോടും ഷാജിയ്ക്ക് മറുപടിയുണ്ട്. വിമാനത്താവളം പ്രവർത്തിക്കുന്നത് സാധാരണക്കാരുടെ നികുതി പണത്തിലാണ്. ഇനി ഷാജി തന്നെ പറയട്ടെ....

ഡൽഹി യാത്രയ്ക്കായി കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ എനിക്കൊരു ചായ കുടിയക്കാൻ തോന്നിയതാണ് എല്ലാ സംഭവങ്ങളുടെയും തുടക്കം. വളരെ പെട്ടന്ന് ആസുത്രണം ചെയ്തൊരു യാത്രയായിരുന്നു. വിമാനത്താവളത്തിൽ ധൃതിപ്പെട്ട് എത്തിയപ്പോൾ എനിക്കൊരു ചായ കുടിക്കണം എന്ന് തോന്നി. എന്റെ പഴ്സ് ചെക്കിൻ ലെ​ഗേജിലായിരുന്നു. കയ്യിലാകെ നൂറു രൂപയാണ് ഉണ്ടായിരുന്നത്. ആ നൂറു രൂപയുമായി ചായ കുടിക്കാനുള്ള മോഹവുമായി ഞാൻ അവിടുത്തെ ഫുഡ്സ്റ്റാളിലെത്തി. ചായയല്ലേ... നൂറു രൂപയൊക്കെ ധാരാളം മതിയെന്നായിരുന്നു എന്റെ മനസ്സിലെ ചിന്ത. ഞാൻ മെനു കാർഡൊന്നും നോക്കിയിരുന്നില്ല. ചായ ചോദിച്ചപ്പോൾ പറഞ്ഞു, സാർ 100 രൂപയ്ക്ക് ചായ ഒന്നും കിട്ടില്ലെന്ന്. എങ്കിൽ പോട്ടെ ഒരു ബ്ലാക് ടീ തരാമോ എന്ന് ഞാൻ ചോദിച്ചു, ഇല്ല സാർ ബ്ലാക്ക് ടീയ്ക്ക് 180 രൂപയാകും എന്ന് പറഞ്ഞു. ഞാൻ ആദ്യം മനസ്സിൽ കരുതിയത് ഇങ്ങനെയായിരുന്നു; ഇവിടുത്തെ ബ്ലാക്ക് ടീ എന്ന് പറഞ്ഞാൽ വളരെ വിലയുള്ള ഏതോ ചായപ്പൊടി ഉപയോ​ഗിച്ച് ഉണ്ടാക്കുന്നതായിരിക്കുമെന്ന്. എന്നാൽ അതല്ലെന്ന് പിന്നീടാണ് മനസ്സിലായത്, വെറും ചൂടുവെള്ളത്തിൽ ടീ ബാ​ഗിട്ട് തരുന്നതാണ് ബ്ലാക്ക് ടീയത്രേ... എനിക്കാകെ നിരാശയായി. അപ്പോൾ കൗണ്ടറിലെ പെൺകുട്ടി പറഞ്ഞു, 'സർ ഇതിനപ്പുറത്ത് ഒരു റെസ്റ്റാറന്റുണ്ട് അവിടെ പോയി ചോദിക്കൂ' എന്ന്. അവിടെ ചോദിച്ചപ്പോൾ ചായക്ക് 100 കാപ്പിക്ക് 100 സ്നാക്സിന് 180. അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത അപമാനം തോന്നി.. ദേഷ്യവും വന്നു. ഞാൻ അവരോട് ശക്തമായി തർക്കിച്ചു. അവർ പറ‍ഞ്ഞു, ഞങ്ങൾ നിസ്സഹായരാണ്, ഉയർന്ന വാടക കൊടുത്തിട്ടാണ് ഇവിടെ പ്രവർത്തിക്കുന്നതെന്ന്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എയർപോർട്ട് അതോറിറ്റിയുമായി ബന്ധപ്പെടാൻ പറഞ്ഞു. ഒരു ഉദ്യോ​ഗസ്ഥനെ ഞാൻ അപ്പോൾ തന്നെ നേരിൽ കണ്ട് പരാതി പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല.

അങ്ങനെ  ഡൽഹിയിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം 2019 ഏപ്രിൽ 5 ന് ഞാൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. ഞാൻ ആദ്യമായല്ല പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്. മുൻപും ഇതുപോലുള്ള ഒരുപാട് പ്രശ്നങ്ങളിൽ ഇടപെടുകയും വക്കീൽ കൂടിയായതിനാൽ കോടതി മുഖാന്തരം പ്രശ്നങ്ങൾക്ക് പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ കോടതിയുടെ വിലപ്പെട്ട സമയം കളയേണ്ട എന്ന് വിചാരിച്ചാണ് നേരേ പ്രധാമന്ത്രിയ്ക്ക് കത്തയക്കുന്നത്. സത്യമായും ഞാൻ പ്രധാനമന്ത്രിയിൽ നിന്ന് മറുപടി പ്രതീക്ഷിച്ചിരുന്നില്ല. കാരണം, ഞാൻ മണ്ണൂത്തി-വടാക്കാഞ്ചേരി ദേശീയ പാതയെക്കുറിച്ചും പാലിയേക്കര ടോൾ പിരിവിനെക്കുറിച്ചും പ്രെട്രോൾ വില ഉയരുന്നതിനെ സംബന്ധിച്ചും അദ്ദേഹത്തിന് നേരത്തേയും കത്തുകളയച്ചിട്ടുണ്ട്. എന്നാൽ മറുപടി ഉണ്ടായിട്ടില്ല. എന്നിരുന്നാലും ആദ്യത്തെ ഒരു ചുവടെന്ന നിലയിൽ പ്രധാനമന്ത്രിക്കും എയർപോർട്ട് അതോറിറ്റിയ്ക്കും കത്തയക്കുകയായിരുന്നു. എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അധികം വെെകാതെ തന്നെ പ്രധാനമനന്ത്രിയുടെ ഓഫീസിൽ നിന്ന് മറുപടി വന്നു. നിങ്ങളയച്ച കത്ത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഉടനെ തന്നെ നടപടി സ്വീകരിക്കുമെന്നുമായിരുന്നു മറുപടി. അപ്പോഴും വളരെ നടപടിയുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം പ്രധാനമന്ത്രിയുടെ പോർട്ടലിൽ പുതിയ നിർദ്ദേശം വന്നതായി ഞാൻ കണ്ടു. 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് സ്നാക്ക്സും നൽകാനായിരുന്നു അത്.

Shaji Kodankandath Interview who fought to reduce price of tea and snacks at Airport

Shaji Kodankandath Interview who fought to reduce price of tea and snacks at Airport

വിമാനയാത്ര ചെയ്യുന്നവർ പണക്കാരാണെന്നും അവർ വേണമെങ്കിൽ കാശു മുടക്കട്ടെയെന്നും കരുതുന്നവരാണ് പലരും. എന്നാൽ അങ്ങനെയല്ല, ​ഗൾഫിൽ ജോലി ചെയ്യുന്ന സാധാരണ പ്രവാസികളടക്കം ഒട്ടനവധിപേർക്ക് വിമാനമാണ് ആശ്രയം. എന്റെ പിതാവ് പ്രവാസിയായിരുന്നു, സഹോദരങ്ങളും പ്രവാസികളാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രശ്നങ്ങൾ എനിക്ക് നന്നായറിയാം. സാധാരണക്കാരന് സ്റ്റാർബക്ക്സിന്റെ കാപ്പി തന്നെ കുടിക്കണമെന്ന യാതൊരു നിർബന്ധവുമില്ല. മൂന്ന് നാല് മണിക്കൂർ കാത്ത് നിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ പ്രമേഹം പോലുള്ള രോ​ഗമുള്ള സാധാരണക്കാർ എന്തു ചെയ്യും? അത്തരക്കാർക്ക് വേണ്ടി ഒരു പ്രത്യേക കൗണ്ടർ വേണമെന്നും അവിടെ കുറഞ്ഞ നിരക്കിൽ ചായയും കാപ്പിയും മറ്റും നൽകണമെന്നതായിരുന്നു എന്റെ പ്രധാന ആവശ്യം. ഈ ബ്രാൻഡഡ് സംസ്കാരം സാധാരണക്കാരന് മേൽ അടിച്ചേൽപ്പിക്കരുത്. കാശുള്ളവർ വേണമെങ്കിൽ വലിയ വിലയുള്ള സാധനങ്ങൾ വാങ്ങി കഴിച്ചോട്ടെ... 

Shaji Kodankandath Interview who fought to reduce price of tea and snacks at Airport

ഇത്തരം കാര്യങ്ങളിൽ രോഷമുണ്ടെങ്കിലും മിക്കവരും പ്രതികരിക്കില്ല. പ്രവാസികളിൽ പലരും വല്ലപ്പോഴുമാണ് നാട്ടിലേക്ക് വരുന്നത്. ​നാട്ടിലേക്ക് വരുന്ന സമയത്ത് ഇനി ഇതിന്റെ പേരിൽ പ്രശ്നമൊന്നും വേണ്ടെന്ന് കരുതി വലിയ പണം കൊടുത്തു വാങ്ങുകയോ അല്ലെങ്കിൽ വാങ്ങിക്കാതിരിക്കുകയോ ചെയ്യും. ടൂറുപോകുന്നവരാണെങ്കിൽ പ്ലഷർ ട്രിപ്പ് നശിപ്പിക്കേണ്ടെന്ന് കരുതി മിണ്ടാതിരിക്കും. പലരും വിമാനയാത്രയെ  ഒരു ക്ലാസി യാത്രയായാണ് കരുതുന്നത്. അപ്പോൾ ഇത്രയും വിലകൊടുക്കുന്നത് വലിയ പ്രശ്നമാണെന്ന് കരുതില്ല. ഫെെവ് സ്റ്റാർ ഹോട്ടലിൽ വലിയ നിരക്കല്ലേ.. അതുപോലെ തന്നെയല്ലേ ഇതുമെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നതിൽ സാധാരണക്കാരന്റെ നികുതിപ്പണമുണ്ടെന്ന് ചിന്തിച്ചാൽ പ്രതികരിക്കാൻ തോന്നും-  ഷാജി കോടൻകണ്ടത്തിൽ പറയുന്നു.

Content Highlights: Shaji Kodankandath Interview, who fought to reduce price of tea and snacks at Airport, letter to the Prime Minister