selfie 1


ഞാന്‍ കാണുന്ന ഞാന്‍ നീകാണുന്ന ഞാനല്ലെന്ന് പറയാന്‍ ഒരൊറ്റ സെല്‍ഫി മതി. അവനവനു ചുറ്റും തിരിയുന്ന ഈ ഫ്രണ്ട്കാമറകള്‍  കാഴ്ചയുടെ ലോകം പകര്‍ത്തുകയല്ല, മറിച്ച് ആത്മപ്രകാശനത്തിന്റെ ലോകം തുറക്കുകയാണ്. 

മൊബൈല്‍ഫോണിന് ആളെ കണ്ണുകെട്ടി നടത്തുന്നുവെന്ന പേരുദോഷമുണ്ടായിരുന്നു വളരെക്കാലം. ഒരുതരം ജാതകദോഷം പോലെ. ഫോണില്‍ കോള്‍ വരുന്നതോടെ എടുക്കുന്നയാള്‍ സ്ഥലകാലബോധമില്ലാതെ നടക്കും. അങ്ങനെ കിണറ്റില്‍ വീണും റെയില്‍വേട്രാക്കില്‍ തീവണ്ടിക്കുമുന്നില്‍ പെട്ടും തുടങ്ങി പലര്‍ക്ക് പലവഴിക്ക്  ജീവന്‍ നഷ്ടമായി. സെല്‍ഫിക്കുമുണ്ടായി സമാനമായ അവസ്ഥ.

സോഷ്യല്‍ മീഡിയ സെല്‍ഫിയോടാണോ സെല്‍ഫി തിരിച്ചാണോ  നന്ദി പറയേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കം തീരില്ല. എന്നാല്‍ സെല്‍ഫിക്ക് കിട്ടിയപോലെ സോഷ്യല്‍ മീഡിയയില്‍ ഇത്രയേറെ ലൈക്ക് മറ്റൊന്നിനും കിട്ടിയിട്ടുണ്ടാകില്ല. ഞാന്‍ ഞാന്‍ എന്ന് വിളിച്ചുപറയുന്ന ഓരോ സെല്‍ഫിയും നാലുപേര്‍ കാണാനല്ലെങ്കില്‍ പിന്നെന്തിനാണ്. സന്തോഷവും സങ്കടവും ദൈന്യവും വിളിച്ചുപറയാന്‍ ഒരു വരിവേണ്ട, ഒരു ക്ലിക്കുമതി. കിട്ടുന്ന ഓരോ ലൈക്കും തരുന്ന ലഹരി വീണ്ടും വീണ്ടും എന്തു റിസ്‌കെടുത്തും സെല്‍ഫിയെടുക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും, സ്വയം വെളിപ്പെടുത്താന്‍ സെല്‍ഫിയോളം പോന്ന മറ്റൊന്നില്ലെന്ന്  വിളംബരംചെയ്തുകൊണ്ട്....ലോകമേ ലൈക്കടിക്കൂവെന്ന് ഉറക്കെ പറഞ്ഞുകൊണ്ട്...

'വാന്‍ഗോഗിന്റെ ചെവി ' കാലത്തില്‍ മങ്ങാത്ത സെല്‍ഫിയാകുന്നത് അത് പ്രണയിനിക്ക് സമ്മാനിച്ച തീവ്രാനുരാഗത്തിന്റെ മികച്ച സെല്‍ഫിയായതുകൊണ്ടാണ് .ആത്മപ്രകാശനമാണല്ലോ, പലപ്പോഴും മികച്ച സൃഷ്ടിയാകുന്നത്. വീണ്ടുമുണ്ടായി അങ്ങനെ നൂറുനൂറ് മികച്ച സൃഷ്ടികള്‍-ഒന്നാന്തരം സെല്‍ഫികളായി. കാനനച്ചോലയില്‍ ആടുമേക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെയെന്ന ചോദിച്ച് രമണനുമെടുത്തു ഒരു ക്ലോസപ്പ് സെല്‍ഫി.

selfie 4

'ലെറ്റ് മി ടേക്ക് എ സെല്‍ഫി' എന്ന് കൂട്ടുകാരോട് പിറുപിറുത്തുകൊണ്ട് (പാട്ടെന്നും പറയാം!) ക്ലബ്ബില്‍ കറങ്ങുന്ന യുവതിയുടെ യുട്യൂബ് വീഡിയോ ഏതാണ്ട് 37 കോടി പേരാണ് കണ്ടത്. 2014 ല്‍ ഈ പാട്ട് ഡാന്‍സ് ഫ്‌ളോര്‍ ഹിറ്റായതും അതൊരു മികച്ച സെല്‍ഫിയായതുകൊണ്ടുതന്നെയാണ്. 

selfie2തീവണ്ടിക്കുമുകളില്‍ കയറി സെല്‍ഫിയെടുക്കാനുള്ള സാഹസിക ശ്രമത്തിനിടെ ചിതറിത്തെറിച്ച സ്‌കൂള്‍കുട്ടികളുടെ ശരീരം കേരളത്തിനുമുന്നിലെ വലിയ ദുരന്തസെല്‍ഫിയായി. സെല്‍ഫിഭ്രമം ഏറെപഴികേട്ടു അന്ന്. പിന്നീടിങ്ങോട്ട് ദുരന്ത സെല്‍ഫികളുടെ ആല്‍ബം തന്നെയുണ്ടായി. സ്വയം പകര്‍ത്തുന്നതിനിടയില്‍ മൃശാലയില്‍ പുലിക്കുമുന്നില്‍ വീണുമുണ്ടായി ദുരന്തം. വിദേശങ്ങളില്‍ പലയിടത്തും ശല്യമായതോടെ പൊതു സ്ഥലത്ത് സെല്‍ഫി സ്റ്റിക്കുകള്‍ക്ക് നിരോധനവും വന്നു. മൃതദേഹത്തിനൊപ്പം നിന്നും മരണാസന്നനായിക്കിടക്കുന്നയാള്‍ക്കൊപ്പം നിന്നുമൊക്കെയുള്ള സെല്‍ഫികളെക്കുറിച്ച് നല്ലതും ചീത്തയും പറഞ്ഞ് ആളുകള്‍ ചര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു.

എന്നാല്‍ പഴയകാലമൊക്കെ ഡിലീറ്റ് ചെയ്ത് പുതിയ പ്രിന്റുകളാണിപ്പോള്‍. വയോജന ദിനത്തില്‍ അവരോടൊത്തുള്ള ചിത്രങ്ങളും പെണ്‍കുട്ടികളോടൊപ്പമുള്ളവയും സെല്‍ഫികളുടെ ഇമേജ് മാറ്റിമറിച്ചു. വന്നുവന്ന് ബാങ്ക് അക്കൗണ്ട് തുറക്കാനും സെല്‍ഫി മതിയെന്നായി. 2013 ലെ അന്താരാഷ്ട്ര വാക്കായി ഓക്‌സ്ഫഡ് ഡിക്ഷ്ണറി പ്രഖ്യാപിച്ചതോടെ സെല്‍ഫികളുടെ പൊങ്ങച്ചം അല്‍പം കൂടി. ഇപ്പോള്‍ സെല്‍ഫി 'സെല്‍' ഫി കൂടിയാണ്. ഒന്നാന്തരം വില്‍പനച്ചരക്ക്. ഫ്രണ്ട്കാമറ ശേഷിയെന്നത് സ്മാര്‍ട്ട്‌ഫോണ്‍ പരസ്യത്തില്‍ പ്രധാനഘടകമായി. ഫ്രണ്ട് കാമറ ഇല്ലാത്ത ഫോണുകളെ ആളുകള്‍ സ്‌നേഹിക്കാതായി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സെല്‍ഫികള്‍ അത്രയും പ്രിയപ്പെട്ടതാകുന്നത് അത് ഓരോ പ്രഖ്യാപനങ്ങളായതിനാലാണ്. സ്വഛഭാരതിലും ബേട്ടി ബചാവോ ബേട്ടി പഠാവോയിലും അദ്ദേഹത്തിന്റെ സെല്‍ഫികള്‍ ട്വിറ്ററിലും ഫെയ്‌സ്‌ ബുക്കിലും പത്രങ്ങളിലും നന്നായി ഓടി. വിദേശപര്യടനത്തിലായാലും സെല്‍ഫിയുറപ്പ്. ഈ സെല്‍ഫികളെല്ലാം മോദിയെന്ന ബ്രാന്‍ഡിന്റെ പ്രഖ്യാപനമാണ്. ഒബാമയടക്കമുള്ള മറ്റ് ലോക നേതാക്കളും ഒട്ടും പിന്നിലല്ല ഇക്കാര്യത്തില്‍. സെലിബ്രിറ്റികളുടെ സെല്‍ഫികള്‍ ഇപ്പോഴും ചൂടാറാതെ ഷെയര്‍ചെയ്തുകൊണ്ടിരിക്കുന്നു.

selfie 5

ഗ്രീക്ക് മിതോളജിയിലെ നാര്‍സിസസിനെപ്പോലെ സ്വന്തം പ്രതിബിംബത്തോടുള്ള അടങ്ങാത്ത പ്രണയവുമായി ചാഞ്ഞും ചരിഞ്ഞും ക്ലിക്കടിച്ചുകൊണ്ടേയിരിക്കുകയാണ് സെല്‍ഫികള്‍. ഓരോരുത്തരും പറയുന്നു, ഞങ്ങള്‍ അത്രമേല്‍ ഇഷ്ടപ്പെടുകയാല്‍, ആസ്വദിക്കയാല്‍ സെല്‍ഫികള്‍ എടുത്തുകൊണ്ടേയിരിക്കുന്നു.
...
 
സെല്‍ഫി പ്രേമത്തില്‍ കടലാമകള്‍ക്ക് വംശനാശ ഭീഷണി

sea turtlesവിനോദ സഞ്ചാരികളുടെ സെല്‍ഫി പ്രേമത്താല്‍ വംശനാശ ഭീഷണി നേരിടുകയാണ് ഒലിവ് റിഡ്‌ലി ടര്‍ട്ടില്‍ എന്ന കുഞ്ഞനാമ. ഭൂരിഭാഗം സമയവും ആഴക്കടലില്‍ സഞ്ചരിക്കുന്ന ഇവ മുട്ടയിടുന്നതിന് വേണ്ടി മാത്രമാണ് തീരത്തണയാറുള്ളത്. മുട്ടയിടാനായി കൂട്ടത്തോടെ തീരത്തണയുന്ന കടലാമകളുടെ കാഴ്ച വളരെ അപൂര്‍വ്വമായതിനാല്‍ മദ്ധ്യ അമേരിക്കയിലെ കോസ്റ്ററിക്കന്‍ തീരങ്ങളിലേക്ക് സെപ്റ്റംബര്‍ മാസമാകുന്നതോടെ സഞ്ചാരികള്‍ എത്തിത്തുടങ്ങും.

ഇവക്കൊപ്പമുള്ള ഫോട്ടോയെടുക്കലും ഇവയുടെ മുട്ടകളെടുക്കലുമാണ് സഞ്ചാരികളുടെ ലക്ഷ്യം. കടലാമകളെ തൊട്ടും തലോടിയും മക്കളെ ആമയുടെ പുറത്തിരുത്തിയും ഫോട്ടോയെടുക്കാന്‍ മത്സരിക്കുന്ന സഞ്ചാരികളുടെ ശല്യം അസഹനീയമായതോടെ മുട്ടയിടാനായി കടലാമകള്‍ തീരത്തണയാതായി. ആമക്കൊപ്പമുള്ള സെല്‍ഫിയെടുക്കല്‍ ഒരു ആഗോള പാരിസ്ഥിതിക പ്രശ്‌നമായതോടെ സഞ്ചാരികളെ ബോധവല്‍ക്കരിക്കാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് കോസ്റ്ററിക്കയിലെ പരിസ്ഥിതി മന്ത്രാലയം.  more...