ഇടിമുറികള്‍, പീഡനങ്ങള്‍, ജാതി വിവേചനങ്ങള്‍, ആത്മഹത്യ പോയവര്‍ഷം സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ നിന്നുയര്‍ന്നു വന്ന പ്രധാന വാര്‍ത്തകള്‍ ഇങ്ങനെയൊക്കെയായിരുന്നു. ഒപ്പം അക്കാദമിക് നിലവാരത്തിലെ പിന്നോട്ടുപോക്കും കൂണുപോലെ മുളച്ച് പൊങ്ങിയ സ്വാശ്രയകോളേജുകളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തു. പ്രധാനമായും എന്‍ജിനിയറിംഗ് കോളേജുകളുടേത്‌.

ഒരു കാലത്ത് ഉന്നത വിദ്യാഭ്യാസം എന്നത് എന്‍ജിനിയറിംഗ് പഠനമാണെന്ന് മാത്രം കരുതിയിരുന്ന രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇന്ന് തങ്ങളുടെ ചിന്തകളെ ആര്‍ട്‌സ്, മാനവിക വിഷയങ്ങളിലേക്ക് മാറ്റിവിട്ടപ്പോള്‍ മുളച്ച് പൊന്തിയ സ്വാശ്രയ കോളേജുകളുടെ അടി പതറാന്‍ തുടങ്ങിയിരിക്കുകയാണ്. പല സ്ഥാപനങ്ങളും ഏതുനിമിഷവും പൂട്ടാമെന്ന അവസ്ഥയിലും എത്തിനില്‍ക്കുന്നു.

ചിലത് പൂട്ടുകയോ വില്‍ക്കുകയോ ചെയ്തുകഴിഞ്ഞു. അതിലാഭം ലക്ഷ്യം വെച്ച് ചന്നു ചാടിയ അബദ്ധത്തില്‍നിന്നു തടിയൂരാന്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ പുതിയൊരു വഴി നോക്കുകയാണിപ്പോള്‍- സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളെ പോളിടെക്നിക് കോളേജുകളും മാനവിക-ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്ന പൊതു കോളേജുകളുമാക്കി മാറ്റുക. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലാണെങ്കില്‍ പോളിടെക്നിക്കിനെ എന്‍ജിനീയറിങ് കോളേജാക്കാനും കുറവാണെങ്കില്‍ എന്‍ജിനീയറിങ് കോളേജിനെ പോളിടെക്നിക്കാക്കാനും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ.) നല്‍കുന്ന അനുമതി മുന്‍നിര്‍ത്തിയാണ് സ്വാശ്രയ മാനേജ്മെന്റുകള്‍ ഈ നീക്കം നടത്തുന്നത്. 

ആളുകയറാത്ത പഴയ സിനിമാശാലകളെ കല്യാണമണ്ഡപങ്ങളും ആധുനിക സൗകര്യങ്ങളില്ലാത്തതിനാല്‍ ആളുകുറഞ്ഞ കല്യാണമണ്ഡപങ്ങളെ ചരക്കു സംഭരണശാലകളുമാക്കി നഷ്ടം നികത്തിയതുപോലെ വിദ്യാര്‍ഥികളില്ലാത്ത സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളാക്കാനുള്ള ശ്രമത്തിന് സംസ്ഥാന സര്‍ക്കാര്‍ സമ്മതം മൂളാത്തത് ആശ്വാസകരമാണ്.

സ്വാശ്രയമേഖലയില്‍ പുതിയ കോളേജും കോഴ്സും വേണ്ടെന്നതാണ് ഇടതു സര്‍ക്കാരിന്റെ നിലപാട്. നിലവിലുള്ള സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്കു തന്നെ പുതിയ കോഴ്സുകള്‍ അനുവദിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ആ നയം ശരിയാണ്. എന്നാല്‍, എ.ഐ.സി.ടി.ഇ. പോലുള്ള സ്ഥാപനങ്ങളുടെ അനുമതിയുണ്ടെങ്കില്‍ പുതിയ കോളേജും കോഴ്സും തുടങ്ങാന്‍ സര്‍ക്കാരിന്റെ എതിര്‍പ്പില്ലാരേഖ വേണ്ടെന്നാണ് കോടതിയുത്തരവ്.

ആ കോടതിവിധി കൂടി മുന്‍നിര്‍ത്തിയാണ് എന്‍ജിനീയറിങ് കോളേജുകളെ പോളിടെക്നിക്കും ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുമാക്കാന്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ ശ്രമിക്കുന്നത്. പൊതുകോളേജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്കും പോളിടെക്നിക്കുകളിലെ ഡിപ്ലോമ കോഴ്സുകള്‍ക്കും ആവശ്യക്കാര്‍ ധാരാളമുണ്ട്. സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ നാല്പതിനായിരത്തിലധികം ബിരുദസീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയും മാനവിക, ശാസ്ത്രവിഷയങ്ങളിലെ ബിരുദ കോഴ്സുകളില്‍ ഉയര്‍ന്ന മാര്‍ക്കില്ലാത്തവര്‍ക്ക് പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കോളേജ് പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത്. 

ശാസ്ത്രീയമായ പഠനംകൂടാതെ പൊടുന്നനെ ഒട്ടേറെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളും പോളിടെക്നിക്കുകളും സൃഷ്ടിക്കുന്നത് ഇപ്പോള്‍ത്തന്നെ നിലവാരത്തകര്‍ച്ചയെപ്പറ്റി ആക്ഷേപം കേള്‍ക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മണ്ഡലത്തിനു ഗുണകരമാവില്ല. ഓരോ വര്‍ഷവും പത്താംതരവും പ്ലസ്ടുവും ജയിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണ്. ജനസംഖ്യാ വളര്‍ച്ചയുടെ സ്വഭാവംകൂടി നോക്കാതെ പൊതുകോളേജുകളും സീറ്റും അനുവദിച്ചാല്‍ അവയും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ വന്നുചേരും.

നിലവില്‍ പ്രതിസന്ധി നേരിടുന്ന സ്വാശ്രയ കോളേജുകളെ അങ്ങനെ പരിവര്‍ത്തിപ്പിച്ചാല്‍ത്തന്നെ അക്കാദമിക് നിലവാരത്തെക്കുറിച്ചുള്ള മാനദണ്ഡങ്ങള്‍ പുലര്‍ത്താന്‍ കഴിയുമെന്നും ഉറപ്പില്ല. സര്‍ക്കാര്‍ കോളേജുകളില്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ ഒരു കോളേജ് അനുവദിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച്  ഒട്ടേറെ നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ സര്‍ക്കാര്‍ കോളേജുകളുമുണ്ടായി. സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ചിലയിടത്ത് പുരോഗമിച്ചുവരുന്നു. ഈ സാഹചര്യത്തില്‍ കണക്കും കൈയുമില്ലാതെ പുതിയ പൊതുകോളേജുകളും സാങ്കേതിക വിദ്യാപഠനകേന്ദ്രങ്ങളും ഉണ്ടാകുന്നത് ഉന്നത വിദ്യാഭ്യാസ നിലവാരത്തെ കുഴപ്പത്തിലാക്കും.


അധ്യാപനത്തിന്റെയും അധ്യയനത്തിന്റെയും ഉയര്‍ന്ന നിലവാരവും അധ്യാപകരുടെ യഥാര്‍ഥ യോഗ്യതകളും പഠന ഗവേഷണ സൗകര്യങ്ങളുമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ മികവിനും വളര്‍ച്ചയ്ക്കും അടിസ്ഥാനം. അന്താരാഷ്ട്ര നിലവാരത്തിലെന്നല്ല, ദേശീയ നിലവാരത്തില്‍ത്തന്നെ അവ സമ്പൂര്‍ണമായി ഉറപ്പാക്കാന്‍ ഇതുവരെയും നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന്  ലോകബോധമുള്ള കേരളീയര്‍ക്കെല്ലാമറിയാം. അനുനിമിഷം താഴോട്ടു പോകുന്ന അധ്യാപന-അധ്യയന നിലവാരത്തെയും വൈജ്ഞാനികശേഷിയെയും ഗവേഷണ നിലവാരത്തെയും കുറിച്ചുള്ള പരാതികളും വിമര്‍ശനങ്ങളും എത്രയോകാലമായി കേരളീയ പൊതു മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമാണ്.

യോഗ്യരെ തഴഞ്ഞ് പണംവാങ്ങി അയോഗ്യരെ നിയമിക്കലും പാഠ്യപദ്ധതിയിലെ നവീകരണമില്ലായ്മയും അടിസ്ഥാന സൗകര്യ വികസനശൂന്യതയും പഠിപ്പിക്കല്‍, പരീക്ഷ, മാര്‍ക്കിടല്‍, ഫലപ്രഖ്യാപനം തുടങ്ങിയവയിലെ വെള്ളം ചേര്‍ക്കല്‍ എന്നിവയെല്ലാം ചേര്‍ന്ന് കുഴപ്പത്തിലാക്കിയിരിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂട്ടക്കുഴപ്പമുണ്ടാകുന്നത് ആശാസ്യമല്ല. അതുകൊണ്ടുതന്നെ, ആവശ്യത്തെയും ഭാവി സാധ്യതകളെയും കണക്കിലെടുത്തുകൊണ്ടുള്ള പഠനത്തിനും അഭിപ്രായസമന്വയത്തിനുംശേഷം മാത്രമേ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളുടെ രൂപധര്‍മ പരിവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുനിയാവൂ. പൂട്ടിപ്പോകുന്ന സ്വാശ്രയ സ്ഥാപനങ്ങളെ രക്ഷിക്കാനുള്ള ശ്രമം ഉന്നത വിദ്യാഭ്യാസമണ്ഡലത്തിന്റെ തകര്‍ച്ചയ്ക്കുള്ള വഴിയാവരുത്. കൈ നനയാതെ മീന്‍ പിടിക്കാന്‍  ശ്രമിക്കുന്നവരെ സഹായിക്കാന്‍ താന്‍ ചത്തു മീന്‍പിടിക്കുന്നത് നല്ലതല്ല.