അലമാര നിറയെ തുണികളാണ്. പക്ഷേ എവിടെ പോകാനാണ്. എങ്കിലല്ലേ ഇതിന്റെയൊക്കെ ആവശ്യം വരുന്നുള്ളൂ...ഇങ്ങനെ പിറുപിറുത്തായിരിക്കും കോവിഡ് ലോക്ക്ഡൗണിൽ മിക്ക സ്ത്രീകളും വീട്ടിനുള്ളിലിരിക്കുന്നത്. ഈ സ്ത്രീകളെ പോലെ തന്നെയാകും വീട്ടിനുള്ളിലെ അലമാരയില്‍ നിന്ന് മാസങ്ങളായി പുറം ലോകം കാണാത്ത വസ്ത്രങ്ങളും. കോവിഡ് കാലത്തെ സ്ത്രീകളുടെ മാനസികനിലകളെക്കുറിച്ച് സംസാരിക്കുകയാണ് കൊച്ചിയിലെ ഫാഷന്‍ സംരംഭകയായ ശര്‍മിള നായര്‍ തന്റെ 'ദി അല്‍മിറ' എന്ന ആര്‍ട്ട് ഇന്‍സ്റ്റലേഷനിലൂടെ.
കുട്ടിക്കാലം മുതല്‍ തറവാട്ടില്‍ പോകുമ്പോള്‍ കണ്ടിരുന്ന ഒരു അലമാരയുണ്ടായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തശ്ശിയുടെ ആ അലമാര ഞാന്‍ ചോദിച്ചു വാങ്ങിയിരുന്നു. മേശ അലമാര എന്നാണ് പറയാറുള്ളത്. സാരികളെല്ലാം ഞാന്‍ ആ അലമാരയിലാണ് സൂക്ഷിക്കാറുള്ളത്. ഹാന്റ്‌ലൂം സാരികള്‍ അതില്‍ സൂക്ഷിക്കുന്നത് കാണാന്‍ തന്നെ ഭംഗിയാണ്. ആ അലമാരയാണ് ഇത്തരമൊരു ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എന്നതിലേക്ക് തന്നെ എത്തിച്ചതെന്നാണ് ശര്‍മിള പറയുന്നത്.
കോവിഡിന് പിന്നാലെ എല്ലാ സ്ത്രീകളും വീട്ടില്‍തന്നെയായി. വാട്‌സ് ആപ്പും ഫെയിസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒക്കെയായിരുന്നു നേരം പോക്ക്. ആ സമയത്ത് എന്റെ കുറച്ച് കൂട്ടുകാരമായി ബന്ധപ്പെട്ടപ്പോഴാണ് ഇത്തരമൊരു ആശയം മനസില്‍ ഉണ്ടായത്. ഐടി പ്രൊഫഷണല്‍സ് ആയ ഭാര്യയും ഭര്‍ത്താവും വര്‍ക്ക്ഫ്രം ഹോം ആയതിന് പിന്നാലെയാണ് ഏറെ കാലത്തിന് ശേഷം ഒരുമിച്ച് ഇരിക്കാന്‍ സമയം കിട്ടിയതെന്നാണ് പറഞ്ഞത്. അതുപോലെ തന്നെ എനിക്ക് ഈ അലമാര സമ്മാനമായി തന്ന അമ്മമ്മക്ക് അമ്പലത്തില്‍ പോകാന്‍ കഴിയാത്തതായിരുന്നു ഏറ്റവും വിഷമം. ഇങ്ങനെയുള്ള ചെറിയ വിഷയങ്ങള്‍ പോലും പല സ്ത്രീകളേയും ബാധിക്കുന്നതായി മനസിലാക്കി. ഇത് കൂടാതെ ഗാര്‍ഹിക പീഡനങ്ങളടക്കമുള്ള പല സംഭവങ്ങളും വാര്‍ത്തകളിലൂടെ കണ്ടു. അങ്ങനെ ഇരിക്കുമ്പോഴാണ് ഈ അലമാര കാണുന്നതും അതിനുള്ളിലിരിക്കുന്ന എന്റെ സാരികളെക്കുറിച്ച് ആലോചിക്കുന്നതും.

അപ്പോഴാണ് ഈ സാരികളേയും ഇതുപോലെ അകപ്പെട്ടുപോകുന്ന സ്ത്രീകളേയും കുറിച്ച് ആലോചിച്ചത്. അങ്ങനെയാണ് ഇത്തരത്തിലുള്ള ഒരു ആര്‍ട്ട് വര്‍ക്കിനെക്കുറിച്ച് ചിന്തിച്ചത്. സ്ത്രീകളുടെ എട്ട് മാനസികാവസ്ഥകള്‍ എന്തുകൊണ്ട് ഇത്തരത്തില്‍ ചിന്തിച്ചുകൂട എന്നുള്ള ആശയത്തില്‍ നിന്നാണ് ഇന്‍സ്റ്റലേഷന്‍ ഷൂട്ട് എന്നൊരു കോണ്‍സപ്റ്റിലേക്ക് എത്തിയത്- ശര്‍മിള പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ റെഡ് ലോട്ടസ് എന്ന ഓണ്‍ലൈന്‍ ഫാഷന്‍ ബൂട്ടീക്കിന്റെ ഇന്‍സ്റ്റഗ്രാം, ഫെയിസ്ബുക്ക് പേജുകളിലൂടെയാണ് ദി അല്‍മിറ റിലീസ് ചെയ്തിരിക്കുന്നത്.
കോപം, സന്തോഷം, വിഷാദം തുടങ്ങി എട്ട് മനോനിലകളാണ് ഫോട്ടോഗ്രഫി, ഫാഷന്‍, വീഡിയോഗ്രഫി, സോളോ പെര്‍ഫോര്‍മന്‍സ്, കവിത, സ്ട്രക്ച്ചറല്‍ ഡിസൈന്‍ എന്നീ കലകള്‍ ചേരുന്ന 'ദി അല്‍മിറ' എന്ന ഫാഷന്‍ ആര്‍ട്ട് ഇന്‍സ്റ്റലേഷനിലൂടെ അവതരിപ്പിക്കുന്നത്.
ദി അല്‍മിറയില്‍ സോളോ പെര്‍ഫോമന്‍സ് ചെയ്തിരിക്കുന്നത് നര്‍ത്തകിയായ രമ്യ സുവിയാണ്. രതീഷ് രവീന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
content Highlights: Sarmila Nairs Almirah says the mental health of Women during Covid 19 lock down