തൃശ്ശൂര്‍: 'വൃക്കരോഗം-അതൊരു തടവറയാണ്, മോചനമില്ലാത്ത തടവറ. എന്നുകരുതി സങ്കടപ്പെട്ട് ജീവിക്കാനൊന്നും വയ്യ.'-പ്രതീഷിന്റെ വാക്കുകളിലുണ്ട് പോസിറ്റീവ് എനര്‍ജി. ഇരുപത്തിയൊന്ന് വയസ്സ് മുതല്‍ ഈ മുപ്പത്തിയെട്ടുവയസ്സുവരെ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പറയുമ്പോഴും അല്‍പ്പം പോലും നിരാശയില്ല. ജീവന്‍ നിലനിര്‍ത്താന്‍ ആദ്യം അച്ഛനും പിന്നീട് അമ്മയും വൃക്ക നല്‍കി. ഇത് രണ്ടും പണിമുടക്കി. ഇതിനിടയില്‍ ബോറടി മാറ്റാന്‍ കൂടെ കൂട്ടിയതാണ് പുസ്തകങ്ങളെ. ആ പുസ്തകങ്ങള്‍ അടുക്കിവെക്കാനുള്ള സ്റ്റാന്‍ഡ് അന്വേഷിച്ചപ്പോള്‍ വിലയില്‍ കൈപൊള്ളി.
സ്വര്‍ണപ്പണിക്കാരനായിരുന്ന പ്രതീഷ് അങ്ങനെ ഉളി കൈയിലെടുത്തു. ആദ്യത്തേത് സ്വന്തം ആവശ്യത്തിന് നിര്‍മിച്ചതാണെങ്കിലും പിന്നീടുള്ളതെല്ലാം ഉപജീവനത്തിനായിരുന്നു.
എം.ഡി.എഫ്. ബോര്‍ഡ് ഉപയോഗിച്ചാണ് സ്റ്റാന്‍ഡുകള്‍ നിര്‍മിക്കുന്നത്. സ്‌ക്രൂചെയ്ത് മുറുക്കാനും മറ്റും മറ്റുള്ളവരുടെ സഹായം തേടും. ദിവസം നാല് സ്റ്റാന്‍ഡ് വരെ തയ്യാറാക്കും. 1800 രൂപയാണ് വില. ഡയാലിസിസ് ചെയ്യുന്നതിന്റെ ക്ഷീണമുള്ള ദിവസങ്ങളില്‍ മാത്രമാണ് വിശ്രമം.
അഞ്ചേരി നീറോലി വീട്ടില്‍ പ്രതീഷിന്റെ ജീവിതത്തില്‍ വൃക്കരോഗം വില്ലനായെത്തിയത് 21-ാം വയസ്സിലാണ്. 2006-ല്‍ അച്ഛന്‍ പരമേശ്വരന്‍ വൃക്ക നല്‍കി.
നാലുകൊല്ലം പ്രശ്നങ്ങളൊന്നുമുണ്ടായില്ല. 2010-ല്‍ അച്ഛന്‍ നല്‍കിയ വൃക്ക പണിമുടക്കി. അതോടെ ഡയാലിസിസ് ആഴ്ചയില്‍ രണ്ടുതവണയാക്കി. 2013-ല്‍ അമ്മ ശോഭന നല്‍കിയ വൃക്കയിലൂടെ രണ്ടാംവട്ടവും ജീവിതത്തിലേയ്ക്ക്. ആറുവര്‍ഷം ബുദ്ധിമുട്ടുകളില്ലാതെ കഴിഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കാലുവേദന തുടങ്ങി. കഴിച്ച സ്റ്റിറോയ്ഡുകളുടെ അനന്തരഫലം മൂലം കാഴ്ചശക്തി കുറഞ്ഞുവരികയാണ്. ക്രിയാറ്റിന്‍ കൂടി. ഇനിയും വൃക്ക മാറ്റിവയ്‌ക്കേണ്ട സ്ഥിതിയാണ്.
സുഹൃത്തായ ആന്റോ കാട്ടൂക്കാരനാണ് ബോറടി മാറ്റാന്‍ പുസ്തകങ്ങള്‍ വായിക്കാന്‍ പറയുന്നത്. സത്യത്തില്‍ അപ്പോഴാണ് വായനയെക്കുറിച്ച് ആലോചിക്കുന്നതു തന്നെ. ആളുതന്നെ ആഴ്ചയില്‍ അഞ്ചു പുസ്തകങ്ങള്‍ കൊണ്ടുവരും. വായിക്കാനേറെയിഷ്ടം നോവലുകള്‍.
സഹോദരന്‍ പ്രദീപ്, സുഹൃത്തുക്കളായ ആന്റോ കാട്ടൂക്കാരന്‍, ബിനു, കാര്‍ത്തികേയന്‍ തുടങ്ങി പ്രതീഷിന്റെ ജീവിതത്തില്‍ കൈത്താങ്ങായ നിരവധി പേരുണ്ട്. 'സങ്കടപ്പെട്ടിരിക്കില്ല, സഹതാപവും വേണ്ട. രോഗം അതൊരു അവസ്ഥയാണ്. അത് ആര്‍ക്കും എപ്പൊ വേണമെങ്കിലും വരാം. ആത്മവിശ്വാസത്തോടെ നേരിടുക, അതാണ് പ്രധാനം'- പ്രതീഷ് പറയുന്നു.
Content Highlights: Pratheesh Book stand making