ടലാസിലും തുണിയിലും നവീന്‍ വരച്ചിട്ട ചിത്രങ്ങള്‍ കാണുമ്പോള്‍ ആരും ഒരുനിമിഷം ശ്രദ്ധിക്കും. അത്ര മനോഹരമാണത്. ഔപചാരിക ചിത്രരചനാ പഠനം നടത്താതെയാണ് ഈ 12-കാരന്‍ വര്‍ണങ്ങള്‍ ചാലിച്ചെഴുതുന്നത്. നിറക്കൂട്ടുകളില്‍ പ്രകൃതിയിലെ സുന്ദരലോകം സൃഷ്ടിക്കുമ്പോഴും ഈ കൊച്ചുചിത്രകാരന് ശാരീരിക പരിമിതികള്‍ ഏറെയുണ്ട്. ഇപ്പോള്‍ വീല്‍ച്ചെയറിലാണ് നവീന്റെ ജീവിതം.

ചെറുപ്രായത്തില്‍ വീട്ടുമുറ്റത്ത് പാറിപ്പറന്നിരുന്നു ഈ മിടുക്കന്‍. കല്‍പത്തൂര്‍ എ.യു.പി. സ്‌കൂളില്‍ നഴ്സറിയില്‍ചേര്‍ന്ന് പഠനവും തുടങ്ങി. ഒന്നാംതരത്തില്‍ എത്തിയപ്പോഴാണ് കാലിന് ബലക്കുറവ് അനുഭവപ്പെടുന്നത്. പണ്ടത്തെപ്പോലെ ശരിയായി നടക്കാനാകുന്നില്ല. ഇടയ്ക്ക് വീഴാന്‍പോകും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ കാണിച്ചപ്പോള്‍ പ്രശ്‌നം ഗുരുതരമാണെന്ന് മനസ്സിലായി. മസിലിന് ശക്തികുറയുകയാണ്.

എന്നിട്ടും എല്ലാം സഹിച്ച് നാലുവരെ സ്‌കൂളില്‍ പോയിരുന്നു നവീന്‍. കൂടുതല്‍ വയ്യാതായപ്പോള്‍ അമ്മ എടുത്ത് എത്തിക്കും. ഓട്ടോ വിളിച്ച് സ്ഥിരമായി സ്‌കൂളില്‍ പോകാന്‍ സാമ്പത്തികബാധ്യത താങ്ങാനാകാതെവന്നപ്പോള്‍ അതും നിന്നു. അസുഖം ഭേദമാക്കാനായി വെല്ലൂരിലെയും മണിപ്പാലിലെയും ആശുപത്രികളിലും ഡോക്ടറെ കാണിച്ചിരുന്നു. പക്ഷേ, കാര്യമായ ചികിത്സയില്ലെന്ന മറുപടിലഭിച്ചതോടെ തിരിച്ചുപോരേണ്ടിവന്നു. ഇനി ആയുര്‍വേദ ചികിത്സ ചെയ്യണമെന്നുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങളില്‍ അതെല്ലാം വൈകുകയാണ്. രാമല്ലൂര്‍ ചെറായി സന്തോഷിന്റെയും സുമിത്രയുടെയും രണ്ടുമക്കളില്‍ മൂത്തയാളാണ് നവീന്‍. വെല്‍ഡിങ് ജോലിയാണ് സന്തോഷിന്.

പഴയ വീട് പൊളിച്ചതിനാല്‍ ഇപ്പോള്‍ രാമല്ലൂര്‍ ജി.എല്‍.പി. സ്‌കൂളിന് സമീപം വാടകവീട്ടിലാണ് ഇവര്‍. ലൈഫ് പദ്ധതിയില്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോള്‍ പുതിയത് നിര്‍മിക്കാന്‍ ആശിച്ചിരുന്നതാണ്. പക്ഷേ, സാങ്കേതിക തടസ്സങ്ങളില്‍പ്പെട്ട് അതും മുടങ്ങി. സന്തോഷിന്റെയും സഹോദരന്റെയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു റേഷന്‍ കാര്‍ഡ്. സഹോദരന് വീടുള്ളതിനാല്‍ കാര്‍ഡ് രണ്ടാക്കിമാറ്റിയാലേ ആനുകൂല്യം നല്‍കാനാകൂവെന്നാണ് അധികൃതര്‍ പറഞ്ഞത്.

സ്വന്തം സ്ഥലത്തേക്ക് വാഹനം പോകാന്‍ വഴിയില്ലാത്തതും നവീന് പ്രശ്‌നമാണ്. കുത്തനെയുള്ള വഴിയിലൂടെവേണം സ്ഥലത്തെത്താന്‍. വഴി കോണ്‍ക്രീറ്റ് ചെയ്തുകിട്ടിയാല്‍ യാത്രചെയ്യാന്‍ ഏറെ സഹായകമാകും. പല വാതിലുകള്‍ മുട്ടിയെങ്കിലും അധികൃതരാരും കനിഞ്ഞിട്ടില്ല. നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാര്‍ഡിലാണ് ഇവരുടെ വീട്. ഇതിനെല്ലാമിടയിലും നവീന്‍ ചിത്രങ്ങള്‍ വരച്ചുകൂട്ടുകയാണ്. ഒരാഗ്രഹം മനസ്സിലുണ്ട്. ഒരു ചിത്രം എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിക്കണം.

Content Highlights: Physically Challenged Naveen's Drawing