നിലമ്പൂര്‍: നിലമ്പൂര്‍ കോളേജിലെ സ്‌പെഷ്യല്‍ ഓഫീസറുടെ ഓഫീസ് മാനവേദന്‍ സ്‌കൂളില്‍ തുടരുമെന്ന് ചെയര്‍പേഴ്‌സണ്‍ പദ്മിനി ഗോപിനാഥ് പറഞ്ഞു. കോളേജ് തുടങ്ങുന്നതിനാവശ്യമായി നഗരസഭയ്ക്ക് ചെയ്യാന്‍കഴിയുന്ന മുഴുവന്‍ കാര്യങ്ങളും നഗരസഭ ചെയ്യുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മാനവേദന്‍ ഹൈസ്‌കൂളില്‍നിന്ന് കോളേജ് മാറ്റുമെന്ന പ്രചാരണം തെറ്റാണ്. പുതിയ കോളേജിന്റെ സ്‌പെഷ്യല്‍ ഓഫീസ് പ്ലസ്വണ്‍ കുട്ടികള്‍ പഠിച്ചിരുന്ന ക്ലാസിലാണ് താത്കാലികമായി തുടങ്ങിയിരുന്നത്. അവിടെ പുതിയ കുട്ടികള്‍ പഠനത്തിനുവന്നതോടെ ക്ലാസ്മുറി ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ജില്ലാ പ്ലാനിങ് ഓഫീസറുടെ അനുമതിവേണം. അനുമതി കിട്ടുന്നതുവരെ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് താത്കാലികകെട്ടിടം നഗരസഭ നിര്‍മിച്ചുനല്‍കും. ഇതിനുള്ള സ്ഥലപരിശോധനയും തിങ്കളാഴ്ച നടത്തി.
കോളേജ് ഓഫീസ് മാറ്റുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭാ അധികൃതര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. നഗരസഭാ ചെയപേഴ്‌സണ്‍ പദ്മിനി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, സ്ഥിരംസമിതി ചെയര്‍മാന്‍ എ. ഗോപിനാഥ്, നഗരസഭാംഗം മുസ്തഫ കളത്തുംപടിക്കല്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ സതീഷ്, സ്‌പെഷ്യല്‍ ഓഫീസര്‍ സെമീറ, പ്രഥമാധ്യാപകന്‍ എന്‍. കൃഷ്ണദാസ്, പ്രിന്‍സിപ്പല്‍ എന്‍.വി. റുഖിയ, പി.ടി.എ. പ്രസിഡന്റ് രജീന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.