ഒരു ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൂരിലെത്തിയതായിരുന്നു സംവിധായകൻ വിനയൻ. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ തന്റെ വീട്ടിൽവെച്ച് 'മലാല അക്ഷരങ്ങളുടെ മാലാഖ' എന്ന ഏകപാത്രനാടകത്തിന്റെ കഥ വിനയനോട് നേരത്തെ പറഞ്ഞിരുന്നു. ഈ നാടകം അഭിനയിച്ച്‌ അരങ്ങ് നിറഞ്ഞ നിഹാരിക എസ്. മോഹനെയും അന്ന് ആദരിക്കാനുണ്ടായിരുന്നു. അവിടെ വെച്ച് സിനിമയിൽ ഒരുകൈ നോക്കുന്നോ എന്ന് വിനയൻ നിഹാരികയോട് ചോദിച്ചു. 'ഞാൻ ഇങ്ങ് കണ്ണൂര​േല്ല' എന്ന് വിനയപൂർവം മറുപടി പറഞ്ഞ് പിരിഞ്ഞ നിഹാരികയെ പിന്നീട് തേടിയെത്തിയത് വിനയന്റെ ടെലിഫോൺ വിളിയായിരുന്നു. വിനയന് നിഹാരികയുടെ ഉത്തരം നന്നേ ഇഷ്ടപ്പെട്ടു.   പുതിയ ചിത്രത്തിലെ നായികയാവാനായിരുന്നു ആ വിളി.

വിനയന്റെ 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന ചിത്രത്തിലെ ഒരു നായികയായി അഭിനയിക്കുന്നതിന്റെ ത്രില്ലിനിടെയാണ് സംസ്ഥാനവനിത-ശിശു ക്ഷേമ വകുപ്പിന്റെഉജ്ജ്വലബാല്യം പുരസ്കാരം നിഹാരികയെ തേടിയെത്തുന്നത്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രം. മൃണാളിനി എന്ന കഥാപാത്രത്തെയാണ് ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിഹാരിക അവതരിപ്പിക്കുന്നത്. ഹണിറോസാണ് മറ്റൊരു നായിക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിക്കഴിഞ്ഞു. ഇരിങ്ങാലക്കുടയും ചാലക്കുടിയുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. പുതുമുഖമായ രാജാമണി കലാഭവൻ മണിയെ അവതരിപ്പിക്കുന്നു.

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ നിഹാരിക 'മലാല അക്ഷരങ്ങളുടെ മാലാഖ' എന്ന ഏകപാത്ര നാടകത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. കേരളത്തിലും പുറത്തുമായി അമ്പതിലധികം വേദികളിൽ ഈ ഒരുമണിക്കൂർനാടകം അരങ്ങേറി.
നാടകനടനും മാഹി നാടകപ്പുരയുടെ സജീവ പ്രവർത്തകനും സഹകരണ ബാങ്ക് ജീവനക്കാരനുമായ ടി.ടി.കെ.മോഹനന്റെയും ഷൈനിയുടെയും മകളായ നിഹാരിക സ്കൂൾ കലോത്സവവേദികളിൽ നിറസാന്നിധ്യമാണ്.

 ബാല്യം തൊട്ട് അഛനോടൊപ്പം നാടകവേദികളിലും സദസ്സിലുമുണ്ട് മകൾ. നൃത്തം, ഓട്ടൻതുള്ളൽ, കൂടിയാട്ടം, കഥകളി, നങ്ങ്യാർ കൂത്ത് എന്നിവയിലെല്ലാം നിരവധി സമ്മാനങ്ങൾ നേടി. ഈവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽനങ്ങ്യാർ കൂത്തിൽ എ ഗ്രേഡും ലഭിച്ചു. കലോത്സവവേദിയിൽനിന്നു സിനിമയിലേക്കെത്തിയവരുടെ നിരയിൽ ഇനി നിഹാരികയുമുണ്ട്. കേരളോത്സവ വേദികളിലും താരമായ നിഹാരിക നേരത്തേ രാഷ്ട്രപതിയുടെ ബാലശ്രീ പുരസ്കാരവും നേടിയിരുന്നു.

ഷൂട്ടിങ്ങും കലോത്സവങ്ങളും നാടകവും കലാപരിപാടികളുമായി നിഹാരികയുടെ ദിവസങ്ങൾ തിരക്കുപിടിച്ചുവരുന്നു. പ്ലസ് ടു ക്ലാസുകൾ ഇടയ്ക്ക് നഷ്ടപ്പെടാറുണ്ടെങ്കിലും സ്പെഷ്യൽ ക്ലാസുകളെടുത്ത് അധ്യാപകരും മറ്റ് സഹായങ്ങൾ നൽകി സ്കൂളിലെ ജീവനക്കാരും സഹപാഠികളും ഒപ്പമുണ്ട്.