മുളങ്കുന്നത്തുകാവ്: നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍മാര്‍, റേഡിയോഗ്രാഫര്‍ തുടങ്ങിയ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ രോഗികളുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു.
സ്റ്റാഫ് നേഴ്‌സ് 90, നഴ്‌സിങ് സൂപ്രണ്ട് 5, ലാബ് ടെക്‌നീഷ്യന്‍ 20, ജൂനിയര്‍ ലാബ് അസിസ്റ്റന്റ് 12, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ 5, റേഡിയോഗ്രാഫര്‍ 5 എന്നിങ്ങനെയാണ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
നഴ്‌സുമാരുടെ കുറവ് മൂലം ന്യൂറോ സര്‍ജറി ഐ.സി.യുവിന്റെ പകുതി ഭാഗം പൂട്ടിയിട്ട് ഒന്നര മാസം പിന്നിട്ടു . കൂടാതെ മറ്റ് ഐ.സി.യു.കളിലും വാര്‍ഡുകളിലുമൊക്കെ നഴ്‌സുമാരില്ലാത്തതിനാല്‍ രോഗികള്‍ക്ക് കൃത്യമായ പരിചരണം ലഭിക്കുന്നില്ല.
ലാബ് ടെക്‌നീഷ്യന്‍മാരുടേയും ജൂനിയര്‍ ലാബ് അസിസ്റ്റന്റുമാരുടേയും കുറവ് മൂലം ലാബില്‍ നിന്ന് രോഗികള്‍ക്ക് ക്യത്യമായി ഫലം ലഭിക്കുന്നില്ല. ഇത് രോഗികളുടെ തുടര്‍ ചികിത്സയെ സാരമായി ബാധിക്കുന്നു.
റേഡിയോഗ്രാഫര്‍മാരുടെയും ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍മാരുടേയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.