ങ്ങുദൂരെ ജർമനിയിൽ: സംഗീതവിരുന്നിന് ഒരുങ്ങിയിരിക്കയാണ് ലാംഗർ വെഹേയിലെ ഓഡിറ്റോറിയം. 2016 ഒക്ടോബർ 16-നാണ് നിശ്ചിതതീയതി.  ആഹൻ സിംഫണി ഓർക്കസ്ട്രയെന്ന് പേര് . മൊത്തം 40 കലാകാരൻമാർ. നയിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു പതിന്നാലുകാരൻ വിദേശി. അദ്ദേഹം ആറുദിവസംമുമ്പ്  എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, വിസപ്രശ്നം, ഹർത്താൽ, അവധി ദിനം ഒക്കെക്കൊണ്ട് യാത്ര മുടങ്ങിയെന്ന് വിവരംകിട്ടുന്നു. ടിക്കറ്റുെവച്ച് സംഘടിപ്പിക്കുന്ന മേളയ്ക്ക് ആയിരത്തോളം ആസ്വാദകരെത്തും. സംഘാടകർക്ക്  ടെൻഷൻ ഉച്ചസ്ഥായിയിലായി. റിഹേഴ്‌സൽപോലും മുടങ്ങുമെന്ന സ്ഥിതി. ഒടുവിൽ ഫോൺ എത്തി. എല്ലാം ശരിയായി. 14-ന് പുലർച്ചെ നായകൻ തിരിക്കും. ശ്വാസം നേരെവീണത് ജർമനിയിൽ. അന്നുച്ചയ്ക്ക് വിമാനത്താവളത്തിൽ സംഘാടകർ കാറുമായി കാത്തുനിന്നു. നേരെ അയാൾ പാഞ്ഞത് റിഹേഴ്‌സൽ ക്യാമ്പിലേക്ക്.  40 പേരെയും പിയാനോയിൽ നയിച്ച സംഗീതച്ചരടിൽ കോർത്തെടുത്തു. 16-ന് പരിപാടി ബലേഭേഷായി. ഓഡിറ്റോറിയത്തിൽ കൈയടിയുടെ ആരവം.  

ആ ‘വിദേശി’ ഭാരതത്തിൽനിന്നായിരുന്നു; കേരളത്തിൽനിന്ന്, തൃശ്ശൂർനിന്ന്- ചെമ്പൂക്കാവിലെ ഏറത്ത് വീട്ടിലെ മിലൻ മനോജ് ഏറത്ത്.
ഇങ്ങ് മുംബൈയിൽ: 2017 നവംബർ 10. മുംബൈയിൽ മെഹ് ലി മേത്ത ഫൗണ്ടേഷൻ നടത്തിയ   സംഗീതവേദി. മിലന്റെ പിയാനോ കേൾക്കാൻ ബെൽജിയം രാജ്ഞി മെതിൽഡേ അടക്കമുള്ള പ്രൗഢസദസ്സ്. പൊടിമീശക്കാരൻ തീർത്ത നാദവിസ്മയംകേട്ട് രാജ്ഞി തന്റെ ഉദ്യോഗസ്ഥവൃന്ദത്തിന് ഒരു നിർദേശം:  'ബെൽജിയത്തിലെ ബ്രസൽസിൽ അടുത്ത കൊല്ലത്തെ ‘മ്യൂസിക്കാ മുണ്ടി’ സംഗീതമേളയിൽ മിലൻ ഉണ്ടാവണം.’  അന്നത്തെ ‘അടുത്ത കൊല്ലം’ ദാ, ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. ബ്രസൽസിൽ പിയാനോ വായിച്ച് പ്രശംസയും വാങ്ങി മിലൻ ചെമ്പൂക്കാവിലെത്തി. 

ഇവിടെ തൃശ്ശൂരിൽ: തൃശ്ശൂരിലെ ദേവമാതാ സി.എം. ഐ. പബ്ലിക് സ്കൂളിലെ പ്ലസ്ടുക്ലാസിൽ ഈ  സംഗീതജ്ഞനെ കാണാം, പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ വൺ നേടിയ മിടുക്കൻ വിദ്യാർഥിയായി. വിദേശരാജ്യങ്ങളിൽ ഇടയ്ക്കിടെ പിയാനോ പഠിക്കാനും അതിന്റെ അവതരണത്തിനും പോകാറുള്ള ഒരു കുട്ടി എന്നുമാത്രമേ സ്കൂളിൽപോലും പലർക്കും അറിയൂ. മിലനെപ്പറ്റി നന്നായി അറിയാവുന്നത് പ്രിൻസിപ്പൽ ഫാ. ഷാജു എടമനയ്ക്കും ഏതാനും അധ്യാപകർക്കുംമാത്രം. കേരളത്തിൽനിന്ന് പാശ്ചാത്യ സംഗീതലോകത്ത് ഇങ്ങനെയൊരു നക്ഷത്രം തിളങ്ങുന്നുണ്ടെന്ന് തൃശ്ശൂരിൽപ്പോലും അധികമാർക്കും അറിയില്ല. വിദേശസദസ്സുകളിൽ കൈയടി ഏറ്റുവാങ്ങിയ ഒരു കോമ്പോസിഷൻ, 2016-ൽ സി.ബി.എസ്.ഇ. ജില്ലാ കലോത്സവത്തിൽ മിലൻ വായിച്ചിരുന്നു. എന്നാൽ, സ്കോർഷീറ്റിൽ വിധികർത്താക്കൾ എഴുതി-നോട്ട് ക്വാളിഫൈഡ്. മിലൻ വായിച്ചത്‌ വിധികർത്താക്കൾക്ക്‌ മനസ്സിലായില്ല! 

ഇളംപ്രായത്തിലെ സംഗീതബിരുദങ്ങൾ

ലണ്ടനിലെ ട്രിനിറ്റി കോളേജിൽനിന്ന് സംഗീതത്തിലെ ബിരുദങ്ങൾ നേടുകയെന്നത് അത്ര സംഭവമല്ല. എന്നാൽ, ഏഴാംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി അതൊക്കെ നേടിയാൽ അത് സംഭവംതന്നെയാണ്.  ട്രിനിറ്റിയെ മിലൻ കൈപ്പിടിയിലാക്കിയതിനെ, ഒരു പിയാനോ സംഗീതവിരുന്ന് കേൾക്കുമ്പോഴുണ്ടാകുന്ന മാധുര്യത്തോടുപമിക്കാം. ആദ്യ എട്ടുഗ്രേഡുകൾ ഒന്നരക്കൊല്ലംകൊണ്ട് നേടിയശേഷം അസോസിയേറ്റ് ഓഫ് ട്രിനിറ്റി കോളേജ് ലണ്ടൻ (എ.ടി.സി.എൽ.) എട്ടാംക്ലാസിൽ  പഠിക്കുമ്പോൾ മിലൻ സ്വന്തമാക്കി. ഇതൊരു ഡിപ്ലോമയാണ്. പിയാനോയിലേക്ക് മിലന്റെ മാന്ത്രികവിരലുകളുടെ വേഗം കൂട്ടാനാണ് ഇതുപകരിച്ചത്. പിറ്റേക്കൊല്ലം ലൈസൻഷിയേറ്റ് ഓഫ് ട്രിനിറ്റി കോളേജ്  ലണ്ടൻ (എൽ.ടി.സി.എൽ.). ഇത് ബിരുദത്തിനുതുല്യം. ആവേശത്തോടെ  പിന്നെയും മുന്നോട്ട്. തൊട്ടടുത്ത കൊല്ലം ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ ബിരുദാനന്തര ബിരുദമായ ഫെലോഷിപ്പ് ഓഫ് ട്രിനിറ്റി കോളേജ്  ലണ്ടൻ (എഫ്.ടി.സി.എൽ.). മൂന്നുകൊല്ലംകൊണ്ട് ഈ ചെറുപ്രായത്തിൽ ഇതുമൂന്നും നേടിയവർ ഇന്ത്യയിലാരുമില്ല. മുതിർന്നവരിൽത്തന്നെ എഫ്.ടി.സി.എൽ. കിട്ടിയവർ മലയാളക്കരയിൽ അപൂർവം. ഇത്രയും ശ്രമകരമായ സംഗീതപഠനം നടക്കുമ്പോഴും സ്കൂളിൽ മിലൻ പഠനത്തിൽ ഒരിക്കൽപ്പോലും പിന്നോട്ടുപോയില്ല. കല അഭ്യസിച്ചതുകൊണ്ട് ക്ലാസിൽ വേണ്ടത്ര ശ്രദ്ധിക്കാൻപറ്റിയില്ല എന്ന് തൊടുന്യായം പറയുന്നവർക്കുള്ള മറുപടിയായി മിലനെ ഉദാഹരിക്കുന്നതിൽ ഒരു തെറ്റുമില്ല. ഒരു പാഠവും പാഠപുസ്തകവുമാണ് ഈ പ്രതിഭ.

റഷ്യയിലെ അമ്മ വീടും പിയാനോയും

മിലന്റെ അമ്മ ഡോ. അലോന റഷ്യക്കാരിയാണ്. അച്ഛൻ ഡോ. ഇ.ബി. മനോജ് തൃശ്ശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെ ജനറൽ മെഡിസിൻ സ്പെഷ്യലിസ്റ്റും. ഏക മകനുമായി ഈ കുടുംബം അവധിക്കാലത്ത് റഷ്യയിലായിരിക്കും. അങ്ങനെ മിലൻ മൂന്നാംക്ലാസിലെ അവധിക്കുപോയതുകൊണ്ടാണ് പാശ്ചാത്യസംഗീതലോകത്തിന് ഒരു പ്രതിഭയെ കിട്ടിയതെന്നുപറയാം. മോസ്കോയ്ക്കടുത്ത് കൽച്ചുഗിനോയിലെ ഒരു സംഗീത സ്കൂളിലെ  സംഗീതസായാഹ്നം ആസ്വദിക്കാൻ മൂവരും പോയി. കുഞ്ഞുമിലൻ അന്നാണ് ആദ്യമായി പിയാനോ കാണുന്നത്. 

സംഗീതോപകരണങ്ങളിലെ ആ രാജാവിനെ കണ്ടപ്പോൾ മനസ്സിൽ മോഹം ശ്രുതിയിട്ടു. അന്ന് തിരിച്ച് വീട്ടിലെത്തിയപ്പോഴും മിലന്‌ പറയാൻ പിയാനോയെക്കുറിച്ചുമാത്രം. ആ പറച്ചിൽ പിന്നീട്, അത് വായിക്കാൻ പഠിക്കണമെന്ന വാശിപിടിത്തത്തിലേക്കുമാറി. അടുത്തുള്ള സംഗീതസ്കൂളിൽ മിലനെ പിയാനോ പഠിപ്പിക്കാൻ ചേർത്തു.  പിയാനോയുടെ കീയിൽ ആദ്യം വിരൽതൊട്ടപ്പോൾ കേട്ട നാദം മാഞ്ഞുപോകാതെ ഇപ്പോഴും ഓർക്കുന്നുണ്ട് ഈ കൗമാരക്കാരൻ. രണ്ടാഴ്ച പഠിച്ചപ്പോഴേക്കും അവധി തീർന്നു. നാട്ടിലെത്തിയപ്പോൾ കുട്ടി പിന്നെയും പിയാനോയ്ക്കായ് ചിണുങ്ങാൻ തുടങ്ങി.  മകന്റെ വഴി തിരിച്ചറിഞ്ഞ അച്ഛനും അമ്മയും തൃശ്ശൂരിലെ ചേതന മ്യൂസിക് അക്കാദമിയിൽ ചേർത്തു. അവിടത്തെ ഫാ. തോമസ് ചക്കാലമറ്റമാണ് ആ കുഞ്ഞുവിരലുകൾ വീണ്ടും പിയാനോയിൽ പിടിച്ചുെവച്ചത്. ഗ്ലെൻടൺ എന്ന അധ്യാപകന്റെ സഹായം മിലൻ ഓർക്കുന്നു. ഞായറാഴ്ചയൊഴികെ എന്നും വൈകീട്ട് അമ്മയുടെ കൈപിടിച്ച് മിലൻ ചേതനയിലെത്തി. മൂന്നരമണിക്കൂർ പഠനം. 2010-ൽ ഈ നാലാംക്ലാസുകാരന് അടിസ്ഥാനമെല്ലാം ഉറച്ചു. മുതിർന്നവർപോലും ചുരുങ്ങിയത് നാലുകൊല്ലം ഇതിനെടുക്കും. ഒരു കൊല്ലംകൊണ്ട് പിയാനോയെ വരുതിയിലാക്കിയ കുട്ടി ചേതനയിലെ വിസ്മയമായി. 
പിന്നീടുള്ള വളർച്ചയെല്ലാം അതിലേറെ വിസ്മയമായിരുന്നുവെന്നത് കാലം തെളിയിച്ച സത്യം.

ട്രിനിറ്റി കോളേജിലെ പരീക്ഷകൾ എഴുതിക്കാൻ മകൻ പ്രാപ്തനാണെന്ന് അച്ഛനും അമ്മയും തിരിച്ചറിഞ്ഞു. കോളേജിലെ പരീക്ഷകൾക്ക് ചേതന ഒരു അംഗീകൃതസെന്ററാണ്. 
 2011-ൽ റോളണ്ട് കമ്പനിയുടെ പിയാനോയും ഡോ. മനോജ് വാങ്ങിക്കൊടുത്തു. പഠനവും സാധകവും ആത്മാർപ്പണത്തോടെ മുന്നേറി. അങ്ങനെയാണ് സംഗീതബിരുദങ്ങൾ ഓരോ കൊല്ലം ഇടവിട്ട് ഏറത്തുവീട്ടിലേക്ക് പിയാനോയിലേറി വന്നത്.

ചുമരുകൾക്കുള്ളിൽനിന്ന് പുറത്തേക്ക്

2013-ൽ എ.ടി.സി.എൽ. പഠനകാലത്ത് സൈബർ ലോകത്ത് മിലന്റെ പിയാനോത്തിരച്ചിൽ കൂടുതൽ ഉഷാറായി.  ലോകപ്രശസ്ത പിയാനോ വാദകരെയൊക്കെ ഫെയ്‌സ്ബുക്കിലൂടെ പിന്തുടരാൻ തുടങ്ങി. എല്ലാവർക്കും ഇ-മെയിൽവഴി കത്തെഴുതും. ആദ്യമൊക്കെ നിരാശയായിരുന്നു ഫലം. എന്നാലും പിൻവാങ്ങിയില്ല. ഇന്ത്യയിൽനിന്നൊരു പയ്യന്റെ താത്പര്യത്തിന് അത്ര പരിഗണന കിട്ടിയിരുന്നില്ല. എന്നാൽ, സംശയങ്ങൾക്ക് കഴമ്പുണ്ടെന്ന്‌ തോന്നിയ ചിലർ പ്രതികരിച്ചുതുടങ്ങി. അങ്ങനെയാണ് ഒരു ഇതിഹാസമെന്ന് മിലൻ വിശേഷിപ്പിക്കുന്ന ഹെറിബർട്ട് കോഹ് എന്ന ജർമൻ പിയാനിസ്റ്റിനെ പരിചയപ്പെട്ടത്. പരിചയം മെല്ലെ ശക്തിപ്പെട്ടു. യൂറോപ്യൻ പിയാനോ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് അദ്ദേഹം. മിലനിലെ സാധ്യതകൾ തിരിച്ചറിയാൻ അദ്ദേഹത്തിന് പിന്നീട് അധികകാലം വേണ്ടിവന്നില്ല. ഗുരുവും ശിഷ്യനും എന്ന പദവി ഇൻറർനെറ്റിലൂടെ ഉറച്ചു. അതിനിടെയാണ് മിലന് പുണെയിൽനടന്ന ദേശീയ പിയാനോ മത്സരത്തിലേക്ക് അവസരം കിട്ടിയത്. 25 വയസ്സിൽ താഴെയുള്ളവർക്കുള്ള മത്സരം. 166 മത്സരാർഥികൾ. വിധികർത്താക്കൾ വിദേശികൾ. കടുത്ത മത്സരം. ഫലം വന്നപ്പോൾ 11 വയസ്സുള്ള മിലൻ ഒന്നാമൻ. 2.5 ലക്ഷം രൂപ വിലയുള്ള അക്കൗസ്റ്റിക്സ് പിയാനോ ആയിരുന്നു സമ്മാനം. അന്നത്തെ വിധികർത്താക്കളിലൊരാൾ ഐനാർ സ്റ്റീൻ നോക്കിൾ ബർഗായിരുന്നു. ഒരു ദിവസം മിലന്റെ ദൈവമായ  ഹെറിബർട്ടിന്റെ ഒരു ഫോൺ: ‘ഞാൻ ഐനാറിനെ കണ്ടിരുന്നു. അദ്ദേഹം നിന്നെക്കുറിച്ച് പറഞ്ഞു.  ജർമനിക്ക് വരൂ. എന്റെ മാസ്റ്റർക്ലാസിൽ പങ്കെടുക്കാം’.  മനസ്സിലേക്ക് ഹാപ്പി മൂഡിലുള്ള ഒരു പിയാനോ സംഗീതം ഇരച്ചുകയറുന്നപോലെ മിലനുതോന്നി.    

ഹെറിബർട്ട്, ഡോ. മനോജിനോട്‌ സംസാരിച്ചു: ‘‘അവനെ വിമാനംകയറ്റി വിടൂ, ഇവിടെയെത്തിയാൽ ഞാൻ നോക്കിക്കോളാം.’’

അങ്ങനെ ആ പന്ത്രണ്ടുകാരൻ ഒരായിരം സംഗീതമോഹങ്ങളുമായി നെടുമ്പാശ്ശേരിയിൽനിന്ന് ഒറ്റയ്ക്ക് ജർമനിക്കുപറന്നു. ഹെറിബർട്ടിന്റെ കുടുംബസുഹൃത്തായ സംഗീതാധ്യാപിക മിഷായേലയുടെയും ഭർത്താവ് വെർണറുടെയും വീട്ടിൽ മിലന് താമസം ശരിയാക്കി. ആ കുടുംബം അവനെ സ്വന്തമെന്നപോലെ പരിചരിച്ചു. അന്ന് മുൺസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ് ഹെറിബെർട്ട്. ദിവസവും രാവിലെ അദ്ദേഹമെത്തി മിലനെക്കൂട്ടി ക്ലാസിനുപോകും. മാസ്റ്റർക്ലാസ് എന്തെന്ന് അവനറിഞ്ഞു. ഉച്ചയ്ക്ക് ഒരു മണിക്കൂർമാത്രം ഇടവേള. ബാക്കിസമയം തീവ്രപരിശീലനം. രണ്ടാഴ്ചത്തെ ജർമൻജീവിതത്തിനുശേഷം മടങ്ങിയെത്തിയാണ് എൽ.ടി.സി.എൽ. പരീക്ഷ ഡിസ്റ്റിങ്‌ഷനോടെ ജയിച്ചത്. 2014-ലെ ക്രിസ്മസ് അവധിക്ക് വീണ്ടും മാസ്റ്റർക്ലാസിന് ജർമനിയിലേക്ക്. മധ്യവേനലവധിക്ക് സ്കൂളടച്ചപ്പോൾ 2015 ഏപ്രിലിൽ വീണ്ടും. അത്തവണ മുൺസ്റ്റർ യൂണിവേഴ്സിറ്റിയിൽ പ്രോഗ്രാമിന് അവസരംകിട്ടി. റഷ്യൻ കംപോസറായ മിലിബാലാ കിരവയുടെ ‘ഇസ്‌ലാമെ’യും’ റാവലിന്റെ ‘ഓൺഡിയറും’ ആണ് വായിച്ചത്. പ്രയാസമെന്ന് പാശ്ചാത്യസംഗീതലോകത്ത് അറിയപ്പെടുന്ന ഈ രചനകൾ അനായാസം വായിച്ചത് ആസ്വാദകരെ അമ്പരപ്പിച്ചു. മുൻ നിരയിലുണ്ടായിരുന്ന ഹെറിബർട്ട് ശിഷ്യന്റെ മികവുകണ്ട് അഭിമാനിതനായി. 

അക്കൊല്ലം ഓഗസ്റ്റിൽ വീണ്ടും മാസ്റ്റർക്ലാസിന്‌ ചെന്നപ്പോൾ സംഗീത ഇതിഹാസം ബിഥോവന്റെ വീട് ഹെറിബർട്ട് മിലനെ കാണിച്ചു. തുടർന്നങ്ങോട്ട് നിശ്ചിത ഇടവേളകളിൽ മിലന്റെ വിദേശസംഗീതയാത്രകൾ. അത് ഇപ്പോഴും തുടരുന്നു. മകൻ വിദേശ ആസ്വാദക മനസ്സുകളെ മണിക്കൂറുകൾ പിടിച്ചിരുത്തുന്നത് അച്ഛനും അമ്മയും യുട്യൂബിലൂടെമാത്രമേ കണ്ടിട്ടുള്ളൂ. ജർമനിയിലെയുംമുംബൈയിലെയും പത്രങ്ങളിൽ മിലനെക്കുറിച്ചുവന്ന നിരൂപണങ്ങളും വാർത്തകളും ഈ മാതാപിതാക്കളുടെ മറ്റൊരഭിമാനം.

2016-ൽ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സെപ്ഷണൽ അച്ചീവ്‌മെന്റിന് സംഗീതവിഭാഗത്തിലെ വെള്ളിമെഡൽ മിലനായിരുന്നു. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയാണ്‌ അത് സമ്മാനിച്ചത്. 2017-ൽ മുംബൈയിലെ നാഷണൽ സെന്റർ ഫോർ പെർഫോമിങ് ആർട്‌സിൽ ഒന്നരമണിക്കൂർ അവതരിപ്പിച്ച പിയാനോ സോളോ ഒരു വലിയ അംഗീകാരമായിരുന്നു. ഇവിടെ അവസരം കിട്ടുകയെന്നത് കലാകാരൻമാർക്ക് ഒരു ബഹുമതിയാണ്. നാട്ടിൽ കാര്യമായൊരു സ്വീകരണം കിട്ടിയ ഏകസ്ഥലം ദേവമാതാസ്കൂൾ മാത്രമാണ്. വാട്‌സാപ്പിൽ കടൽകടന്ന പ്ലസ്‌വൺ നോട്ടുകൾ ക്ലാസുള്ള ദിവസങ്ങളിൽ  മിലന് വിദേശത്ത് പോകേണ്ടിവരുമ്പോൾ ദേവമാതാസ്കൂളിൽ ഒരു  അമ്മയെത്തും; നന്നായി മലയാളം പറയുന്ന ഡോ. അലോന എന്ന റഷ്യക്കാരി. മിലന്‌ നഷ്ടപ്പെടുന്ന പാഠഭാഗങ്ങൾ കൂട്ടുകാരിൽനിന്ന് വാങ്ങി എഴുതിയെടുക്കാനാണ് ആ വരവ്. അന്നുതന്നെ വൈകീട്ട് വാട്‌സാപ്പിൽ ക്ലാസ്‌നോട്ടുകൾ വിദേശത്തെത്തും. മുടങ്ങാതെ മിലൻ അത് പഠിക്കും. സംശയങ്ങൾ മിലൻ അമ്മയോടുതന്നെ ചോദിക്കും.  ഉത്തരംകിട്ടുമെന്ന് ഉറപ്പാണ്. മകനുവേണ്ടി  സി.ബി.എസ്.ഇ. പാഠഭാഗങ്ങൾ പഠിച്ച റഷ്യക്കാരി എന്ന ഖ്യാതിയും ഈ അമ്മയ്ക്ക് ഇണങ്ങും.

മികച്ച ചിത്രകാരിയുമാണ് അലോന. ന്യൂഡൽഹിയടക്കം നിരവധി കേന്ദ്രങ്ങളിൽ ചിത്രപ്രദർശനവും നടത്തിയിട്ടുണ്ട്. ഡോ. മനോജ് റഷ്യയിൽ ഉപരിപഠനത്തിനിടെയാണ് അവിടെ പഠിച്ചിരുന്ന അലോനയെ പരിചയപ്പെട്ടത്. മെഡിക്കൽ ബിരുദധാരിയാണെങ്കിലും ഇപ്പോൾ അലോന പ്രാക്ടീസ് ചെയ്യുന്നില്ല.

ലോകമറിയുന്ന പിയാനിസ്റ്റാവണം

പ്രായത്തിൽ കവിഞ്ഞ നേട്ടങ്ങളിൽ നിൽക്കുമ്പോഴും സംഗീതലോകത്ത് എങ്ങുമെത്തിയില്ലെന്ന ചിന്തയാണ് മിലന്. ആഗ്രഹം അവൻതന്നെ പറയുന്നു: ‘‘ലോകമറിയുന്ന ഒരു ക്ലാസിക്കൽ പിയാനിസ്റ്റ് ആകണം.’’

മിലൻ എന്ന വാക്കിന് ഐക്യം എന്നാണർഥം. ഈ മിലനും ഒരു ഒരുമിക്കലാണ്. സംഗീതം, വിനയം, കുടുംബശക്തി, പഠനം, ഗുരുത്വം തുടങ്ങി നിരവധി ഘടകങ്ങൾ ഒന്നിച്ചൊന്നായ് മിലനിൽ കാണാം.