'ഭര്‍ത്താവ്  ഭാര്യയെ ബലാത്സംഗം ചെയ്യുമ്പോള്‍ ' എന്ന അഡ്വ.സി ഷുക്കൂറിന്റെ ലേഖനം വായിക്കുമ്പോഴാണ് എനിക്ക് അവളെ ഓര്‍മ്മ വന്നത്. ഏറെ നാളുകള്‍ക്കു ശേഷമുള്ള കണ്ടു മുട്ടലില്‍ ഞങ്ങള്‍ കുറച്ച് പെണ്ണുങ്ങള്‍ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് ലൈംഗികത ഒരു വിഷയമായി കടന്നു വന്നത്. ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞ് സന്തോഷങ്ങളും, തമാശകളും, പൊട്ടിച്ചിരികളും മുഴങ്ങുന്നതിന്റെ നടുവിലാണ് അവര്‍ അത് പറഞ്ഞത്. 'അയാളുമായി സെക്സ് ചെയ്യുമ്പോള്‍ ഞാന്‍ കറങ്ങുന്ന ഫാന്‍ നോക്കി കിടക്കാറാണ് പതിവെന്ന്.' 

പൊടുന്നനെ നിശബ്ദമായ ഞങ്ങളുടെ ഇടയില്‍ നിര്‍വ്വികാരതയോടെ ഇരുന്ന് അവള്‍ പറഞ്ഞു, 'അയാളോടുള്ള പ്രണയമൊക്കെ നശിച്ചിട്ട് കാലം കുറേയായി, രണ്ട് കുട്ടികളുണ്ട്, എനിക്കാണെങ്കില്‍ സ്ഥിര വരുമാനമൊന്നുമില്ല. ഇറങ്ങിപ്പോയാല്‍ പട്ടിണി കിടക്കേണ്ടി വരും,ഞാന്‍ പട്ടിണി കിടക്കാന്‍ തയ്യാറാണ് ,പക്ഷേ മക്കളെ എന്തു ചെയ്യും. എതിര്‍ത്താല്‍ അയാള്‍ ബലം പ്രയോഗിക്കും വേദനിക്കുന്നതിനേക്കാള്‍ നല്ലതല്ലേ മരവിച്ചു കിടക്കുന്നത്'. 

വിവാഹത്തോടെ തന്റെ ശരീരത്തിന്റെ മേലുള്ള സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ടതിനെ കുറിച്ച് അവള്‍ പറയുമ്പോഴാണ് Marital Rape- (ദമ്പതികള്‍ക്കിടയിലെ ബലാത്സംഗം) ന്റെ ഇരകളെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയത്. വിവാഹം എന്നത് രണ്ട് പേര്‍ തമ്മിലുള്ള കരാറാണ്, പരസ്പര ബഹുമാനമാണ് എന്ന് അംഗീകരിച്ചും ബഹുമാനിച്ചുമാണ് രണ്ട് പേര്‍ ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ വിവാഹിതനപ്പുറം തന്റെ ശരീരത്തിന്റെ മേല്‍ ഭര്‍ത്താവ് കാണിക്കുന്ന അവകാശം അരോചകമാകുന്നിടത്ത് അതിനെ എങ്ങനെ എതിര്‍ക്കണമെന്ന് പോലും പല സ്ത്രീകള്‍ക്കുമറിയില്ല. 

ജൈവികസ്വഭാവമനുസരിച്ച് പുരുഷന് സ്ത്രീകളേക്കാള്‍ ലൈംഗിക വാസനകള്‍ കൂടുതലാണ്. വളരെ പെട്ടെന്ന് തന്നെ ഉത്തേജിതനാകുവാന്‍ പുരുഷന്മാര്‍ക്ക് കഴിയും. പക്ഷെ സ്ത്രീകള്‍ നേരെ മറിച്ചാണ് സ്നേഹവും, ലാളകളും കിട്ടാതെ ഒരു പുരുഷനെ കണ്ട മാത്രയില്‍ ഉത്തേജിതയാകുവാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല. ഈ തിരിച്ചറിവ് ഭര്‍ത്താക്കന്മാര്‍ക്ക് ഇല്ലാതാകുന്നിടത്താണ് കടന്നാക്രമണങ്ങള്‍ നടക്കുന്നത്. മാനസികമായി അവള്‍ തയ്യാറായിട്ടുണ്ടെങ്കില്‍ മാത്രമേ ശാരീരികപരമായും അവള്‍ തയ്യാറായിട്ടുണ്ടാവൂ എന്ന് മിക്കവരും മനസ്സിലാക്കുന്നില്ല. 

നാട്ടില്‍ നടക്കുന്ന ബലാത്സംഗ വാര്‍ത്തകള്‍ വായിച്ചും കേട്ടും ഞെട്ടുന്ന നമ്മള്‍ അതിലും എത്രയോ ഇരട്ടി ബലാത്സംഗങ്ങളാണ് സംരക്ഷിക്കപ്പെട്ടേണ്ടവനില്‍ നിന്നും സ്ത്രീകള്‍ നേരിടുന്നതെന്ന് തിരിച്ചറിയുന്നില്ല. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച പേടിച്ച് പലരും പുറത്ത് പറയാത്തത് കൊണ്ട് മാത്രമാണ് ആ കണക്കുകള്‍ പുറം ലോകമറിയാത്തത്. തന്റെ ശരീരത്തിന്റെ അവകാശം തന്റെ ഭര്‍ത്താവിന് മാത്രമാണെന്ന് ചിന്തിച്ച് കിടന്നു കൊടുക്കുന്നവരും ,എതിര്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ട് നിസ്സംഗരായി കിടക്കുന്നവരുമാണ് പലരും.

വിവാഹത്തിന് ശേഷം വിദേശത്തേക്ക് ഭര്‍ത്താവിന്റെ അടുത്ത് ഒരു മാസം താമസിക്കാന്‍ പോയ ഒരുവള്‍ ഒരു ദിവസം താല്‍പര്യമില്ലെന്ന് പറഞ്ഞ് തിരിഞ്ഞു കിടന്നപ്പോള്‍ ഭര്‍ത്താവ് പറഞ്ഞത് 'നിന്നെ ഇവിടെ കൊണ്ട് വരാന്‍ ചിലവായ കാശെങ്കിലും മുതലാക്കേണ്ടേ എന്നാണ്. തമാശ രൂപേണയാണെങ്കില്‍ കൂടി താനൊരു മുതലാണെന്ന് അയാളുടെ വായില്‍ നിന്ന് കേട്ടിടത്ത് അവളുടെ മനസ്സില്‍ ഉണ്ടായ മാനസിക പ്രശ്നങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. ഇത്തരം തമാശകള്‍ ആസ്വാദന നിലവാരത്തിലുള്ളതല്ലെന്ന് പോലും ചിലര്‍ക്ക് മനസ്സിലാകുന്നില്ല. 

അടുത്തിടെ ഇറങ്ങിയ ' ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ' എന്ന സിനിമയില്‍ ഭര്‍ത്താവിന്റെ നിരന്തരമായ ലൈംഗികാതിക്രമത്തിന് ഇരയായി നിര്‍വികാരതയോടെ കിടന്നു കൊടുക്കുന്ന ഷിറിന്‍ എന്ന കഥാപാത്രം നല്‍കുന്ന നോവ് കുറച്ചൊന്നുമല്ല. ഭാര്യ താനറിയാതെ ജോലിക്കു പോകുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അതിനുള്ള ശിക്ഷയായി ഭര്‍ത്താവ് അവള്‍ക്ക് നല്‍കിയത് വേദന നിറഞ്ഞൊരു സംഭോഗമായിരുന്നു. വെറുമൊരു സിനിമയാണെങ്കില്‍ കൂടി ആ കഥാപാത്രത്തെ മറക്കുവാന്‍ ഒരു പെണ്ണിനും സാധ്യമല്ല. ശരീരത്തെ വേദനിപ്പിക്കുമ്പോള്‍ അതിന്റെ ഇരട്ടിയായി മനസ്സ് നോവുമെന്ന് പലര്‍ക്കും അറിയാം, അത് കൊണ്ട് തന്നെ വേദനിപ്പിച്ച് സുഖം കണ്ടെത്തുന്നവരും കുറവൊന്നുമല്ല.

ഭര്‍ത്താവിന്റെ ലൈംഗികാതിക്രമങ്ങളില്‍ മടുത്ത് വിവാഹമോചനത്തിന് ഇറങ്ങിപ്പുറപ്പെട്ട ഒരു പെണ്‍കുട്ടി വീട്ടുകാരോടും, കുടുംബക്കാരോടും, കോടതിയോടും എന്ത് കാരണം പറയണമെന്നറിയാതെ കുഴഞ്ഞൊരു പോയൊരു സംഭവ കഥ ഒരിടത്ത് വായിച്ചിരുന്നു.  തുറന്ന് പറയുന്നിടത്ത് നിന്റെ ശരീരം അവനും കൂടി അവകാശപ്പെട്ടതല്ലേ എന്ന് പറയുന്ന സമൂഹത്തിനു മുമ്പില്‍ പകച്ചു നിന്നു പോകുന്ന എത്ര പെണ്‍കുട്ടികളുണ്ട് നമ്മുടെ മുന്നില്‍. എപ്പോള്‍ ഗര്‍ഭം ധരിക്കണമെന്നോ, എത്ര കുട്ടികള്‍ വേണമെന്നോ സ്വയം തീരുമാനിക്കാന്‍ പറ്റാത്ത അവസ്ഥയുള്ള എത്ര പെണ്ണുങ്ങള്‍ നമ്മുടെ ചുറ്റിലുണ്ട്. എന്തിന് ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍  പാപമാണെന്ന് ഭര്‍ത്താവ് പറയുമ്പോള്‍ അനുസരണയോടെ തലയാട്ടുന്നവരാണ് മിക്കവരും.

ഇത്തരം അന്ധവിശ്വാസങ്ങള്‍ പലതും  പേറുന്നതില്‍ ചില മതങ്ങളും, പുരോഹിതരും വഹിക്കുന്ന പങ്ക് കുറവൊന്നുമല്ല. കുടുംബ ബന്ധങ്ങള്‍ തകരാതിരിക്കാനായി ഓരോ മതവും പടച്ച് വിട്ടിട്ടുള്ള നിയമങ്ങള്‍ എന്നും നീതി നിഷേധിച്ചത് സ്ത്രീകള്‍ക്ക് മാത്രമാണ്. രണ്ട് കൈകള്‍ കൂട്ടി മുട്ടിയാലേ ശബ്ദം വരൂ എന്ന് പറയുന്നത് പോലെ വിവാഹ ജീവിതത്തില്‍ ഒരാളെങ്കിലും താഴ്ന്നു നിന്നാല്‍ മാത്രമേ അവ നില നില്‍ക്കുകയുള്ളൂ എന്ന് മതം സൃഷ്ടിച്ചവര്‍ ആഹ്വാനം ചെയ്തിടത്താണ് സ്ത്രീകളോട് ക്ഷമയെ പിന്തുടരുവാനും, പുരുഷനെ തൃപ്തിപ്പെടുത്തുവാനും, കുഞ്ഞുങ്ങളെ പരിപാലിച്ച് ജീവിക്കുവാനുമുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉത്തരവുകളും പുറപ്പെട്ടു തുടങ്ങിയത്. 

ഇങ്ങനെ കാലക്രമേണ അവളുടെ അധികാരി താനാണെന്ന്  ഭര്‍ത്താവിന് തോന്നിയിടത്ത് അവന്‍ അധികാരങ്ങള്‍ കാണിക്കുവാന്‍ തുടങ്ങി. മനസ്സും, ശരീരവും ഒരുമിച്ച് വേദനിക്കുമെന്നുള്ളത് കൊണ്ടും, തന്റെ അധികാര പ്രയോഗത്തില്‍ ശരീരവും ഉള്‍പ്പെടുമെന്ന കാടന്‍ ചിന്തകള്‍ മനസ്സില്‍ വന്നതു കൊണ്ടും അത് തുടര്‍ന്നു പോന്നു. അത് കൊണ്ട് തന്നെ ബലാത്സംഗം തന്റെ ഭര്‍ത്താവിന്റെ അധികാര പരിധിയില്‍ പെട്ടതാണെന്ന് പാവം ഭാര്യമാര്‍ കരുതിപ്പോന്നു. പക്ഷെ കാലം മാറുകയും സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവതികളാവുകയും ചെയ്തപ്പോള്‍ ഇത്തരം അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. 

Marital Rape കുറ്റകൃത്യമാണെന്നുള്ള ഒരു നിയമം നമ്മുടെ രാജ്യത്തുണ്ടാവുകയാണെങ്കില്‍ പീഡനത്തിന് കേസ് നല്‍കുമ്പോള്‍ വിവാഹബന്ധത്തിന് കോട്ടം സംഭവിക്കുമെങ്കിലും നീതി എന്നൊരു ഘടകം പലര്‍ക്കും ലഭിക്കില്ലേ.....? എല്ലാം സഹിച്ചു നില്‍ക്കുന്നവര്‍ ഒന്നും പുറത്ത് പറയില്ല എന്നുള്ളത് ഉറപ്പാണ്. പക്ഷെ അതില്‍ നിന്നും പുറത്ത് വരുന്നവര്‍ക്ക് ലഭിക്കേണ്ട സ്വഭാവിക നീതി ഈയൊരു നിയമം കൊണ്ട് ലഭ്യമാകില്ലേ.

വിവാഹിതയാണെന്നത് കൊണ്ടും, അക്രമം നടത്തുന്നത് ഭര്‍ത്താവാണെന്നുള്ളത് കൊണ്ടും പീഡനം പീഡനമല്ലാതാകുന്നില്ലല്ലോ. ഈ നിയമം പ്രാബല്ല്യത്തില്‍ വന്നാല്‍ വിവാഹ ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ കൂടി ,സമൂഹത്തെ ബോധിപ്പിക്കാനുള്ള  വെറും വിവാഹബന്ധങ്ങള്‍ മാത്രമല്ല വേണ്ടതെന്നും പരസ്പര സഹരകണത്തോടേയുള്ള, ബഹുമാനത്തോടേയുള്ള ഉറച്ച ബന്ധങ്ങളാണ് വേണ്ടതെന്നും നമ്മുടെ നിയമത്തിന് പറയാന്‍ കഴിയണം.

വിവാഹം കഴിഞ്ഞെന്നുള്ള ഒരൊറ്റ കാരണത്താല്‍ തനിക്ക് തന്റെ ശരീരത്തിന്റെ മുകളില്‍  നഷ്ട്ടപ്പെടുന്ന സ്വാതന്ത്ര്യത്തെ കുറിച്ച് അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ നിശബ്ദരായി, നിസ്സംഗരായി ഓര്‍ക്കുമ്പോള്‍, തന്റെ ശരീരത്തിന്റെ അവകാശം തനിക്ക് മാത്രമാണെന്നും, സമ്മതമില്ലാതെ മറ്റാര്‍ക്കും അതില്‍ കൈ വെക്കാന്‍ അവകാശമില്ലെന്നും ഇത്തരം നിയമങ്ങള്‍ അവരെ ഓര്‍മ്മപ്പെടുത്തുമല്ലോ.

സ്വന്തം ഭാര്യയെ ഒരു വ്യക്തിത്വമുള്ള സഹജീവിയായി കാണാതെ വെറും ശരീരങ്ങള്‍ മാത്രമായി കാണുകയും, അക്രമിച്ച് കീഴ്പ്പെടുത്തുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്ക് കിട്ടേണ്ട ശിക്ഷകള്‍ ഇത്തരം നിയമങ്ങള്‍  പ്രാബല്ല്യത്തില്‍ വരുന്നതോടു കൂടിയേ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുകയുള്ളൂ.

ഇതില്‍ ഏറ്റവും അരോചകമെന്ന് വെച്ചാല്‍ നമ്മുടെ ഇന്ത്യന്‍ നിയമപ്രകാരം സ്വന്തം ഭാര്യയെ അവരുടെ സമ്മതമില്ലാതെ ലൈംഗികമായി അക്രമിച്ചാല്‍  അത് കുറ്റകൃത്യമല്ല എന്നതാണ്. Marital Rape കുറ്റകൃത്യമാക്കണമെന്ന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുമെന്ന ഭയം ഉള്ളത് കൊണ്ട് നമ്മുടെ പാര്‍ലമെന്റ്  അത് അംഗീകരിച്ചില്ല. നമ്മുടെ മഹത്തായ പാരമ്പര്യത്തിന് കോട്ടം സംഭവിക്കും എന്നതായിരുന്നു അവരുടെ കണ്ടെത്തല്‍.

പക്ഷെ വിവാഹാനന്തരം സ്വന്തം ശരീരത്തിന്റെ മേലുള്ള അവകാശങ്ങള്‍ നഷ്ട്ടപ്പെടുന്നവരെ കുറിച്ചോ, ഭരണഘടന അനുസരിച്ച് ഓരോ വ്യക്തിക്കും അവനവന്റെ ശരീരത്തിന്റെ മേലുള്ള വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചോ എവിടേയും പ്രതിവാദിക്കാന്‍ നിയമങ്ങള്‍ക്ക് കഴിയുന്നില്ല എന്നുള്ളത് മറ്റൊരു കാര്യം. വിവാഹത്തോടെ സ്വന്തം ശരീരത്തിന്മേലുള്ള സ്വാതന്ത്ര്യം റദ്ദ് ചെയ്യപ്പെടുന്ന വിധത്തിലാണ് Marital Rapeകുറ്റകരമല്ല എന്ന് പറയുന്നത്.