തൃശ്ശൂര്‍: 'മെയ്ക്കപ്പിനൊക്കെ ഒരു പരിധിയില്ലേ' എന്ന് മോഹന്‍ലാലിന്റെ കഥാപാത്രം ചോദിക്കുന്ന ഹിറ്റ് ഡയലോഗ് തിരുത്താന്‍ കാലമായി... ഇതിനൊന്നും ഒരു പരിധിയുമില്ലെന്ന് കുട്ടനല്ലൂരിലെ ലോറിഡ്രൈവര്‍ ബെന്നി സമ്മതിക്കും.

കാസര്‍കോട്ടെ യുവാക്കള്‍ ഫോട്ടോ ഷൂട്ടില്‍ എടുത്ത സ്വന്തം ചിത്രംകണ്ട് അന്തം വിട്ടിരിക്കുകയാണ് അദ്ദേഹം. മോഡല്‍താരം പോലെ ഒരാള്‍. അത് ഞാന്‍ തന്നെയാണല്ലോ എന്ന തിരിച്ചറിവിന്റെ സന്തോഷത്തില്‍ ഫോട്ടോ പലര്‍ക്കും അയച്ചുകൊടുത്തു. ഫെയ്സ് ബുക്കില്‍ രണ്ടുദിവസത്തില്‍ ലൈക്ക് അടിച്ചത് 57,000 പേര്‍.

ജോര്‍ജ് ആന്‍ഡ് കമ്പനിയിലെ ലോറി ഡ്രൈവറാണ് ചൂണ്ടല്‍ സ്വദേശി സി.വി. ബെന്നി. പ്രായം 50 കണ്ടാല്‍ അതിലേറെ തോന്നിക്കും. മറിച്ചാവണമെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടുമില്ല. കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ കുറ്റിക്കോലില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് നാല് യുവാക്കള്‍ ബെന്നിയുടെ ഫോട്ടോ എടുത്തത്.

തൊട്ടടുത്ത വീട്ടിലേക്ക്‌ ബെന്നിയെ കൊണ്ടുപോയി ചെറിയൊരു മേയ്ക്കപ്പിനു ശേഷമായിരുന്നു ഫോട്ടോ ഷൂട്ട്. മുടി കോതിയൊതുക്കിക്കെട്ടി. താടിരോമങ്ങള്‍ ചീകി ഭംഗിയാക്കി. കാക്കിക്കുപ്പായം മൂടി കറുത്ത ബനിയന്‍ ധരിപ്പിച്ചു. 20 മിനിറ്റില്‍ എല്ലാം കഴിഞ്ഞു. കാസര്‍കോട് കുറ്റിക്കോലിലെ പുലരി സ്റ്റുഡിയോ നടത്തുന്ന ശ്രീഹരി, ഗോപു, അരുണ്‍, സനീഷ് എന്നിവരാണ് ബെന്നിയുടെ വൈറല്‍ ഫോട്ടോയ്ക്കു പിന്നില്‍.

ഈ വേഷത്തില്‍ വീട്ടില്‍ച്ചെന്നാല്‍ ഭാര്യയും മക്കളും തിരിച്ചറിയുമോ എന്നായിരുന്നു ഫെയ്സ് ബുക്കില്‍ പലരുടെയും സംശയം. അതിന് ബെന്നി മറുപടി പറയുന്നില്ല. കാരണം ബെന്നി വിവാഹം കഴിച്ചിട്ടില്ല. ചൂണ്ടലിലെ വീട്ടില്‍ അമ്മ തങ്കമ്മയും അനിയന്‍ ഷാബുവുമുണ്ട്.

Contebt Highlights: make over photoshoot