ഇരുട്ടാണ് ക്യാന്‍വാസ്. വരയ്ക്കുന്നത് പ്രകാശം കൊണ്ടും. വരയ്ക്കാന്‍ ലഭിക്കുന്ന സമയമാകട്ടെ നിമിഷങ്ങള്‍ മാത്രവും! വ്യത്യസ്തമായ ചിത്രരചന കൊണ്ട് ശ്രദ്ധേയനാവുകയാണ് സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ അനൂപ് ഉപാസന. ചിത്രരചനയും ഫോട്ടോഗ്രാഫിയുടെ സാധ്യതകളും സമന്വയിപ്പിക്കുന്ന ലൈറ്റ് ഡ്രോയിങ്ങിലൂടെ യുആര്‍എഫ് ലോക റെക്കോഡും നേടിയിരിക്കുകയാണ് ഈ കലാകാരന്‍.
പ്രകാശം മാധ്യമമാക്കി വായുവില്‍ ചിത്രം വരയ്ക്കുന്ന രീതിയാണ് ലൈറ്റ് ഡ്രോയിങ്. പക്ഷേ, ഈ ചിത്രങ്ങള്‍ കാണാന്‍ നഗ്‌നനേത്രങ്ങള്‍ക്കാവില്ല. പ്രത്യേകമായി സംവിധാനം ചെയ്ത ക്യാമറക്കണ്ണുകളിലൂടെയേ ഈ ചിത്രങ്ങള്‍ കാണാനാവൂ. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വരച്ചതിനുള്ള യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറത്തിന്റെ അംഗീകാരമാണ് ഇപ്പോള്‍ അനൂപിനെ തേടിയെത്തിയിരിക്കുന്നത്.
'ആറു വര്‍ഷം മുമ്പാണ് ഞാന്‍ ലൈറ്റ് ഡ്രോയിങ് ആദ്യമായി പരീക്ഷിക്കുന്നത്,' അനൂപ് പറയുന്നു. 'ക്യാമറയുടെ ഷട്ടര്‍ സ്പീഡ് കുറച്ച് സെറ്റ് ചെയ്താല്‍ അതിനു മുന്നിലൂടെ സഞ്ചരിക്കുന്ന വെളിച്ചം രേഖാരൂപത്തിലാകും പതിയുക. ഇതിനെ കൃത്യമായി ചിത്രരൂപത്തിലാക്കുക എന്നതായിരുന്നു ആശയം. ആദ്യം ചന്ദനത്തിരി കൊണ്ടായിരുന്നു പരീക്ഷണം. പിന്നീട് മൊബൈല്‍ ഫ്‌ലാഷിലേക്കും ടോര്‍ച്ചിലേക്കും മാറി.'
'കണ്ണുകെട്ടി ക്യാന്‍വാസില്‍ ചിത്രം വരയ്ക്കുന്നത് പോലെയാണ് ലൈറ്റ് ഡ്രോയിങ്. ഉദാഹരണത്തിന് ഒരു മുഖം വരയ്ക്കണമെന്ന് കരുതുക. അതിനായി നാമാദ്യം ടോര്‍ച്ച് ഓണാക്കി ഒരു വട്ടമിടുന്നു. വട്ടം പൂര്‍ത്തിയായാല്‍ വെളിച്ചം കെടുത്തിയ ശേഷം വട്ടത്തിനകത്ത് കൃത്യമായ സ്ഥലത്ത് വീണ്ടും വെളിച്ചം ഓണാക്കി കണ്ണ് വരയ്ക്കണം. ശൂന്യതയില്‍ വരച്ച വട്ടത്തിന്റെ സ്ഥാനം മനസ്സില്‍ കൃത്യമായുണ്ടെങ്കിലേ ഇത് സാധ്യമാകൂ. തുടക്കത്തില്‍ ഉദ്ദേശിച്ച ചിത്രം വരച്ചെടുക്കാന്‍ മണിക്കൂറുകളുടെ പ്രയത്‌നം തന്നെവേണ്ടിവന്നിരുന്നു. ഇപ്പോള്‍ പരമാവധി രണ്ടോ മൂന്നോ ശ്രമത്തില്‍ തന്നെ ഒരു ചിത്രം പൂര്‍ത്തിയാക്കാനാവുന്നുണ്ട്.'
'ഒരു ചിത്രം വരയ്ക്കാന്‍ 30 സെക്കന്‍ഡൊക്കെയേ എടുക്കാനാവൂ. ആ സമയത്തിനുള്ളില്‍ ഫോട്ടോ എടുക്കുന്ന രീതിയിലാകും ഷട്ടര്‍സ്പീഡ് ക്രമീകരിക്കുക. സമയം കൂട്ടി ക്രമീകരിക്കാമെങ്കിലും, അതിവേഗം വരച്ചില്ലെങ്കില്‍ വരച്ചുവന്നത് എന്തെന്ന കാര്യത്തെ കുറിച്ച് നമുക്ക് രൂപമില്ലാതാകും' -ലൈറ്റ് ഡ്രോയിങ് ഫോട്ടോഗ്രാഫിയിലെ വെല്ലുവിളികളെ കുറിച്ച് അനൂപ് വിശദമാക്കി.
ഇത്തരത്തിലുള്ള 40 ചിത്രങ്ങള്‍ വരച്ചാണ് അനൂപ് ലോകറെക്കോഡിട്ടത്. ലൈറ്റ് ഡ്രോയിങ് ഫോട്ടോഗ്രാഫി പല രൂപത്തില്‍ ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ കൃത്യമായ ചിത്രങ്ങള്‍ വരയ്ക്കുന്ന ആരുമുള്ളതായി അറിവില്ലെന്ന് അനൂപ് പറയുന്നു. അനൂപിന് പാരമ്പര്യമായി കിട്ടിയതാണ് കലാവാസന. അച്ഛന്‍ എന്‍.കെ.ശശിധരന്‍ കൊമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റായിരുന്നു. ചെറുപ്പം മുതലേ ചിത്രരചനയില്‍ കമ്പമുള്ള അനൂപ് ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ അനീഷ് ഉപാസനയുടെ വഴിയേയാണ് ഫോട്ടോഗ്രാഫിയിലേക്ക് എത്തുന്നത്. ലൈറ്റ് ഡ്രോയിങ് ഫോട്ടോഗ്രാഫിയിലുടെ കാരിക്കേച്ചറുകള്‍ വരയ്ക്കാനുള്ള ശ്രമത്തിലാണ് ഈ കലാകാരനിപ്പോള്‍.
Content Highlights: light drawing photography anoop upasana