കാലാണ് വൈശാഖിന് കൈ. സാധാരണ ഒരാള്‍ കൈകൊണ്ട് ചെയ്യുന്നതെല്ലാം വൈശാഖ്  കാലുകൊണ്ട് ചെയ്യും. ഉള്ളംകൈ മടങ്ങുംപോലെ ഉള്ളംകാലും മടങ്ങും. നീളക്കുറവുണ്ടെങ്കിലും കൈവിരലുകള്‍പോലെ കാല്‍വിരലുകള്‍ ചലിക്കും. വീട്ടിലാണെങ്കില്‍ കൈകൊണ്ടെന്നപോലെ കാലുകൊണ്ട് ചോറുണ്ണും. പുറത്താണെങ്കില്‍ സ്പൂണ്‍ ഉപയോഗിക്കും. ടച്ച് സ്‌ക്രീന്‍ മൊബൈല്‍ ഫോണും കംപ്യൂട്ടര്‍ കീബോര്‍ഡും മൗസും വൈശാഖിന്റെ കാല്‍വിരല്‍ത്തുമ്പുകളില്‍ ഭദ്രം. കാല്‍കൊണ്ട് എഴുതിയ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ് വൈശാഖ്. വിധി തീര്‍ത്ത വെല്ലുവിളിയെ മനക്കരുത്തുകൊണ്ട് തോല്‍പ്പിച്ച് വിജയത്തിന്റെ ജീവിതവഴി വെട്ടിത്തുറക്കുന്ന ഇരുപത്തിനാലുവയസ്സുകാരനെക്കുറിച്ച് ....

 

Vaisakhവൈശാഖിന്റെ കാലുകള്‍ ചിലപ്പോള്‍ കൈകള്‍ക്കു തുല്യമോ മറ്റു ചിലപ്പോള്‍ അതിനെക്കാളേറെയോ ആണ്. വൈശാഖിനൊപ്പം ഒരുദിവസം കഴിഞ്ഞാല്‍ നമുക്കത് മനസ്സിലാകും. വൈകല്യം കാണുന്നവരുടെ കണ്ണിലാണെന്ന് ജീവിതംകൊണ്ട് തെളിയിക്കുകയാണ് വൈശാഖ്. 

പനിയുള്ളപ്പോള്‍ ചെയ്യാറുളളതുപോലെ ഷാള്‍ പുതപ്പിച്ചാണ് കുഞ്ഞുനാളില്‍ ആലപ്പടമ്പ് ഏറ്റുകുടുക്ക തോരക്കാട് പി.പി.ബാലകൃഷ്ണനും കെ.ഗീതയും വൈശാഖിനെ വീടിനു പുറ?േത്തക്ക് കൊണ്ടുപോയിരുന്നത്. അന്ന് ഏറ്റുകുടുക്കയില്‍ ജീജ എന്നപേരില്‍ ഹോട്ടല്‍ നടത്തിയിരുന്നു അവര്‍. അവിടെ മേശയുടെ മുകളില്‍ വൈശാഖിനെ ഇരുത്തിയാണ് അച്ഛനും അമ്മയും ജോലി ചെയ്തിരുന്നത്. അപ്പോള്‍ നാട്ടുകാരനായ എ.വി.നാരായണന്‍ വരച്ചുകൊടുത്ത ആനയുടെ ചിത്രത്തില്‍നിന്നാണ് വൈശാഖ് തന്റെ യാത്ര തുടങ്ങുന്നത്. കാല്‍വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ കുരുക്കിവെച്ച് വൈശാഖ് ആ ചിത്രം പലതവണ പകര്‍ത്തി. വീട്ടില്‍ ചേച്ചിമാര്‍ പഠിക്കുമ്പോള്‍ അവര്‍ക്കൊപ്പം അക്ഷരങ്ങളുമായി കൂട്ടുകൂടി. അങ്ങനെ തെളിഞ്ഞ 'കാലക്ഷരങ്ങളില്‍' ചരിത്രത്തില്‍ ബിരുദാനന്തര ബിരുദപരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് വൈശാഖ് ഇപ്പോള്‍. 

രാവിലെ ഉണര്‍ന്നാല്‍ എല്ലാ കാര്യങ്ങളും വൈശാഖ് സ്വന്തമായി ചെയ്യും. പാന്റ്സിടാന്‍ മാത്രമാണ് അമ്മയുടെ സഹായം വേണ്ടത്. കുപ്പായത്തിന്റെ കുടുക്കുകളെല്ലാംVaisakh 4 കാല്‍ വിരല്‍ കൊണ്ട് വൈശാഖ് ഊരുകയും ഇടുകയും ചെയ്യും. കൈകളില്ലാത്ത തന്നെ ചിലര്‍ അത്ഭുത ജീവിയെപ്പോലെ നോക്കിയപ്പോള്‍ കുട്ടിക്കാലത്ത് ചിലപ്പോഴെങ്കിലും മനസ്സ് ഇടറിയതായി  വൈശാഖ് പറയുന്നു. ഇപ്പോള്‍ അതൊന്നും ബാധിക്കാറില്ല. ആ നോട്ടം അവരുടെ വൈകല്യത്തിന്റെ ഭാഗമാണെന്ന് താന്‍ തിരിച്ചറിയുന്നതായി വൈശാഖ് പറയുന്നു. ബസ്സില്‍ യാത്രചെയ്യുമ്പോള്‍ തന്നെ തിരിച്ചറിയുന്ന എല്ലാവരും സീറ്റ് തരും. തിരക്കിനിടയില്‍ തിരിച്ചറിഞ്ഞില്ലെങ്കിലും നിന്നുയാത്രചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നാണ് വൈശാഖിന്റെ പക്ഷം. 

സാധാരണ ചിലര്‍ സംസാരത്തിനിടെ കൈകള്‍കൊണ്ട് കാണിക്കുന്ന ആംഗ്യങ്ങള്‍ വൈശാഖ് കാലുകള്‍കൊണ്ട് കാണിക്കും.  അത് ശ്രദ്ധിക്കുന്നതിനിടയില്‍ അരികില്‍ നിന്ന് അമ്മ വിളിച്ചുപറയുന്നു-ഇവന് കൈയില്ലെങ്കില്‍ എന്ത്...കാലും കൈയും ഒന്നിച്ചു നല്‍കിയിരിക്കുകയാണ് ദൈവം. 

10 സെന്റിലാണ് വൈശാഖിന്റെ വീട് സ്ഥിതിചെയ്യുന്നത്. അതില്‍ കോഴി, പ്രാവ് ഉള്‍പ്പെടെയുള്ള പലതരം പക്ഷികള്‍, നായ, മീന്‍ എന്നിവ ഉള്‍പ്പെടെ അമ്പതോളം ജീവനുകളെ വൈശാഖ് സംരക്ഷിക്കുന്നുണ്ട്.  എല്ലാത്തിന്റെയും പരിചരണം വൈശാഖ് സ്വന്തമായി ചെയ്യും. ഒരാള്‍ക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയാത്തത്രയും കരുത്തുള്ള ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട കൂറ്റന്‍ നായകളെ നോക്കുകൊണ്ടും വാക്കുകൊണ്ടും പൂച്ചകളാക്കും വൈശാഖ്. ഹയര്‍ സെക്കന്‍ഡറി പഠനകാലത്ത് വിവിധയിനം പ്രാവുകളെയും അങ്കക്കോഴികളെയും വളര്‍ത്തിവിറ്റാണ് കംപ്യൂട്ടര്‍ വാങ്ങിയതെന്ന് വൈശാഖ്. ഓണ്‍ലൈന്‍ വഴിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. വീട്ടില്‍ വില്പനയ്ക്ക് തയ്യാറായതിന്റെ ചിത്രമെടുത്ത് ഓണ്‍ലൈനില്‍ ഇടും. പിന്നെ ഫോണ്‍വഴി വിലയുറപ്പിക്കും. ഹയര്‍ സെക്കന്‍ഡറി പഠിക്കുന്ന കാലം മുതല്‍ വൈശാഖ് ഫെയ്സ്ബുക്കില്‍ ആക്ടീവാണ്. വീട്ടിലെ വിശേഷങ്ങള്‍ എഫ്.ബി.യില്‍ പങ്കുവെക്കുകയെന്നത് ഇപ്പോഴും ശീലത്തിന്റെ ഭാഗമാണ്. 

ഏറ്റുകുടുക്കയില്‍നിന്ന്  അറിവിന്റെ  ആകാശത്തിലേക്ക് 

Vaisakh 1ഏറ്റുകുടുക്ക എ.യു.പി.സ്‌കൂളാണ് അറിവിന്റെ ലോകത്തേക്ക് ചിറകുകളില്ലാതെ പറക്കാന്‍ വൈശാഖിനെ പ്രാപ്തനാക്കിയത്. അവിടത്തെ രമേശന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുവളരാനുള്ള സാഹചര്യം വൈശാഖിന് ഒരുക്കിക്കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സ്‌കൂളിലും പുറത്തും നടക്കുന്ന ചിത്രരചനാമത്സരങ്ങളില്‍ വൈശാഖിന്റെ കാല്‍വരകള്‍ തെളിഞ്ഞു തുടങ്ങിയതും അക്കാലത്തായിരുന്നു. കാലില്‍ നിറങ്ങളുമായി അന്ന് ജില്ലാതലം വരെയുള്ള മത്സരങ്ങളില്‍ വൈശാഖ് എത്തി. 

എട്ടാംതരം മുതല്‍ ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പഠനം. 80 ശതമാനം മാര്‍ക്കോടെയാണ് പത്താംതരം പൂര്‍ത്തിയാക്കിയത്. സ്വന്തം കാലുകളാല്‍ എഴുതാനായിരുന്നു വൈശാഖിന് താത്പര്യമെങ്കിലും അധ്യാപകരുടെ നിര്‍ബന്ധത്തിനുവഴങ്ങി സ്‌ക്രൈബിനെവെച്ചാണ് പത്താംക്ലാസ് പരീക്ഷയെഴുതിയത്. എന്നാല്‍ പ്ലസ്ടു ക്ലാസുകളിലെ പരീക്ഷയെല്ലാം വൈശാഖ് സ്വന്തമായി എഴുതി. 70 ശതമാനം മാര്‍ക്കുനേടി ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. ചരിത്രത്തില്‍ ബിരുദം നേടാന്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്നു. സ്വന്തമായി പരീക്ഷയെഴുതി 50 ശതമാനം മാര്‍ക്കോടെയാണ്  ബിരുദപഠനം പൂര്‍ത്തിയാക്കിയത്. പയ്യന്നൂര്‍ കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. ടിക്കറ്റില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് 12 വോട്ടിന് തോറ്റ ചരിത്രവും വൈശാഖിന് പറയാനുണ്ട്.

മാടായി കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദപരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് ഇപ്പോള്‍ വൈശാഖ്. പയ്യന്നൂരിലെ തോല്‍വിയുടെ ചരിത്രം വൈശാഖ് മാടായിയില്‍ മാറ്റിയെഴുതി. കഴിഞ്ഞവര്‍ഷം മാടായി കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു വൈശാഖ്. അവധിദിവസങ്ങളില്‍ പയ്യന്നൂരില്‍ പി.എസ്.സി. പരീക്ഷാ പരിശീലനത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ വൈശാഖ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണം, ഓട്ടോഡ്രൈവറായ അച്ഛന് ഒരു 'കാല്‍ത്താങ്ങ്' നല്‍കണം... വൈശാഖിന്റെ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. ഇക്കാലത്തിനിടയില്‍ സിനിമയിലും അഭിനയിച്ചു വൈശാഖ്. എന്‍ഡോസള്‍ഫാന്‍ പ്രമേയമാക്കി മനോജ് കാന സംവിധാനം ചെയ്ത 'അമീബ'എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ മകനായാണ് വൈശാഖ് വേഷമിട്ടത്. 2015-ല്‍ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ അവാര്‍ഡ് അമീബയ്ക്ക് ആയിരുന്നു.

Vaisakh 2ഇന്ത്യന്‍ മൗത്ത് ആന്‍ഡ് ഫൂട്ട് പെയിന്റിങ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷനില്‍ (ഐ.എം.എഫ്.പി.എ.) അംഗമാണ് വൈശാഖ്. ചുണ്ടുകള്‍കൊണ്ട് ചിത്രങ്ങള്‍ വരച്ച് പ്രസിദ്ധനായ കുഞ്ഞിമംഗലത്തെ ഗണേശാണ് വൈശാഖിനേ അതിലേക്ക് 'കാല്‍പിടിച്ച്' കൂട്ടിക്കൊണ്ടുപോയത്.

വളയം  പിടിക്കാന്‍ മോഹം

ഒരു മോഹം മൊട്ടിട്ടുണ്ട് ഇപ്പോള്‍ വൈശാഖിന്റെ ഉള്ളില്‍. കാര്‍ ഓടിക്കണം. വീട്ടില്‍ പുറത്തിറക്കാതെ വെച്ചിട്ടുള്ള അച്ഛന്റെ വാഹനം സ്റ്റാര്‍ട്ടുചെയ്ത് മുന്നോട്ടും പിന്നോട്ടും നീക്കിയിടുന്നത് വൈശാഖാണ്. അത് നിരത്തിലിറക്കാനുള്ള ധൈര്യം വൈശാഖിനുണ്ട്. അച്ഛനും അമ്മയും സമ്മതിക്കാത്തതാണ് പ്രശ്‌നമെന്നാണ് വൈശാഖ് പറയുന്നത്. വാഹനവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ഇതിനകം വൈശാഖിന് ഹൃദിസ്ഥമാണ്. ഗിയറില്ലാത്ത കാര്‍ ഓടിക്കാന്‍ തനിക്കാവുമെന്നും വൈശാഖ് ഉറപ്പിച്ച് പറയുന്നു. ചേച്ചി നീതുവിനെ ഇരുചക്രവാഹനം ഓടിക്കാന്‍ പഠിപ്പിച്ചത് വൈശാഖാണ്. മറ്റൊരു സഹോദരി ജീജയെ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വെല്ലുവിളികളെ വിജയത്തിന്റെ വഴികളാക്കാനുള്ള ആ ആത്മവിശ്വാസമാണ് വൈശാഖിന്റെ വിജയരഹസ്യം.

നെറ്റിയില്‍ ചന്ദനക്കുറിയില്ലാതെ വൈശാഖിനെ കാണുക വിരളമാണ്. കുഞ്ഞുനാള്‍ മുതലുള്ള എല്ലാ ചിത്രങ്ങളിലും ആ കുറി തെളിഞ്ഞു കാണാം. രാവിലെ കുളിച്ചെത്തുമ്പോഴേക്കും വിളക്കിനുമുന്നില്‍ അമ്മ തയ്യാറാക്കിവെക്കുന്ന ചന്ദനത്തില്‍ വലംകാല്‍ ചുണ്ടുവിരല്‍ തൊട്ട് വൈശാഖ് നെറ്റിയില്‍ വെക്കുന്നതാണത്. ക്ഷേത്രങ്ങളില്‍ പോകാന്‍ ഇഷ്ടമാണ്. എന്നാല്‍ ചെരിപ്പ് ഊരിവെക്കണമെന്നതിനാല്‍ ഉള്ളില്‍ കയറാറില്ല. കൈപോലെ വൃത്തിയായി സൂക്ഷിക്കുന്ന കാല്‍ മണ്ണില്‍ വെക്കുന്നതെങ്ങനെയെന്ന് വൈശാഖ് ചോദിക്കുന്നു. 

Vaisakh 3

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തായ കയ്യൂര്‍-ചീമേനിയുടെ അതിര്‍ത്തിയിലാണ് വൈശാഖിന്റെ വീട് സ്ഥിതിചെയ്യുന്ന കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത്. അതിര്‍ത്തിപഞ്ചായത്തുകളില്‍നിന്നുള്ള ദുരിതബാധിതരെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ വൈശാഖും അതില്‍പ്പെട്ടു. മൊബൈല്‍ഫോണ്‍ ചിലച്ചു. ഒരു കാല്‍വിരല്‍കൊണ്ട് കവര്‍ മാറ്റി ടച്ച് സ്‌ക്രീനില്‍ മറ്റൊരു വിരല്‍ തൊട്ടുവരച്ച് ചെവിയോട് ചേര്‍ത്ത് വെച്ച് വൈശാഖ് സംസാരിച്ചു തുടങ്ങി.