ശ്ശൂര്‍: ശ്രീകോവില്‍നടതുറന്ന് കൃഷ്ണവിഗ്രത്തിനുമുന്നില്‍ ജ്യോത്സ്‌ന വിളക്ക് തെളിക്കുമ്പോള്‍ പടിക്കുപുറത്താവുന്നത് പൂജയിലെ ആണ്‍കോയ്മയാണ്. ഏഴാം വയസ്സില്‍ മന്ത്രദീക്ഷ സ്വീകരിച്ച് പതിനൊന്നാം വയസ്സില്‍ ഭദ്രകാളി പ്രതിഷ്ഠ നടത്തിയാണ് പൂജാരിണി വരവറിയിച്ചത്.

കാട്ടൂരിനടുത്ത് പൊഞ്ഞനം പൈങ്കിണിക്കാവ് ശ്രീകൃഷ്ണക്ഷേത്രത്തില്‍ അച്ഛന്‍ കാട്ടൂര്‍ നെടുമ്പുര തെക്കിനിയേടത്ത് തരണനല്ലൂര്‍ ഇല്ലത്ത് പദ്മനാഭന്‍ നമ്പൂതിരിക്കൊപ്പം പൂജാകര്‍മങ്ങള്‍ ചെയ്യുകയാണ് ജ്യോത്സ്‌നാ പദ്മനാഭന്‍ എന്ന രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനി. പുലര്‍ച്ചെ അഞ്ചിനെത്തും നടതുറക്കാന്‍. പിന്നെ പൂജകള്‍. പത്തുമണിയോടെ നടയടച്ച് മടക്കം. വൈകീട്ടും ക്ഷേത്രത്തിലെത്തും. ക്ലാസില്ലാത്തപ്പോഴും വിശേഷപ്പെട്ട ദിവസങ്ങളിലും പതിവിങ്ങനെ.

അച്ഛന്റെയും അമ്മ അര്‍ച്ചനയുടെയും സമ്മതത്തോടെയാണ് ബന്ധുകൂടിയായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം തന്ത്രി തരണല്ലൂര്‍ പദ്മനാഭന്‍ നമ്പൂതിരിപ്പാടില്‍ നിന്ന് 2007-ല്‍ തന്ത്രശാസ്ത്രം പഠിച്ചുതുടങ്ങിയത്.
 
2010 മേയ് 23-ന് രാവിലെ കൃഷ്ണക്ഷേത്രവളപ്പിലെ കോവിലില്‍ ഭദ്രകാളിയെ പ്രതിഷ്ഠിച്ച് പതിനൊന്നുകാരി എഴുതിവെച്ചത് മറക്കാനാവാത്ത ചരിത്രം. ''ഏറ്റവും അടുപ്പമുള്ളവരെമാത്രം അറിയിച്ച് ചടങ്ങ് നടത്താനായിരുന്നു ആഗ്രഹിച്ചത്. പക്ഷേ, എല്ലാവരും അറിഞ്ഞു, വലിയ സംഭവമായി''-അച്ഛന്‍ പറയുന്നു.

മകളെ പൂജാരിയാക്കുന്നതില്‍ ചിലരുടെ മുറുമുറുപ്പ് പെട്ടെന്ന് ഇല്ലാതായി. ഇന്നിപ്പോള്‍ ജ്യോത്സ്‌ന ചെയ്യാത്ത പൂജകളിലില്ല. അച്ഛനൊപ്പം ക്ഷേത്രങ്ങളില്‍ പൂജയ്ക്കുപോയിട്ടുണ്ടെങ്കിലും ഇതൊരു ജോലിയായി കാണുന്നില്ല.
 
'പെണ്ണിനും ഇതൊക്കെ കഴിയുമെന്ന ആത്മവിശ്വാസമാണിപ്പോള്‍' -കാലടി ശ്രീശങ്കരാ കോളേജില്‍ സംസ്‌കൃതവേദാന്തം ബിരുദത്തിന് പഠിക്കുന്ന ജ്യോത്സ്‌ന പറയുന്നു. അനുജന്‍ ശങ്കരന്‍ തൃശ്ശൂര്‍ ബ്രഹ്മസ്വംമഠത്തില്‍ വിദ്യാര്‍ഥിയാണ്.