കോഴിക്കോട്: മുതലാളിത്തവും സവര്‍ണ മേധാവിത്ത്വവും നിലനില്‍ക്കുന്ന രാജ്യത്ത് രാഷ്ട്രീയ ബദലിന് പകരം ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരണമെന്ന് ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍. എ.ഐ.വൈ.എഫ്. ദേശീയ ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി 'കപടദേശീയ വാദത്തിനും മതതീവ്രവാദത്തിനുമെതിരെ' നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ ബീഫിന്റെ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനും ഭാഷയില്‍ മാത്രമാണ് വ്യത്യാസം. ട്രംപ് ഇംഗ്ലീഷില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുമ്പോള്‍ മോദി ഹിന്ദിയില്‍ പറയുന്നു.
വിദ്യാഭ്യാസം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ യഥാര്‍ഥ പ്രശ്‌നങ്ങളിലേക്ക് ആരും കടന്നു ചെല്ലുന്നില്ല. രാജ്യത്ത് മൂന്നുശതമാനം പേര്‍ക്ക് മാത്രമാണ് ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ശ്രമിക്കണം. ഇതിലൂടെ മാത്രമേ മതേതരത്വവും നീതിയും തുല്യതയും ലഭിക്കൂ.
വിവരസാങ്കേതിക മുന്നേറ്റത്തിനിടയിലും ഇന്ത്യയില്‍ പിന്തിരിപ്പന്‍ ആശയങ്ങളാണ് മേല്‍ക്കൈ നേടിയത്. മൊബൈല്‍ സന്ദേശം ആയിരം പേര്‍ക്ക് അയച്ചാല്‍ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കുന്നവരാണ് ഇവിടെയുള്ളത്. ഇന്ത്യയുടെ നാനാത്വം സംരക്ഷിച്ചു കൊണ്ട് സമാധാനം, സമത്വം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി മഴവില്‍ എകീകരണമാണ് ഉണ്ടാകേണ്ടത്. രാജ്യത്ത് ഒരു നാള്‍ സോഷ്യലിസം വരുമെന്നും അതാര്‍ക്കും തടയാനാകില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു.
ടാഗോര്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. രാജന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം. നാരായണന്‍ കനയ്യകുമാറിന് ഉപഹാരം നല്‍കി. നേതാക്കളായ ബിനോയ് വിശ്വം, ഇ.കെ. വിജയന്‍ എം.എല്‍.എ., ടി.വി.ബാലന്‍, അഡ്വ. പി. സന്തോഷ് കുമാര്‍, സത്യന്‍ മൊകേരി, അഡ്വ. പി. ഗവാസ്, ഡോ. ഫസല്‍ ഗഫൂര്‍, അജയ് ആവള, നരേന്ദ്രസോഹല്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.