രാമനെയല്ലാതെ മറ്റൊരു പുരുഷനെ
രാമപാദങ്ങളാലെ തീണ്ടുകയില്ല ഞാന്‍
നാരായണന്‍ വന്നു കൗസല്യാദേവിയില്‍
ഉത്ഭവിച്ചുണ്ടായ പുത്രനാം ശ്രീരാമന്‍
അങ്ങനെയുള്ളൊരു സ്വാമിയെ കൊല്ലുവാന്‍
ഭൂതലത്തില്ലാരും ഇല്ലെന്ന് നിര്‍ണയം
എന്ന വരികള്‍ പാടി അവര്‍ ചുവട് വെക്കാന്‍ തുടങ്ങി. ഇതും രാമായണകഥ തന്നെയാണ്. എന്നാല്‍ ഈ കഥ രാമന്റെയല്ല, പത്‌നി സീതയുടേതാണെന്ന് മാത്രം. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന സീതകളിയെന്ന അവതരണകലയുടെ പാട്ടാണിത്. സാധാരണ മലയാളപദങ്ങളില്‍, ചെറിയ ചുവടുവെപ്പിലൂടെ, സീതയുടെ കഥ അവതരിപ്പിക്കുന്നതാകട്ടെ കേരളത്തിലെ ഏറ്റവും അടിസ്ഥാനവര്‍ഗത്തിലെ ജനതയും.
ഇവിടെ പറയാന്‍ പോകുന്ന കഥ സീതകളിയുടെ കഥയല്ല. പകരം മറവിയിലാണ്ടുപോയ കേരളത്തിന്റെ തനതുകലാരൂപങ്ങളിലൊന്നിനെ വീണ്ടെടുത്ത കഥയാണ്. മൂന്നരപ്പതിറ്റാണ്ടോളം കാലം ഒരിക്കല്‍ പോലും അവതരിപ്പിക്കപ്പെടാതെ നാശത്തിലേക്ക് പോയ അവതരണകലയായിരുന്നു സീതകളി. എന്നാല്‍ ഇന്നതിന് വേദികളുണ്ട്. സ്ഥിരമായി പരിശീലനം നടത്തുന്ന ഇരുപതോളം കലാകാരന്‍മാരുണ്ട്. ഇത് പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. ഒരു കൂട്ടായ്മയുടെ രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണ്. നാടിന്റെ സംസ്‌കാരം കാക്കാന്‍ ഒരു പഞ്ചായത്ത് കാണിച്ച ദീര്‍ഘവീക്ഷണത്തിന്റെ ഫലം.
വേടര്‍, പുലയര്‍ സമുദായങ്ങളില്‍പെട്ടവരാണ് സീതകളി അവതരിപ്പിച്ചിരുന്നത്. കമ്പരാമായണത്തെയും അധ്യാത്മികരാമായണത്തെയും അടിസ്ഥാനമാക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. രാമായണകഥയിലെ വിവിധ വേഷങ്ങള്‍ കെട്ടി ഓണക്കാലത്ത് അത്തം മുതല്‍ 28 ദിവസം വരെയാണ് സീതകളി അവതരിപ്പിച്ചിരുന്നത്. സീതയുടെ വനയാത്ര മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ഭാഗങ്ങളാണ് സീതകളിയിലുള്‍പ്പെട്ടിരിക്കുന്നത്. കാണികളുടെ ഹരംകൂട്ടാന്‍ തമാശപാട്ടുകളും യുദ്ധരംഗങ്ങളുമൊക്കെയുണ്ടാകും.
ഓരോ വീടിന്റെയും മുറ്റത്ത് ചെന്നാണ് സീതകളി അവതരിപ്പിച്ചിരുന്നത്. ലളിതമായ ചുവടുവെപ്പുകളാണുള്ളത്. താളം പകരാന്‍ ചെണ്ടയും ഗഞ്ചിറയും മണിക്കട്ടയുമൊക്കെ ഉപയോഗിക്കും. ഒരു മുറ്റത്ത് നിന്ന് മറ്റൊരു മുറ്റത്തേക്ക് കഥയുമായി സഞ്ചരിക്കുമ്പോള്‍ കാണികളും ഒപ്പം കൂടും. ചിലയിടങ്ങളില്‍ നിന്ന് പ്രത്യേക ഭാഗം അവതരിപ്പിച്ചുകാണിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യും.
കൊല്ലം ജില്ലയിലെ പെരിനാട് പഞ്ചായത്തില്‍ സീതകളിക്ക് വലിയ പ്രചാരമുണ്ടായിരുന്നു. പിന്നീടിത് തീര്‍ത്തും അന്യം നിന്നു. 2017-ന്റെ തുടക്കത്തില്‍ പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനിലിനാണ് സീതകളി തിരിച്ചുകൊണ്ടുവരണമെന്ന ആശയം ആദ്യം തോന്നിയത്. 'പഞ്ചായത്തില്‍ റോഡും കെട്ടിടങ്ങളും മാത്രമുണ്ടാക്കിയാല്‍ പോരല്ലോ. നാടിന്റെ സംസ്‌കാരം നിലനിര്‍ത്തുന്നതുകൂടി പ്രധാനമാണെന്ന് തോന്നി. അതുകൊണ്ടാണ് സീതകളിയെ വീണ്ടും അവതരിപ്പിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ശ്രമമാരംഭിച്ചത്'' അനില്‍ നയംവ്യക്തമാക്കി. സെക്രട്ടറി എ. ബാബുരാജും പഞ്ചായത്തംഗങ്ങളും ആശയത്തിനൊപ്പം നിന്നതോടെ സംഗതി ഉഷാറായി.

എഴുത്തുകാരനായ ടി.എന്‍. ഷാജിമോനെയാണ് സീതകളിയുടെ പുനരാവിഷ്‌കാരത്തിനുള്ള ചുമതലയേല്‍പ്പിച്ചത്. നാടകകൃത്തായ ഷാജിമോന്‍ രണ്ട് നാടകപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ സീരിയലുകള്‍ക്കും ഹൃസ്വചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചിട്ടുള്ള ഷാജിമോന് 2016-ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ലഭിച്ചു. ഇതൊക്കെ പരിഗണിച്ചായിരുന്നു ഈ ചുമതല ഷാജിമോനിലെത്തിയത്. ഷാജിമോന്‍ ഉത്തരവാദിത്വം നന്നായി നിറവേറ്റുകയും ചെയ്തു.
പഴയ ആശാന്‍മാരെയും കലാകാരന്‍മാരെയും കണ്ടെത്തി സീതകളിയുടെ പാട്ടുകളും അവതരണവും മനസിലാക്കുകയായിരുന്നു ആദ്യത്തെ ജോലി. അങ്ങനെ ഓലിക്കര ഭാര്‍ഗവന്‍, ശിവദാസന്‍, ഇടയില രാഘവന്‍, ഭാസ്‌കരന്‍, സേതുഭായി, ബാബു തുടങ്ങിയവരുടെ ഓര്‍മകളില്‍ നിന്ന് പാട്ടും ചുവടുകളും കണ്ടെടുത്തു. പിന്നെ കലാകാരന്‍മാരായ രണ്ടുപേരുടെ സഹായത്തോടെ മൂന്ന് മാസത്തോളം നീണ്ട പരിശീലനം. മുറ്റത്ത് കളിച്ചിരുന്ന കളിയെ വേദിയിലേക്ക് പറിച്ചുനടാന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി. അവസാനം 2017 ഓഗസ്റ്റ് 28-ന് രാത്രി എട്ടിന് പെരിനാട് പഞ്ചായത്ത് ഓപ്പണ്‍ എയര്‍ വേദിയില്‍ 35 വര്‍ഷത്തിനുശേഷം സീതകളി വീണ്ടും അരങ്ങേറി.
കേവലമൊരു വേദിയിലെ അവതരണം കൊണ്ട് പരിപാടി നിര്‍ത്താന്‍ പെരിനാട്ടുകാര്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. സീതകളി ജനകീയകലയായി നിലനിര്‍ത്താനും പ്രചരിപ്പിക്കാനും ലക്ഷ്യംവെച്ച് ഗ്രാമീണകലാകാരന്‍മാരുടെ കൂട്ടായ്മയ്ക്ക് ഇവര്‍ രൂപംകൊടുത്തു. പെരിനാട് സീതക്കളി സംഘം (പെസീസം) എന്ന പേര് നല്‍കിയ കൂട്ടായ്മയ്ക്ക് 2018 നവംബറില്‍ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ അംഗീകാരം ലഭിച്ചു. കുഴിക്കലിടവക പുത്തൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുറ്റത്ത് തുടക്കമിട്ട സംഘത്തിന്റെ ആദ്യ അവതരണത്തിനുശേഷം പത്തിലേറെ വേദികളില്‍ ഇവര്‍ സീതകളി അവതരിപ്പിച്ചു.

സീതകളിയിലൂടെ കലാകാരന്‍മാരുടെ വലിയൊരു കൂട്ടായ്മയ്ക്കാണ് പെരിനാട്ടില്‍ തുടക്കമായത്. 20 കലാകാരന്‍മാരാണ് സംഘത്തിലുള്ളത്. സീതയായി രോഷ്‌നിയും രാമനായി ജയകുമാറും ലക്ഷ്മണനായി അഥിന്‍ദാസും രാവണനായി ശരത് ചാറ്റര്‍ജിയുമാണ് വേഷമിടുന്നത്. ദിവ്യ, നിരഞ്ജന, പത്മ, ബാബു, അനില്‍കുമാര്‍, അനുരാജ്, ഷാബുമോന്‍, രാജു, അനന്തകൃഷ്ണന്‍, രാജു ശ്രീനി തുടങ്ങിയവരൊക്കെ ഉള്‍പ്പെട്ട സംഘത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വീട്ടമ്മമാരും വിദ്യാര്‍ഥികളുമൊക്കെയുണ്ട്. 10 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ ഒരേ മനസ്സോടെ പരിശീലനത്തിനെത്തും. പഴയ കാരുവള്ളില്‍ തറവാടിന്റെ മുറ്റത്ത് ശനി, ഞായര്‍ ദിവസങ്ങളിലും ഒഴിവുദിനങ്ങളിലുമായാണ് പരിശീലനം. പഞ്ചമിയമ്മ, ശിവദാസന്‍, കമല, ഗൗരി, തങ്കപ്പന്‍, ശകുന്തള തുടങ്ങിയ പഴയ കലാകാരന്‍മാര്‍ പരിശീലനത്തിന്റെ മേല്‍നോട്ടക്കാരായുണ്ടാകും.

സീതകളിയെക്കുറിച്ചുള്ള അറിവ് നിലനിര്‍ത്താനും കൂടുതല്‍ പേരിലേക്കെത്തിക്കാനുമായി പെസീസം ഒരു ഡോക്യുമെന്ററിയും തയ്യാറാക്കി. 40 മിനിട്ട് നീളുന്ന 'സീതകളി - ദേശിംഗനാടിന്റെ ദളിത് രാമായണം' എന്ന ഡോക്യുമെന്ററിയുടെ തിരക്കഥയും സംവിധാനവും വിവരശേഖരണവുമൊക്കെ നിര്‍വഹിച്ചത് ടി.എന്‍. ഷാജിമോന്‍ തന്നെയാണ്. മൂന്നുലക്ഷത്തോളം രൂപ ചിലവായി. ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ പ്രതിഭ പിന്തുണ പദ്ധതിയിലൂടെ പകുതി തുക ലഭിച്ചു. ബാക്കി സ്വയം കണ്ടെത്തുകയായിരുന്നു. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐ.ഡി.എസ്.എഫ്.എഫ്.കെ.)യിലെ മത്സരേതര വിഭാഗത്തിലേക്ക് ഔദ്യോഗിക ഡോക്യുമെന്ററിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് കലാകാരന്‍മാരെല്ലാം പോയിരുന്നു. അവിടെ നിന്ന് കിട്ടിയ പ്രോത്സാഹനം കൂടുതല്‍ അവതരണങ്ങള്‍ക്കുള്ള ചുവടുവെപ്പായി മാറുമെന്ന പ്രതീക്ഷയിലാണ് പെരിനാട്ടിലെ ഈ കലാകാരക്കൂട്ടം.
Content Highlights: rejuvenate Seethakali by a team of youngsters in Kollam Perinad