തൊഴിലിന്റെ കാര്യത്തിൽ കാഴ്ചകൾ പലതാണ്... കാമ്പസ് ഇന്റര്‍വ്യൂ നടത്തി, ലക്ഷങ്ങള്‍ വരുമാനം നല്കി ചിലരെ ആഗോള കമ്പനികള്‍ കൊത്തിക്കൊണ്ടുപോകുന്നു... ഇന്റര്‍വ്യൂവിന് പോയിപ്പോയി മറ്റു ചിലരുടെയാകട്ടെ ചെരിപ്പ് തേയുന്നു... തൊഴിലില്ലായ്മ രൂക്ഷമായ സ്ഥിതിയിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലം കമ്പനികള്‍ ജീവനക്കാരെ പറഞ്ഞുവിടുകയും ചെയ്യുന്നു. എന്നാല്‍, ഇതിനേക്കാള്‍ രൂക്ഷമാകും വരും കാലങ്ങളിലെ സ്ഥിതിയെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
യൂണിസെഫ് റിപ്പോർട്ട് പറയുന്നത്
2030 ആകുന്നതോടെ ഇന്ത്യന്‍ യുവജനതയില്‍ 53 ശതമാനം പേരും വരുംകാല ജോലികള്‍ക്ക് പ്രാപ്തരല്ലാത്തവരാകുമെന്ന് ‘യൂണിസെഫ്’ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യന്‍ രാഷ്ട്രങ്ങളില്‍ 54 ശതമാനം യുവജനങ്ങളും വരുംകാല ജോലികള്‍ക്ക് പ്രാപ്തരല്ലെന്ന് യൂണിസെഫിന്റെ വിദ്യാഭ്യാസ കമ്മിഷനും ‘ഗ്ലോബല്‍ ബിസിനസ് കൊളീഷന്‍ ഫോര്‍ എജ്യൂക്കേഷ’നും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ആഗോള ശരാശരിയേക്കാള്‍ താഴെയാണ് ഇന്ത്യന്‍ യുവാക്കളുടെ പ്രവര്‍ത്തനമികവ്. ശരാശരി വരുമാനവും കുറഞ്ഞ വരുമാനവുമുള്ള പ്രദേശങ്ങളില്‍ യൂണിസെഫ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
അവസരങ്ങളിൽ കൊച്ചി മുന്നിൽ
കേരളത്തില്‍ സ്വകാര്യമേഖലയില്‍ കൂടുതല്‍പേര്‍ക്ക് ജോലി സമ്മാനിക്കുന്നത് കൊച്ചിയാണ്. ഐ.ടി. മേഖലയില്‍ ഇന്‍ഫോപാര്‍ക്കിലടക്കം നിരവധിപേര്‍ ജോലിചെയ്യുന്നു. അന്താരാഷ്ട്ര വിമാനത്താവളം, പോര്‍ട്ട് ട്രസ്റ്റ്, ഷിപ്പ്യാര്ഡ്, ഏലൂര്‍-കളമശ്ശേരി എന്നിവിടങ്ങളിലെ വ്യവസായമേഖല, പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികൾ തുടങ്ങി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ തൊഴിലവസരങ്ങൾ സമ്മാനിക്കുന്ന ഇടങ്ങൾ ഒട്ടേറെയുണ്ട്. എന്നാല്‍, 2030-ല്‍ ഈ സ്ഥിതി വിഭിന്നമാകുമോ എന്നാണ് കണ്ടറിയേണ്ടത്.
ബാങ്കിങ് മേഖല കടലാസ്രഹിതം
ബാങ്കിങ് മേഖലയില്‍ പഴയ മോഡല്‍ ഒന്നുമില്ല. ‘മാന്ലെസ്’, ‘പേപ്പര്‍ലെസ്’ സാഹചര്യമാണ് അവിടെ... ആളും അധികം വേണ്ട, കടലാസും വേണ്ട. അതിനാല്‍ത്തന്നെ, നല്ല സാങ്കേതിക പരിജ്ഞാനമുള്ള കുറച്ചുപേര്‍ക്ക് മാത്രമേ ഭാവിയില്‍ ജോലി ലഭിക്കൂ എന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ‘ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ’ സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രന് പറയുന്നു. മാറ്റത്തെ ഉള്‍ക്കൊള്ളണമെങ്കില്‍ വിദ്യാഭ്യാസത്തില്‍ മാറ്റം വരണം. പൊതുവിദ്യാഭ്യാസ രംഗത്ത് ഇത്തരത്തിലുള്ള മാറ്റത്തിന് സംസ്ഥാനം ശ്രമിക്കുന്നുണ്ട്. എന്നാല്‍, രാജ്യത്ത് ഇത്തരത്തിലുള്ള മാറ്റം ഉണ്ടാകുമോ എന്നറിയില്ല.
പഴയ മേഖലകളില്‍ പുതിയ ജോലികള്‍
സാങ്കേതികവിദ്യ വളരുന്നതിനാല്ത്തന്നെ പല ജോലികളും ഇല്ലാതാകും. പക്ഷേ, പഴയ മേഖലകളില്‍ത്തന്നെ പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ‘കേരള മാനേജ്മെന്റ് അസോസിയേഷന്’ സെക്രട്ടറി ബിബു പുന്നൂരാന്‍ പറയുന്നത്. കൊച്ചി പോലുള്ള നഗരത്തിന് ഇത്തരം മാറ്റത്തെ ഉള്ക്കൊള്ളനാകുമെന്നാണ് പ്രതീക്ഷ.
പക്ഷേ എന്‍ജിനീയറിങ് പഠനം നടത്തുന്ന അമ്പത് ശതമാനത്തോളം പേരും വിജയിച്ചല്ല ഇറങ്ങുന്നത്. ജയിച്ചുവരുന്നവരിൽത്തന്നെ പലരും ജോലിക്ക് പ്രാപ്തരല്ല എന്നതും ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ രംഗത്ത് മാറ്റം വരും
വരുംകാലത്തുണ്ടാകുന്ന വലിയ മാറ്റം ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി’ന്റെ വരവാണ്. ഇത് ആരോഗ്യരംഗത്ത് വലിയ മാറ്റം വരുത്തും, പുതിയ ജോലി സാധ്യതകളുണ്ടാക്കും. എന്നാല്‍, നമ്മുടെ വിദ്യാഭ്യാസരീതിക്കും പരീക്ഷാ സമ്പ്രദായത്തിനും മാറ്റം വരേണ്ടതുണ്ട്.
മെഡിക്കല്‍ കോളേജുകളുടെയും നഴ്സിങ് കോളേജുകളുടെയും നിലവാരം മെച്ചപ്പെടുത്തുകയും അവയുടെ എണ്ണം നിയന്ത്രിക്കുകയും വേണം. നിലവാരമില്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചുവരുന്ന പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ എണ്ണം കൂടിവരുന്നുണ്ട്. ഇത് നിയന്ത്രിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാറ്റത്തിനായുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു
നാലാം വ്യവസായ വിപ്ലവത്തോടെ വലിയമാറ്റമുണ്ടാകും, പുതിയ സാങ്കേതികവിദ്യ വരുന്നതോടുകൂടി, പഴയ ജോലികള്‍ക്ക് പകരം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് ‘കേരള സ്റ്റാർട്ടപ്പ് മിഷന്’ സി.ഇ.ഒ. സജി ഗോപിനാഥ് പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ മേഖലയിലുണ്ടാകുന്ന വളര്‍ച്ചയാണ് പ്രധാനം. ഇത് മുന്നില്‍ക്കണ്ടുള്ള ശ്രമം കേരളം ആരംഭിച്ചിട്ടുണ്ട്. പുതിയ മേഖലയില്‍ ജോലിസാധ്യതകള്‍ക്ക് നമ്മുടെ യുവാക്കളെ പ്രാപ്തരാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന് അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ മാറ്റം വരുന്നുണ്ട്. ഇത് വിജയിച്ചാല്‍ ‘നാലാം വ്യവസായ വിപ്ലവ’ത്തില്‍ വലിയ മുന്നേറ്റം കേരളമുണ്ടാക്കും.
ഞങ്ങളുടെ ഭാവിയെന്ത്...?
പുതിയ സാങ്കേതികവിദ്യകള്‍ പഠിച്ചാലേ രക്ഷയുള്ളു
-ഫേബ ബാബു (ബി.എസ്സി. നഴ്സിങ് ബിരുദധാരി)
ഭാവിയില്‍ തൊഴില്‍ ഇല്ലാത്ത സാഹചര്യം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഭയമുണ്ട്. പഠിച്ച കാര്യങ്ങള്‍ക്ക് ഭാവിയില്‍ പ്രാധാന്യം നഷ്ടപ്പെടാനുള്ള സാഹചര്യം ഏറെയാണ്. ജോലിയോടൊപ്പം പുതിയ സാങ്കേതികവിദ്യകള്‍ കൂടി പഠിച്ചാലേ പുതിയകാലത്ത് പിടിച്ചുനില്‍ക്കാനാകൂ.
ജോലിസാധ്യതകള്‍ കുറയും
-അനില എലിസബത്ത് രാജന് (അക്കൗണ്ടിങ് ജീവനക്കാരി)
വരുംകാലത്ത് എല്ലാ ഓഡിറ്റിങ്ങും ഓണ്‍ലൈന്‍ ആയി മാറും. ഇത് മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്. എന്നാല്‍, ഇത് ജോലിസാധ്യതകള്‍ കുറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. അക്കൗണ്ടിങ് പഠനം കഴിഞ്ഞ് ജോലിചെയ്യുന്നവരെല്ലാം തുടര്‍പഠനവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
ഒത്തുപോകാനുള്ള കഴിവുണ്ട്
എന്‍.ആര്. ശ്രീരാജ് (ഐ.ടി. ജീവനക്കാരന്)
പുതിയ സാങ്കേതികവിദ്യ വരുമ്പോള്‍ അതിനോട് ഒത്തുപോകാനുള്ള കഴിവ് ഐ.ടി. രംഗത്ത് ജോലിചെയ്യുന്നവരിലുണ്ടാകും. അത്തരത്തിലുള്ളവര്‍ക്കു മാത്രമേ ഇനിയുള്ളകാലത്ത് പിടിച്ചുനില്ക്കാന് കഴിയൂ. ജോലി നഷ്ടമായാല്‍ ചെയ്യാനുള്ള മറ്റൊരു കാര്യം എപ്പോഴും ഇവരുടെ മനസ്സിലുണ്ടാകും.
ബി.ടെക്. അടിത്തറ മാത്രം
സുജിത് സുദര്ശന് (ബി.ടെക്. ബിരുദധാരി)
ബി.ടെക്. പഠനത്തിലൂടെ നമുക്ക് ഒരു അടിത്തറയാണ് ലഭിക്കുന്നത്. ഈ അടിത്തറയിലാണ് മുന്നോട്ട് പോകുന്നത്. ബി.ടെക്കിന് പഠിച്ച കാര്യങ്ങളാകില്ല ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറിക്കഴിഞ്ഞ് ചെയ്യുക. സ്ഥാപനം നല്കുന്ന പരിശീലനം കൃത്യമായി നേടി മുന്നോട്ടുപോകുകയാണ് ചെയ്യേണ്ടത്. ഇതിന് സാധിച്ചില്ലെങ്കില്‍ ജോലി നഷ്ടമാകും.
വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇഷ്ടത്തോടെ പഠിക്കുന്നുള്ളു
പി.ജി. ജയസൂര്യ (മെഡിസിന് എം.ഡി. വിദ്യാര്‍ഥി)
വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇഷ്ടത്തോടെ പഠിക്കുന്നുള്ളു, അവര്‍ക്കു മാത്രമേ നൂതന കാര്യങ്ങള്‍ പഠിക്കാന്‍ താത്പര്യമുള്ളു, അവര്‍ക്കേ ഭാവിയില്‍ പിടിച്ചുനില്‍ക്കാനും സാധിക്കൂ. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന മേഖലയാണ് ആരോഗ്യരംഗം. അതിനാല്‍ത്തന്നെ അതിന് അനുയോജ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. അനുദിനം മാറുന്ന ചികിത്സാരീതികള്‍ പഠിച്ചെടുക്കണം.
നിലവിലെ ദേശീയ തൊഴിലില്ലായ്മ നിരക്ക് -6.1%
കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് -9.53% (ദേശീയ സര്‍വേ അനുസരിച്ചുള്ള കണക്ക്).
കേരളത്തിലെ തൊഴിൽ രഹിതർ -36.25 ലക്ഷം (സെപ്റ്റംബര്‍ വരെയുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കണക്ക്).
സംസ്ഥാനത്ത് തൊഴിൽ കാത്തിരിക്കുന്നത്
ഡോക്ടർമാർ -7,303
എൻജിനീയർമാർ -44,559
നഴ്സുമാർ -12,006
എം.ബി.എ. ബിരുദധാരികൾ -6,413
എം.സി.എ. ബിരുദധാരികൾ -3,772
ബിരുദധാരികള്‍ -3.31 ലക്ഷം
ബിരുദാനന്തര ബിരുദധാരികൾ -94,590
(ഇതിൽ 11,408 പേര് കൊമേഴ്സിലും 20,930 പേര് സയന്‍സിലും പി.ജി. പഠനം പൂര്‍ത്തിയാക്കിയവരാണ്).
ഐ.ടി.ഐ.യിൽനിന്ന് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയവർ -94,415
ഡിപ്ലോമക്കാർ -78,410
സെപ്റ്റംബര്‍ വരെ എറണാകുളം ജില്ലയില്‍ മാത്രം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലി കാത്തിരിക്കുന്നവർ -3,40,326