കട്ടപ്പന: ഷാര്‍ലിന്‍ ജോസഫ്, ഷെമീന ജബ്ബാര്‍... ഒരുകാലത്ത് മലയാളികള്‍ അഭിമാനത്തോടെയും അല്പം അഹങ്കാരത്തോടെയും മാത്രം പറഞ്ഞിരുന്ന പേരുകള്‍. ഏഴുവര്‍ഷക്കാലം അത്!ലറ്റിക്‌സില്‍ കേരളത്തിന്റെ പേര് രാജ്യത്തിന്റെ നെറുകയില്‍ കൊത്തിവെച്ച പ്രതിഭകള്‍. സ്‌പോര്‍ട്‌സിനോടുള്ള തീവ്രപ്രണയംതന്നെ ഇവരെ ജീവിതത്തില്‍ ഒന്നിപ്പിച്ചു. ഇന്ന് ഇവര്‍ ജീവിക്കുന്ന പ്ലാസ്റ്റിക് കൂരയ്ക്ക് പറയാനുണ്ടാകും, ഇവരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത ചതിയുടെ കഥ. ജീവിതത്തില്‍ പരാജയപ്പെട്ടപ്പോഴും ചേര്‍ത്തുപിടിച്ച കൈകള്‍ വിടാത്ത പ്രണയത്തിന്റെ കഥ.

2002-ലായിരുന്നു കായികകേരളത്തിന്റെ ചരിത്രത്തില്‍ ഷാര്‍ലിനെന്ന അഷ്‌കറിന്റെയും, ഷെമീനയുടെയും സുവര്‍ണകാലഘട്ടം ആരംഭിക്കുന്നത്. 1500 മീറ്റര്‍, 3000 മീറ്റര്‍, 5000 മീറ്റര്‍, ക്രോസ് കണ്‍ട്രി എന്നീ ഇനങ്ങള്‍ക്ക് പകരക്കാരെ അന്വേഷിക്കേണ്ടതില്ലാത്ത കാലം. കായികയിനങ്ങളില്‍ സമാനതകളില്ലാത്ത പ്രകടനങ്ങള്‍ക്കുടമകളായ ദമ്പതിമാര്‍ക്ക് വാഗ്ദാനപ്പെരുമഴകളുമായി തേടിയെത്തിയത് പ്രശസ്ത കോളേജുകള്‍. ചങ്ങനാശ്ശേരിയില്‍ ഒരേ മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസംപ്ഷന്‍ കോളേജില്‍ ഷെമീനയും എസ്.ബി. കോളേജില്‍ ഷാര്‍ലിനും പ്രവേശനംനേടി. അഡ്മിഷന്‍ ലഭിച്ച കാലത്തുതന്നെ ഷെമീനയുടെ അവസ്ഥ കണ്ടറിഞ്ഞ് കോളേജധികൃതര്‍ 50,000 രൂപ നല്‍കി.

ആദ്യകാലത്ത് മെച്ചപ്പെട്ട പരിശീലനസൗകര്യങ്ങളാണ് ഇവര്‍ക്ക് കോളേജ് നല്‍കിയത്. എന്നാല്‍, അത് അധികംകാലം നീണ്ടുനിന്നില്ല. ഇതിനിടെ ഷെമീനയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. വിദഗ്ധ ചികിത്സ നല്‍കാന്‍ കോളേജധികൃതര്‍ തയ്യാറായില്ല. വീട്ടുകാരുമായി ബന്ധപ്പെടാനുള്ള അനുവാദംപോലും ലഭിച്ചില്ല.

ഇതേത്തുടര്‍ന്ന് ഇരുവരും കോളേജില്‍നിന്നും ടി.സി. ചോദിച്ചെങ്കിലും നല്‍കിയ 50000 രൂപ തിരിച്ചുതരണമെന്നായി കോളേജധികൃതര്‍. അത്രയുംവലിയതുക സ്വപ്‌നം കാണാതിരുന്ന കാലത്തായിരുന്നിട്ടുകൂടി കഷ്ടപ്പെട്ട് സ്വരൂപിച്ച 25,000 രൂപ കോളേജിന് ഇവര്‍ തിരികെനല്‍കി. തുടര്‍ന്ന് ഷെമീനയുടെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് തിരികെനല്‍കി. എന്നാല്‍, സംസ്ഥാന-ദേശീയ മത്സരങ്ങളില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുകളടക്കമുള്ളവ കോളജധികൃതര്‍ പിടിച്ചുവെച്ചു. പഠനം പൂര്‍ത്തിയാക്കാനാവാതെ, സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാനാവാത്ത വേദന കടിച്ചമര്‍ത്തി അവര്‍ കോളേജിന്റെ പടികളിറങ്ങി.

അവസരങ്ങളുമായെത്തിയ മറ്റു കോളേജുകളിലും സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ പ്രവേശിക്കാനായില്ല. കേരളത്തിനും രാജ്യത്തിനും വേണ്ടി ഇനിയും നേട്ടങ്ങള്‍ കൊയ്യേണ്ടിയിരുന്ന ജീവിതങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ജീവിക്കുന്നത് കൂലിപ്പണിയെടുത്താണ്.

തല ചായ്ക്കാന്‍പോലും ഇടമില്ലാതിരുന്ന ഇവരുടെ ദുരവസ്ഥ കണ്ട് വെള്ളയാംകുടിയിലെ കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയാണ് 10 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയത്. ഇവിടെ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച ഷെഡ്ഡിലായിരുന്നു ഇവരും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ദുരിതങ്ങളുടെ തുടര്‍ച്ചയെന്നോണം ബുധനാഴ്ച വീശിയടിച്ച കാറ്റിലും മഴയിലും പ്ലാസ്റ്റിക് ഷെഡ്ഡ് തകര്‍ന്നു. കീറിയ പ്ലാസ്റ്റിക് ഷീറ്റുകളും ആസ്ബസ്റ്റോസ് ഷീറ്റും ചേര്‍ത്തുവെച്ച്, അതിനുള്ളിലാണ് ഈ നാലംഗ കുടുംബം ഇപ്പോള്‍ ജീവിക്കുന്നത്.

രാജ്യത്തിനുവേണ്ടി സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടണമെന്ന സ്വപ്‌നങ്ങള്‍ക്കൊന്നും ഇന്ന് ഇവരുടെ ജീവിതത്തില്‍ സ്ഥാനമില്ല. കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് മാത്രമാണ് സ്വപ്‌നമെന്ന് ഷാര്‍ലിന്‍ പറയുന്നു. ഷാര്‍ലിന്റെ വാക്കുകളിലൂടെ: 'പട്ടിണികിടന്ന കാലത്തുപോലും എനിക്കും ഭാര്യയ്ക്കും അംഗീകാരമായി കിട്ടിയ മെഡലുകളൊന്നും വിറ്റിട്ടില്ല. നാട്ടുകാരും സംഘടനകളും സഹായിച്ചാണ് കയറിക്കിടക്കാന്‍ ഒരിടം കിട്ടിയത്. കഷ്ടപ്പെട്ട് നേടിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെലഭിച്ചാല്‍ എന്തെങ്കിലും പണി നോക്കാമായിരുന്നു'.

ഷെമീനയുടെ വാക്കുകളിലും നഷ്ടങ്ങളുടെ വേദന നിഴലിക്കുന്നുണ്ട്: 'കോളേജധികൃതര്‍ കനിവ് കാട്ടിയിരുന്നെങ്കില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാമായിരുന്നു. സ്വപ്‌നങ്ങള്‍ തകര്‍ന്നു. എട്ടുവര്‍ഷമായി കൂലിപ്പണിയെടുക്കുന്നു. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജില്‍നിന്ന് ഇറങ്ങിയപ്പോള്‍ ഒരുപാട് കോളേജുകള്‍ അവസരങ്ങള്‍ തരാന്‍ തയ്യാറായിരുന്നു. എന്നാല്‍ ആവശ്യമായ രേഖകളില്ലാത്തതിനാല്‍ പ്രവേശനം ലഭിച്ചില്ല.'- ഷെമീന പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ കോളജധികൃതര്‍ നിഷേധിച്ചു. രണ്ടരമാസം മാത്രമാണ് ഷെമീന അസംപ്ഷന്‍ കോളജിലുണ്ടായിരുന്നത്. ഒരുദിവസം ഷെമീനയെ കോളജില്‍ നിന്ന് കാണാതായി. പിന്നീടാണ് ഷാര്‍ലിനെ വിവാഹം കഴിച്ചകാര്യം അറിഞ്ഞത്. ഷെമീനയെ കോളജില്‍ തുടരാന്‍ അനുവദിക്കാനാകില്ലെന്ന കാര്യം ഷെമീനയെയും കുടുംബത്തെയും അറിയിച്ചു. ടി.സിക്കൊപ്പം എല്ലാ സര്‍ട്ടിഫിക്കേറ്റുകളും തിരികെ നല്‍കി. പണം അവര്‍ തിരിച്ചുനല്‍കിയെന്ന വാദം തെറ്റാണ്. കോളജിലെ കായികാധ്യാപകന്‍ ജിമ്മി ജോസഫ് പറഞ്ഞു.