Wayanad
ഗോപി
കല്പറ്റ: വയനാടിന് കാര്യമായ നേട്ടങ്ങളൊന്നും നല്കാതെ ഒരു കലണ്ടര്‍ കൂടി കാലയവനികക്കുള്ളില്‍ മറഞ്ഞു. മലമടക്കുകള്‍ക്ക് മുകളിലെ സുന്ദരദേശത്തിലെ പ്രജകള്‍ പുറം ലോകവുമായി ബന്ധപ്പെടാനാവാതെ പലദിവസങ്ങളിലും ബന്ദികളായി. വയനാട്ടിലേക്കും ഇവിടെനിന്ന് പുറത്തേക്കുമുള്ള യാത്ര ചുരത്തില്‍ കുരുങ്ങി. 2018- ന്റെ ആരംഭത്തിലും വയനാട്, ചുരത്തിലെ ഗതാഗതക്കുരുക്കില്‍ തട്ടിത്തടയുകയാണ്. യാത്രയുടെ വഴികളടഞ്ഞ നാടിന് ബദല്‍മാര്‍ഗങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ചില സമരങ്ങളില്‍ മാത്രമൊതുങ്ങി.

തകര്‍ന്ന താമരശ്ശേരി ചുരത്തിലൂടെയാണ് ഈ പുതുവത്സരവുമെത്തുന്നത്. ചുരം ബദല്‍ റോഡിനായി മുറവിളികളുയര്‍ന്നെങ്കിലും ആരും കേട്ടഭാവം നടിച്ചില്ല. കര്‍ണാടകയിലെ ബെംഗളൂരു, മൈസൂരു നഗരങ്ങളുമായി സംസ്ഥാനത്തെ ബന്ധിപ്പിക്കുന്ന ദേശീയ പാത 766-ല്‍ ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്ന് പോകുന്ന ഭാഗത്തെ രാത്രിയാത്രാ നിരോധനം നീക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകളുണ്ടായില്ല.

ചൂളം വിളി സ്വപ്‌നങ്ങളില്‍ തന്നെ

വയനാടിന്റെ റെയില്‍വേ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീണതും 2017-ലായിരുന്നു. കേരളത്തിന്റെ റെയില്‍വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന, രാജ്യത്തെ ഏറ്റവും ലാഭകരമായ പദ്ധതികളിലൊന്നാവുമായിരുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് പാത അട്ടിമറിക്കപ്പെട്ടു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാതയ്ക്കായി കേന്ദ്രം പകുതി വിഹിതം നല്‍കാമെന്ന് പ്രഖ്യാപിക്കുകയും എല്ലാ അനുമതികളും നല്‍കുകയും ചെയ്തു. കേരളത്തിന്റെ റെയില്‍ വികസനത്തിന് ചരിത്രത്തില്‍ ഏറ്റവും വലിയ സഹായവും അനുമതിയും ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തെ ത്തുടര്‍ന്ന് പദ്ധതി മുടങ്ങി. മലമുകളില്‍ തീവണ്ടിയുടെ ചൂളംവിളിക്കായി കാതോര്‍ത്തിരുന്നവര്‍ പ്രാദേശിക വാദങ്ങളുടെ പേരില്‍ ചേരിതിരിയുന്നിടം വരെയെത്തി കാര്യങ്ങള്‍. രാജ്യത്തെ ഏറ്റവും ലാഭകരമാവുന്ന പാതകളിലൊന്നായി ഇന്ത്യയുടെ മെട്രോമാന്‍ ഇ. ശ്രീധരന്‍ വിലയിരുത്തിയ പദ്ധതിയാണ് അകാലചരമമടയുന്നത്.

wayanad
 
മെഡിക്കല്‍ കോളേജും ശ്രീചിത്തിരയും

ആരോഗ്യമേഖലയില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയ വയനാട് മെഡിക്കല്‍ കോളേജിന് വേണ്ടി ഒന്നും ചെയ്യാനായില്ല. മെഡിക്കല്‍ കോളേജ് തറക്കല്ലില്‍ മാത്രമൊതുങ്ങിയപ്പോള്‍ ജില്ലയിലനുവദിച്ച ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഓര്‍മയായി. അത്യാധുനിക ചികിത്സാ സൗകര്യങ്ങളൊന്നുമൊരുക്കാതെ, അത്യാസന്ന നിലയില്‍ ചികിത്സയ്ക്കായി ചുരമിറങ്ങുന്ന വയനാട്ടുകാരെ ബ്ലോക്കില്‍ 'കുരുക്കിക്കൊല്ലുകയാണിപ്പോള്‍.

വേര്‍തിരിക്കാനാവാതെ കാടും നാടും

ആനയും കടുവയും പുലിയും കരടിയുമെല്ലാം കാടിറങ്ങി, ജനവാസ കേന്ദ്രങ്ങളിലും ടൗണുകളിലുമെല്ലാമെത്തി. കഴിഞ്ഞ വര്‍ഷവും വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മനുഷ്യജീവനുകള്‍ പൊലിഞ്ഞു. പരിക്കേറ്റവര്‍ നിരവധിയാണ്. നാശനഷ്ടങ്ങള്‍ക്ക് കൈയും കണക്കുമില്ല. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ അനുദിനം പെരുകുമ്പോഴും അത് പരിഹരിക്കുന്നതിനായി ശാസ്ത്രീയ പഠനങ്ങള്‍ നടത്തി, ശാശ്വത പരിഹാരങ്ങള്‍ നടപ്പാക്കാന്‍ നടപടികളൊന്നുമില്ല.

കിതച്ച് കാര്‍ഷികമേഖലയും ടൂറിസവും

കാര്‍ഷിക മേഖലയുടെ തകര്‍ച്ച വയനാടിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തു. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും കര്‍ഷകരെ കുഴക്കുമ്പോള്‍ സഹായിക്കാന്‍ ആരുമില്ലാതായി. വരള്‍ച്ചാ പ്രശ്‌നത്തിനും ഇതുവരെ ശാശ്വത പരിഹാരമൊന്നുണ്ടായില്ല. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും മറ്റും സഞ്ചാരികളേറെയെത്തിയെങ്കിലും പല കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളില്ലാതെ യാത്രികരെ മടുപ്പിച്ചു. കുറുവാ ദ്വീപ് അടച്ചതും തുറന്നതുമെല്ലാം വിവാദങ്ങളുടെ അകമ്പടിയിലായിരുന്നു.

ഗോപിയുടെ തിളക്കം

ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമായി ടി. ഗോപി കേരളത്തിന്റെയാകെ അഭിമാനമായ നിമിഷമാണ് വയനാടിന് പോയവര്‍ഷം ഹൃദയത്തില്‍ സൂക്ഷിക്കാനുള്ളൊരു പ്രിയനിമിഷം. അന്തഃസര്‍വകലാശാല അത് ലറ്റിക് മീറ്റില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടിയ മീനങ്ങാടിക്കാരി അലീനജോസ്, വിവിധ മേളകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഒ.പി. ജെയ്ഷ, ഫുട്‌ബോള്‍ താരം സുശാന്ത് മാത്യു തുടങ്ങിയവരും ജില്ലയുടെ അഭിമാനമായി. എഴുത്തുകാരന്‍ ഒ.കെ. ജോണിയുടെ സാഹിത്യഅക്കാദമി അവാര്‍ഡുനേട്ടവും ആഹ്ലാദകരമായി.