ആത്മഹത്യയാണെന്ന് സര്‍ക്കാരും കോളേജ് അധികൃതരും പോലീസുമെല്ലാം ആണയിട്ട് പറഞ്ഞപ്പോഴും പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റല്‍ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ജിഷ്ണു പ്രണോയ് എന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുടെ അമ്മ മഹിജയ്ക്ക് തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. കാരണം ചെറുപ്പം മുതല്‍ക്ക് തന്നെ തന്റെ ലക്ഷ്യങ്ങളില്‍ കാലുറപ്പിച്ച്‌ സ്‌കൂള്‍ തലം മുതല്‍ വിജയിച്ച് മുന്നേറിയ ജിഷ്ണുവിന് ഒരു പരീക്ഷ ജയിക്കാന്‍ കോപ്പിയടിയുടെ ആവശ്യമില്ല എന്നത് തന്നെയായിരുന്നു ഇതിന്റെ അടിസ്ഥാന കാരണം.

ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ എന്ത് തന്നെ തെളിവുകള്‍ നിരത്തുമ്പോഴും ഈ നിമിഷം വരെയും  അവര്‍  വിശ്വസിക്കുന്നത് തന്റെ മകന്റേത് ഒരു കൊലപാതകം തന്നെയാണ് എന്നാണ്. ആ ഉറച്ച വിശ്വാസം ഒന്നു കൊണ്ടു മാത്രമായിരുന്നു കേരളം ഇതുവരെ കാണാത്ത ഒരു നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കാന്‍ മഹിജയെ പ്രേരിപ്പിച്ചതും. ഒടുവില്‍ ആ അമ്മയുടെ പോരാട്ടത്തെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയാതെ  സി.ബി.ഐ അന്വേഷണത്തിന് വഴിയൊരുങ്ങുമ്പോള്‍ നീതിക്കുവേണ്ടിയുള്ള ഒരു അമ്മയുടെ പോരാട്ടം കൂടി ചരിത്രത്തില്‍ ഇടം നേടുകയാണ്. 

Mahija

 

ചൊവ്വാഴ്ചയാണ് ജിഷ്ണുകേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ജോലി ഭാരമുള്ളതിനാല്‍ കേസ് ഏറ്റെടുക്കാനാവില്ലെന്ന സി.ബി.ഐയുടെ മുന്‍ നിലപാടിനേറ്റ ഒരു  തിരിച്ചടി കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഒടുവിലത്തെ നീക്കം. കേസന്വേഷണം വൈകിയതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി തെളിവുകള്‍ നഷ്ടപ്പെടാന്‍ ഈ കാലതാമസം ഇടവരുത്തുമെന്നും നിരീക്ഷിച്ചിരുന്നു. എങ്കിലും തന്റെ മകന് നീതി കിട്ടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് തന്നെയാണ് അമ്മ മഹിജയും അച്ഛന്‍ അശോകനും അടങ്ങുന്ന കുടംബം.  

കഴിഞ്ഞ ജനുവരി ആറിനായിരുന്നു പാമ്പാടി നെഹ്‌റു എന്‍ജിനിയറിംഗ് കോളേജ് ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് ആത്മഹത്യയാണെന്നായിരുന്നു സര്‍ക്കാരും, പോലീസും, കോളേജ് അധികൃതരുമെല്ലാം വിധിയെഴുതിയത്. പല തരത്തിലും കേസ് അട്ടിമറിക്കാനും ശ്രമം നടന്നു. മരണം നടന്നിട്ട് ഒരു വര്‍ഷത്തോളമാകാറായിട്ടും പ്രധാന പ്രതികളാരെയും തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കാത്തത് ഉന്നതങ്ങളില്‍ നിന്നുള്ള സ്വാധീനം തന്നെയായിരുന്നു. പക്ഷെ തന്റെ മകന് നീതി കിട്ടും വരെ കേസിന് പിന്നല്‍ ഉറച്ച് നില്‍ക്കുമെന്ന മഹിജയുടെ വാക്കിനെ അത്ര പെട്ടെന്ന് തള്ളിക്കളായാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കാരണം അവരുടെ വേദന കേരളം തന്നെ ഏറ്റെടുക്കുകയായിരുന്നു. 

 

നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിനിടെ കേരള പോലീസ് ആസ്ഥാനത്ത് നടു റോഡിലൂടെ വലിച്ചഴിക്കപ്പെട്ടൂ മഹിജ. അപ്പോഴും തന്റെ മകന് നീതി കിട്ടണമെന്ന ആ അമ്മയുടെ വാക്കുകള്‍ ഇന്നും കേരളത്തില്‍ മുഴങ്ങികേള്‍ക്കുന്നുണ്ട്. കൂടാതെ നീതിക്ക് വേണ്ടി മരണം വരെ പോരാടാനും തയ്യാറായിരുന്നു അവര്‍. ജിഷ്ണുവിന്റെ മുഖത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്നും കോളേജ് അധികൃതരുടെ ക്രൂരമായ പീഡനങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു കൂടെയുള്ള സുഹൃത്തുക്കുളും ജീഷ്ണുവിന്റെ കുടുംബവും ആരോപിച്ചിരുന്നത്. പക്ഷെ ആ വഴിക്ക് അന്വേഷണം നടത്തുവാനോ വേണ്ട നടപടിയെടുക്കുവാനോ സര്‍ക്കാരിനോ പോലീസിനോ താല്‍പര്യമുണ്ടായിരുന്നില്ല. 

Mahija at Hospital

 

കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മഹിജ മാസങ്ങള്‍ക്ക് മുമ്പ് ഡി.ജി.പിയെ കാണാനെത്തിയത്. എന്നാല്‍ സമരം ചെയ്ത മഹിജയെയും കൂടെയുള്ളവരെയും റോഡിലൂടെ വലിച്ചഴിച്ച് അറസ്റ്റ് ചെയ്യുന്ന പോലീസ് നടപടി കേസിലെ വിവാദങ്ങള്‍ വര്‍ധിപ്പിച്ചു. മഹിജ തിരുവനന്തപുരത്ത് സമരം  ചെയ്യുമ്പോള്‍ പത്താക്ലാസുകാരിയായ ജിഷ്ണുവിന്റെ സഹോദരി വീട്ടില്‍ നിരാഹാരമിരുന്നതും കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. രാഷ്ട്രീയ നേതാക്കളടക്കം ജിഷ്ണുവിന്റെ വീ്ട്ടിലെത്തി മഹിജയെ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി വീട്ടിലെത്താത്തതും ഏറെ ചര്‍ച്ചയായിരുന്നു.   

പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ നടത്തേണ്ട മൃതദേഹ പരിശോധന പി.ജി വിദ്യാര്‍ഥി നടത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും, മൃതദേഹത്തിലെ മര്‍ദനമേറ്റ പാടുകളെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയില്ലെന്നും ആരോപിച്ച് ജിഷ്ണുവിന്റെ കുടുംബം മുഖ്യമന്ത്രിക്ക്  പരാതി നല്‍കി. മാത്രമല്ല കോളേജ് അധികൃതരില്‍ നിന്നുള്ള ക്രൂരമായ മര്‍ദനമേറ്റാണ് ജിഷ്ണു ജീവനൊടിക്കിയതെന്നിതിനുള്ള വ്യക്തമായ തെളിവുകള്‍ സഹപാടികളില്‍ നിന്നും ലഭിച്ചിരുന്നു. പക്ഷെ ഈ പരാതിയിലൊന്നും തൃപ്തികരമായ മറുപടിയോ അന്വേഷണ പുരോഗതിയോ മഹിജയ്‌ക്കോ കുടംബത്തിനോ ലഭിച്ചിരുന്നില്ല. ഒടുവില്‍ കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പിന്നെയും നിരാശയായിരുന്നു ഫലം. 

കേസ് സംസ്ഥാന പോലീസിന് തന്നെ അന്വേഷിക്കാവുന്നതേയുള്ളൂവെന്നും ഏറ്റെടുക്കില്ലെന്നുമായിരുന്നു സി.ബി.ഐയുടെ നിലപാട്. തുടര്‍ന്ന് മഹിജ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലോടെ ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നതിനിടെ കേസില്‍ സംസ്ഥാന സര്‍ക്കാരിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത്രയും സുപ്രധാന കേസില്‍ പോലീസ് ഇങ്ങനെയാണോ പെരുമാറുന്നതെന്നായിരുന്നു സുപ്രീം കോടതി ആരാഞ്ഞിരുന്നത്. 

 

പ്രതിസ്ഥാനത്തുള്ള പാമ്പാടി കോളജ് അധികൃതരെ സഹായിക്കുന്ന നിലപാട് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതോടെയായിരുന്നു സിബിഐ അന്വേഷണം എന്ന ആവശ്യം ജിഷ്ണുവിന്റെ കുടുംബം ഉയര്‍ത്തിയത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേല്‍, അസി. പ്രഫ. സി.പി.പ്രവീണ്‍, പിആര്‍ഒ: സഞ്ജിത് വിശ്വനാഥന്‍, അസി. പ്രഫ. ദിപിന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.