'കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില നമുക്കറിയില്ല' -പലവട്ടം നമ്മള്‍ കേട്ടിട്ടുള്ളതാണ് ഈ ചൊല്ല്. എങ്കിലും ഇതിന്റെ അര്‍ത്ഥം നമ്മള്‍ ശരിയാംവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. ഏതൊരു വസ്തുവും ഉള്ളപ്പോള്‍ നാമതിന്റെ വില അറിയുന്നില്ല, ഇല്ലാതാകുമ്പോഴും നഷ്ടപ്പെടുമ്പോഴുമാണ് നാം അതിന്റെ പ്രാധാന്യവും മൂല്യവും യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത്. സുന്ദരമായ ഈ പ്രകൃതി, പക്ഷിമൃഗാദികള്‍, എല്ലാറ്റിലുമുപരി നമ്മെ നോക്കി സ്‌നേഹത്തോടെ പുഞ്ചിരിക്കുന്ന ഉറ്റവരും ഉടയവരും... മനോഹരമായ ഈ കാഴ്ചകള്‍ കണ്ടാണ് നിത്യവും നാം ജീവിക്കുന്നത്. എന്നാല്‍, ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഈ സുന്ദരകാഴ്ചകള്‍ നമുക്കന്യമാവുക... ജീവിതം ഇരുട്ടിലാകുക... സങ്കല്പിക്കാന്‍ പോലും നമുക്ക് പ്രയാസമുള്ളകാര്യം.

എന്നാല്‍, ഇത്തരം ഒരനുഭവത്തിലൂടെ ഒരു ചെറുപ്പക്കാരന്‍ കടന്നുപോയി. ഒന്ന് ഉറങ്ങി എണീറ്റപ്പോള്‍ കണ്ണിലെ വെളിച്ചം അണഞ്ഞ് അന്ധതയുടെ ലോകത്തിലെത്തപ്പെട്ട ആ യുവാവാണ് ഹെന്റി വാനോയ്ക്. എന്നാല്‍, പെട്ടെന്നൊരുനാള്‍ അന്ധനായിത്തീര്‍ന്നു എന്നതല്ല ഹെന്റിയെ നമ്മള്‍ പരിചയപ്പെടുവാനുള്ള കാരണം. ഇരുളിന്റെ ലോകത്തുനിന്ന് അകക്കണ്ണിലെ വെളിച്ചംകൊണ്ട് ജീവിതത്തില്‍ വിജയംവരിക്കുകയും ആ വെളിച്ചം അനേകര്‍ക്ക് കരുത്തുപകരുന്നതാക്കി മാറ്റുകയും ചെയ്തുകൊണ്ട് ചരിത്രം രചിച്ചു എന്നതാണ് ഹെന്റിയെ നാം പഠിക്കാന്‍ കാരണം. അതെ, ഹെന്റി ഒരു പാഠപുസ്തകമാണ്. 'ജീവിതം ഒരു പരാജയമാണ്' എന്ന് ചിന്തിക്കുന്നവര്‍ക്ക്', 'എനിക്ക് ഇത് സാധിക്കില്ല' എന്നു ചിന്തിക്കുന്നവര്‍ക്ക്, 'ജീവിതം വഴിമുട്ടി' എന്ന് ചിന്തിക്കുന്നവര്‍ക്ക് ആ പാഠപുസ്തകം ഒരു കൈവിളക്കാണ്.

1974 മേയ് 10-ന് കെനിയയിലാണ് ഹെന്റി ജനിച്ചത്. വളരെ പാവപ്പെട്ട ഒരു കുടുംബത്തിലാണ് ഹെന്റിയുടെ ജനനം. കാലിവളര്‍ത്തിയും കോഴി വളര്‍ത്തിയുമാണ് അഷ്ടിക്കുള്ള വക ആ കുടുംബം കണ്ടെത്തിയത്. ചെറുപ്പത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ആ ബാലന്‍, അമ്മയോടൊപ്പം ഒരു മണ്‍കുടിലിലാണ് കഴിഞ്ഞത്. സ്‌കൂള്‍പഠനകാലത്ത് സ്ഥിരമായി ഓട്ടമത്സരങ്ങളില്‍ ഹെന്റി വിജയിക്കുമായിരുന്നു. പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുമ്പോഴും ഓട്ടമത്സരത്തിലെ കൊച്ചുകൊച്ചു വിജയങ്ങള്‍ ഹെന്റിക്ക് വലിയ പ്രത്യാശ പകര്‍ന്നു. എന്നെങ്കിലും കെനിയയെ പ്രതിനിധീകരിച്ച് രാജ്യാന്തര മത്സരങ്ങളില്‍ ഓടുന്നത് ആ ബാലന്‍ സ്വപ്നംകണ്ടു. താന്‍ താമസിക്കുന്ന ചേരിയില്‍ നിന്ന് തന്റെ കുടുംബത്തെ കരകയറ്റാന്‍ സ്‌പോര്‍ട്സിലൂടെ തനിക്ക് കഴിയും എന്നവന്‍ ചിന്തിച്ചു. ഇതിനിടയില്‍ ഒരു ചെരുപ്പുകുത്തിയുടെ സഹായിയായി നിന്ന്, ആ തൊഴില്‍ പഠിച്ച് ചെറിയൊരു സഹായം അമ്മയ്ക്ക് നല്‍കാന്‍ ഹെന്റി ശ്രമിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഏതൊരു ചെറുപ്പക്കാരനെയും പോലെ, ജീവിതത്തെക്കുറിച്ചുള്ള വര്‍ണശബളമായ സ്വപ്നങ്ങളുമായി ഹെന്റി എന്ന ചെറുപ്പക്കാരന്‍ ജീവിച്ചു.

1995 ഏപ്രില്‍ 30-ന് പകലിന്റെ അധ്വാനഭാരവും പേറി പതിവുസ്വപ്നങ്ങളുടെ അകമ്പടിയോടെ ഹെന്റി ഉറങ്ങാന്‍ കിടന്നു. രാവിലെ അമ്മയുടെ വഴക്കുകേട്ടാണ് ഹെന്റി ഉണര്‍ന്നത്. നേരം പുലര്‍ന്ന് ഇത്രയും നേരമായിട്ടും പശുക്കളെ അഴിച്ചുകെട്ടാനും പാല്‍കറക്കാനും തയ്യാറാകാതെ കിടന്നുറങ്ങുന്നതിനാണ് അമ്മ ഹെന്റിയെ വഴക്കുപറഞ്ഞത്. എന്നാല്‍ കണ്ണുതുറന്ന ഹെന്റിക്ക് ചുറ്റും കൂരിരുട്ട് മാത്രം... അമ്മയ്ക്ക് തെറ്റുപറ്റിയെന്നും നേരം പുലര്‍ന്നിട്ടില്ലെന്നും തന്റെ ചുറ്റും കൂരിരുട്ടാണെന്നും ഹെന്റി തര്‍ക്കിച്ചു. വൈകാതെ അമ്മയും മകനും ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു... കാഴ്ച നഷ്ടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ആ അമ്മയും മകനും പകച്ചുനിന്നു. ഇനി കാലികളെ മേയ്ക്കാനോ ചെരുപ്പുകുത്താനോ തനിക്കാവില്ലെന്നും തന്റെ കുടുംബത്തിന് താങ്ങാവേണ്ട താന്‍ ഒരു ബാധ്യതയായി മാറുകയാണെന്നുമുള്ള യാഥാര്‍ത്ഥ്യം അവനെ വല്ലാതെ ഉലച്ചു.

വേദനയോടെ ആ അമ്മ മകനെ ഡോക്ടറുടെ അടുത്ത് കൊണ്ടുവന്നു. ഒരു സ്ട്രോക്ക് ഉണ്ടായതിന്റെ ഫലമായി ഹെന്റിയുടെ 'ഒപ്റ്റിക് നെര്‍വി'ന് പരിക്ക് സംഭവിച്ചതുകൊണ്ടാണ് കാഴ്ച നഷ്ടപ്പെട്ടതെന്നും ഇനി ഒരിക്കലും അത് വീണ്ടെടുക്കാനാകില്ലെന്നും അവര്‍ ഹെന്റിയെ അറിയിച്ചു. തന്റെ ജീവിതം എന്നത്തേക്കുമായി അവസാനിച്ചു എന്നവന്‍ കരുതി. നിരാശ അവനെ പിടികൂടി. അമ്മ അവനെ ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിലെ പ്രശസ്ത നേത്രരോഗ വിദഗ്ദ്ധരെ കാണിച്ചു.

കാഴ്ച വീണ്ടെടുക്കാനായില്ലെങ്കിലും ജീവിതം വീണ്ടെടുക്കാന്‍ സാധിക്കുന്നതായിരുന്നു ആ സന്ദര്‍ശനം. അവിടത്തെ ഡോക്ടര്‍മാര്‍ അവന് പ്രത്യേക പരിശീലനം നല്‍കി. അവന് കാഴ്ച മാത്രമേ നഷ്ടമായിട്ടുള്ളൂ എന്നും നിരാശയെ മറികടന്ന് ശുഭാപ്തി വിശ്വാസത്തോടെ മുന്നേറണം എന്നും അവര്‍ ഹെന്റിയെ പറഞ്ഞു മനസ്സിലാക്കി. അവരുടെ പ്രോത്സാഹനവും പരിശീലനവും അവനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. അവര്‍ അവനെ കൈത്തൊഴില്‍ പരിശീലിപ്പിച്ചു. കായിക പരിശീലനവും നല്‍കി.

ഒരുനാള്‍ പരിശീലനത്തിനിടെ പരിശീലകനോട് താന്‍ കുട്ടിക്കാലത്ത് മികച്ച അത്ലറ്റായിരുന്നുവെന്നും രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അവന്‍ പറഞ്ഞു. എന്നാല്‍, ഇനിയും ട്രാക്കിലിറങ്ങിക്കൂടേ എന്നായി പരിശീലകന്‍... അതായിരുന്നു തുടക്കം. ഹെന്റി വീണ്ടും ഓട്ടം ആരംഭിച്ചു. ഒരു പരീക്ഷണം എന്ന നിലയില്‍ തുടങ്ങിയ ഓട്ടം അവസാനിച്ചതാകട്ടെ പാരാലിമ്പിക് ട്രാക്കിലായിരുന്നു.

2000-ത്തില്‍ സിഡ്നിയില്‍ നടന്ന പാരാലിമ്പിക് മത്സരത്തില്‍ ഗോള്‍ഡ് മെഡലോടെ ഹെന്റി ഒന്നാമതെത്തി. അന്ധരായ ഓട്ടക്കാര്‍ക്ക് ഒരു ഗൈഡിനെ വയ്ക്കുന്ന പതിവുണ്ട്. ഹെന്റി കണ്ടെത്തിയതാകട്ടെ തന്റെ കളിക്കൂട്ടുകാരനായിരുന്ന കിബുന്‍ജയെ ആയിരുന്നു. ആദ്യമായി ഇവര്‍ ഓടിയപ്പോള്‍, ആളുകള്‍ കിബുന്‍ജയ്ക്കാണ് കാഴ്ച ഇല്ലാത്തതെന്നാണ് കരുതിയത്. കാരണം, അത്ര മികച്ച പ്രകടനമായിരുന്നു ഹെന്റിയുടേത്.

പിന്നീടങ്ങോട്ട് 5,000, 10,000 മീറ്റര്‍ മാരത്തണുകളിലെല്ലാം മിന്നുന്ന പ്രകടനം കാഴ്ചവച്ചുകൊണ്ട് ഹെന്റി മുന്നേറി. 2005-ല്‍ ഹാംബുര്‍ഗ് മാരത്തണില്‍ ലോക റെക്കോഡോടെയാണ് ഹെന്റി വിജയിച്ചത്. ആ റെക്കോഡ് ഇന്നും ആരും മറികടന്നിട്ടില്ല. അന്ധരായ കുട്ടികള്‍ക്കായും പാവങ്ങള്‍ക്കായും ധാരാളം സഹായം ഹെന്റി ഇന്ന് ചെയ്യുന്നുണ്ട്.

ജീവിതം പെട്ടെന്നൊരുനാള്‍ ഇരുളിലാണ്ടുപോയിട്ടും ഉള്‍ക്കരുത്തുകൊണ്ട് വെളിച്ചത്തിലേക്ക് ഓടിക്കയറിയ ഹെന്റി നമ്മുടെ ജീവിതങ്ങളിലേക്കും വെളിച്ചം വീശുന്നു. ജീവിതം അപ്രതീക്ഷിതമായി സമ്മാനിക്കുന്ന പ്രഹരങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടക്കാനാകുമെന്ന് ഹെന്റി നമ്മളെ പഠിപ്പിക്കുന്നു. എല്ലാം അവസാനിച്ചു എന്നു കരുതിന്നിടത്തുനിന്ന് ആരംഭിക്കാന്‍ ഹെന്റി നമ്മെ പഠിപ്പിക്കുന്നു.

Content Highlights: inspiring story of henry a blind athlete