ഴുവര്‍ഷം മുന്‍പാണ് വിധി അപകടത്തിലൂടെ അനീതിന്റെ ജീവിതത്തെ മാറ്റിയത്. തന്റെ പുത്തന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വെള്ളയമ്പലത്തിനടുത്ത് കാറിടിച്ച് അപകടമുണ്ടായി. ഇടതുകാലിനുണ്ടായ ഗുരുതരമായ പരിക്കില്‍ മുട്ടിനുമുകളില്‍ കാല്‍ മുറിച്ചുമാറ്റി.

23-ാം വയസ്സില്‍ കാല്‍ നഷ്ടപ്പെട്ടപ്പോള്‍ പെട്ടെന്നത് താങ്ങാനായില്ലെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. എന്നാലിപ്പോള്‍ കഠിന പ്രയത്‌നത്തിലൂടെ ആഗ്രഹിച്ചതെല്ലാം ഒന്നിനുപിറകെ ഒന്നായി നേടിയതിന്റെ സന്തോഷം അനീത് തുറന്നുപറയുന്നു. മലയിന്‍കീഴ് ശാന്തുമ്മൂല നയനയില്‍ എസ്.എസ്.അനീത് (30) ബി.കോം. ബിരുദധാരിയാണ്. മൂന്നുവര്‍ഷം മുന്‍പ് പി.എസ്.സി. പരീക്ഷയില്‍ വിജയിച്ച് ജോലി നേടി. സംസ്ഥാന തൊഴില്‍ വകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി തൊഴില്‍ഭവനില്‍ ജോലി ചെയ്യുന്നു.

ദീര്‍ഘകാലത്തെ പ്രണയം അപകടത്തിനുശേഷവും തുടര്‍ന്നു. രണ്ടരവര്‍ഷം മുന്‍പ് അഞ്ജു, അനീതിന്റെ ജീവിതസഖിയായി. ഒരുവര്‍ഷം മുന്‍പ് ആരംഭിച്ച കടുത്ത പരിശീലനത്തിനൊടുവിലാണ് അനീത് ഇപ്പോഴത്തെ വിജയം കരസ്ഥമാക്കിയത്. കേരള സ്റ്റേറ്റ് ബോഡി ബില്‍ഡിങ് അസോസിയേഷന്‍ അംഗപരിമിതര്‍ക്കായി നടത്തിയ ജില്ലാ, സംസ്ഥാനതല ശരീരസൗന്ദര്യ മത്സരത്തില്‍ അനീതിനായിരുന്നു ഒന്നാംസ്ഥാനം. ഇക്കഴിഞ്ഞ 10-ന് തൃശ്ശൂര്‍ വാടാനപ്പള്ളിയിലായിരുന്നു സംസ്ഥാനതല മത്സരം.

കഴിഞ്ഞ സിവില്‍ സര്‍വീസ് ബോഡി ബില്‍ഡിങ് മത്സരത്തില്‍ പങ്കെടുത്തുവെങ്കിലും അവസാന നിമിഷം അംഗപരിമിതര്‍ക്ക് മത്സരമില്ലെന്ന കാരണത്താല്‍ ഒഴിവാക്കി. ശരീര സൗന്ദര്യത്തിനുള്ള പരിശീലനം അനീതിനെ സംബന്ധിച്ച് കടുപ്പമേറിയതാണ്. രാവിലെ രണ്ടുമണിക്കൂറും വൈകീട്ട് മൂന്ന് മണിക്കൂറുമാണ് പരിശീലന സമയം. ശരീരത്തിന്റെ ഭാരം ക്രമീകരിക്കുമ്പോള്‍ അത് കാലിനെയും സ്വാധീനിക്കുമെന്ന് അനീത് പറയുന്നു. കടുത്ത വേദന സഹിച്ചുതന്നെയാണ് പരിശീലനം തുടരുന്നത്.

പരിശീലകന്‍ ആനന്ദ് പങ്കജിന്റെയും മലയിന്‍കീഴിലെ മസില്‍ഫാക്ടറിയെന്ന സ്ഥാപനത്തിന്റെയും പിന്തുണയാണിതിന് പിന്നിലെന്ന് അനീത്. 2012 ജൂണ്‍ 21-നായിരുന്നു അനീതിന് അപകടം സംഭവിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍നിന്ന് രാത്രി ജോലികഴിഞ്ഞ് വരുമ്പോഴാണ് പെട്ടെന്നു തിരിഞ്ഞ കാറിടിച്ച് അപകടമുണ്ടായത്. കാറോടിച്ചിരുന്ന സ്ത്രീ ഇതുവരെ തന്നെ കാണാന്‍പോലും കൂട്ടാക്കിയില്ലെന്ന് അനീത് പറയുന്നു.

കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനായിരുന്ന പരേതനായ സുരേന്ദ്രനാണ് അനീതിന്റെ അച്ഛന്‍. അമ്മ: ശശികല. സഹോദരന്‍: അനൂപ്. ശരീരസൗന്ദര്യ മത്സരത്തിനുള്ള തയ്യാറെടുപ്പില്‍ കൃത്യമായ സമയത്ത് നിയന്ത്രണത്തോടെയുള്ള ആഹാരക്രമം ആവശ്യമാണ്. ജോലിക്കിടയിലും ഇത് കൃത്യമായി നടക്കുന്നത് തന്റെ ഭാര്യയുടെ ശുഷ്‌ക്കാന്തിയാണെന്ന് അനീത് പറയുന്നു. രണ്ടര വര്‍ഷം മുന്‍പാണ് മങ്കാട്ടുകടവ് തൈവിള സ്വദേശിയായ അഞ്ജുവിനെ അനീത് വിവാഹം ചെയ്തത്. പരിമിതികളെ അതിജീവിച്ച് ശരീരസൗന്ദര്യ മത്സരത്തില്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന ദൃഢനിശ്ചയത്തിലാണ് ഈ ചെറുപ്പക്കാരന്‍.

Content Highlights: Inspiring Story Of Handicaped Aneeth Who Win On Body Building Competition