ലോക മല്ലന്മാരില്‍ മല്ലനാണ് കൊച്ചിക്കാരന് 'ചിത്തരേഷ് നടേശന്'... 2019-ലെ 'മിസ്റ്റര്‍ യൂണിവേഴ്സ്' പട്ടം ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഈ മലയാളി. ദക്ഷിണ കൊറിയയില്‍ നടന്ന പതിനൊന്നാമത് ലോക ബോഡിബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ 90 കിലോഗ്രാം വിഭാഗത്തില്‍ 'മിസ്റ്റര്‍ വേള്‍ഡ്' ആകുകയും വിവിധ വിഭാഗങ്ങളിലെ മിസ്റ്റര്‍ വേള്‍ഡുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍, ലോക മല്ലന്മാരെ കീഴ്പ്പെടുത്തിയുമാണ് ചിത്തരേഷ് 'മിസ്റ്റര്‍ യൂണിവേഴ്സ് കിരീടം' ചൂടിയത്.
മിസ്റ്റര്‍ യൂണിവേഴ്സാകുന്ന ആദ്യ ഇന്ത്യക്കാരന്. പക്ഷേ, ആരും ഈ മസില്‍മാനെ കണ്ടമട്ടില്ല എന്നതാണ് സത്യം. ഇതിനുമുമ്പ് ചിത്തരേഷ് 'മിസ്റ്റര്‍ ഡല്‍ഹി', 'മിസ്റ്റര്‍ ഇന്ത്യ', 'മിസ്റ്റര്‍ ഏഷ്യ' പട്ടങ്ങള്‍ നേടിയിരുന്നു. എന്നാല്‍, വേണ്ടത്ര ശ്രദ്ധ ഇദ്ദേഹത്തിന് കിട്ടിയില്ല.
ബോഡിബില്‍ഡിങ്ങില്‍ നേട്ടങ്ങളുടെ കൊടുമുടി കീഴടക്കിയ ചിത്തരേഷിന് ഇനി ആഗ്രഹം സ്പോര്‍ട്സ് ക്വാട്ടയില്‍ ഒരു സര്‍ക്കാര്‍ ജോലിയാണ്. സിനിമയില്‍ അഭിനയിക്കാനും താത്പര്യമുണ്ട്. എന്നാല്‍, എല്ലാം ആഗ്രഹങ്ങള്‍ മാത്രമായി ഒതുങ്ങുമോ എന്നാണ് ചിത്തരേഷിന്റെ ഭയം.
മഹാരാജാസിലെ ഹോക്കി താരം
ചെറുപ്പം മുതല്‍ ബോഡിബില്‍ഡര്‍ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 15 വയസ്സ് മുതല്‍ ബോഡിബില്‍ഡിങ്ങില്‍ ശ്രദ്ധകൊടുത്തുതുടങ്ങി. മഹാരാജാസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഹോക്കി താരമായിരുന്നു ചിത്തരേഷ്. മികച്ച ഹോക്കി താരമായി പേരെടുക്കണമെന്നായിരുന്നു ഈ സമയത്തെല്ലാം ചിത്തരേഷിന്റെ ആഗ്രഹം.
പിന്നീട് കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടത്തെ കാമ്പസില്‍നിന്ന് ഫിസിക്കല്‍ എജ്യൂക്കേഷനില്‍ ബിരുദം നേടി. തുടര്‍ന്ന് ട്രെയിനറായി അവസരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പോയി. ശേഷമായിരുന്നു നേട്ടങ്ങളുടെ പടവുകള്‍ കയറാന്‍ തുടങ്ങിയത്.
ദിവസം 40 മുട്ട, ഒരുകിലോ ചിക്കന്‍
രാവിലെ ആറിന് ചിത്തരേഷ് ഉറക്കമുണരും. പല തവണകളിലായി ഏഴ് തവണ ഭക്ഷണം കഴിക്കും. ഇതിനിടെ മൂന്ന് തവണകളിലായി നാലര മണിക്കൂര്‍ ഒരുദിവസം വര്‍ക്കൗട്ട് ചെയ്യും. 40 മുട്ട, ഒരു കിലോഗ്രാം ചിക്കന്‍, പ്രോട്ടീന്‍ ഷെയ്ക്ക് എന്നിവയാണ് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാനായി കഴിക്കുക. കൂടെ മധുരക്കിഴങ്ങ്, ചോറ്, പച്ചക്കറി, മത്സ്യം, ഓട്സ് എന്നിവയും ഭക്ഷണത്തില്‍ സ്ഥാനംപിടിക്കും.
കടം ഏഴ് ലക്ഷം അടുക്കുന്നു
ദിവസം ഭക്ഷണത്തിന് 1,000 മുതല്‍ 1,500 രൂപ വരെ ചെലവുണ്ട് ചിത്തരേഷിന്. വിദേശത്ത് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ചെലവ് ഒരു ലക്ഷത്തിന് മുകളില്‍.
മിസ്റ്റര്‍ യൂണിവേഴ്സാകാന്‍ പോയപ്പോള്‍ യാത്രാച്ചെലവും താമസവും എല്ലാം കഴിഞ്ഞപ്പോള്‍ 1.40 ലക്ഷം രൂപ ചെലവുവന്നു.
മത്സരമുള്ളപ്പോള്‍ ചിത്തരേഷിന് ജോലിക്കുപോകാന്‍ പറ്റില്ല. ഇതോടെ കടം പെരുകും. ഏഴ് ലക്ഷം രൂപയ്ക്കടുത്ത് നിലവില്‍ കടമുണ്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് നിലവില്‍ ഈ മസില്‍മാന്റെ ജീവിതം.
എറണാകുളം വടുതല സ്വദേശിയാണ് 33-കാരനായ ചിത്തരേഷ് നടേശന്. കൊങ്ങാരംപള്ളി നടേശന്റെയും ഗീതയുടെയും മകനാണ്. സൗമ്യ സൂരജ്, നീതു അരുണ്‍ എന്നിവര്‍ സഹോദരിമാരാണ്.
Content Highlights: he is Mr. Universe, want a govt job, facing 7 lakh debt