കാളികാവ്: തന്നെ ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ച കൂലിപ്പണിക്കാരനായ പിതാവിനെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കണമെന്ന ഒറ്റ വാശിയേ അവനുള്ളൂ. കാളികാവ് പള്ളിശ്ശേരിയിലെ കരിപ്പായി അബ്ദുല്‍ അസീസിന്റെയും ഖൈറുന്നിസയുടെയും നാലു മക്കളില്‍ മൂത്തവനായ ഇര്‍ഷാദ് കൂലിവേലചെയ്താണ് പഠനത്തിന് വരുമാനം കണ്ടെത്തുന്നത്. ഷൊര്‍ണൂര്‍ വിഷ്ണു ആയുര്‍വേദകോളേജില്‍ ബി.എ.എം.എസ്. അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് ഇര്‍ഷാദ് ഇപ്പോള്‍.

പഠനച്ചെലവിനായി പിതാവ് പലരോടും വായ്പ ചോദിച്ചു. മകനെ സാമ്പത്തികച്ചെലവില്ലാത്ത എന്തെങ്കിലും പഠിപ്പിച്ചുകൂടെ എന്ന മറുപടിയാണ് പലരില്‍നിന്നും ലഭിച്ചത്. പ്ലസ്ടു വരെ ഐസ് വില്‍പന നടത്തിയും മണല്‍വാരിയുമാണ് ഇര്‍ഷാദ് പഠിച്ചത്. മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്കും പിന്നെ കോളേജില്‍ പഠിക്കാനും പണം തികയില്ല എന്നു വന്നപ്പോള്‍ ഭേദപ്പെട്ട കൂലി ലഭിക്കുന്ന കെട്ടിടനിര്‍മാണ തൊഴിലിലേക്കിറങ്ങി.

പഠനത്തിലെ ആത്മാര്‍ഥത തൊഴില്‍രംഗത്തും ഇര്‍ഷാദ് കാണിച്ചു. തൊഴിലിടങ്ങളില്‍ അവന് പ്രത്യേക പരിഗണന ലഭിക്കുന്നു. ഹോട്ടല്‍, കെട്ടിടനിര്‍മാണം, സിമന്റ് കട്ട നിര്‍മാണം തുടങ്ങി എല്ലാ മേഖലകളിലും ഒഴിവു സമയങ്ങളില്‍ പണിയെടുക്കുന്നു. ഡോക്ടറാവണം എന്ന ഒറ്റ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പരിഹാസങ്ങള്‍ പ്രചോദനമാക്കി രാപകല്‍ കഠിനാധ്വാനം ചെയ്യുകയാണ്.

ഒരു രൂപ പോലും കുടുംബത്തിന് ബാധ്യത വരുത്താതെയാണ് പഠനം. അടച്ചിടല്‍കാലത്ത് കിട്ടിയ ഒഴിവുസമയം പരമാവധി പ്രയോജനപ്പെടുത്തി.