വാഷിങ്ടണ്‍: നിതിന്‍ സോനാവാനെ 55 ദിവസമായി അമേരിക്കയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സൈക്കിളില്‍ ചുറ്റുകയാണ്. മഹാത്മാഗാന്ധിയുടെ ചിത്രവും അഹിംസാസന്ദേശവും പതിപ്പിച്ച സൈക്കിളില്‍. 2019 ഒക്ടോബര്‍ രണ്ടിന് ഇന്ത്യയില്‍ മാത്രമല്ല, ലോകം മുഴുവനും നൂറ്റമ്പതാം ഗാന്ധിജയന്തി ആഘോഷിക്കണം; ലോകസമാധാനത്തിനും ലോകമാനവസൗഹാര്‍ദത്തിനും ഗാന്ധിചിന്ത പ്രയോജനപ്പെടുത്തണം. അതാണ് സോനാവാനെയുടെ ലക്ഷ്യം.

സ്‌കൂളുകളിലും കോളേജുകളിലും തൊഴില്‍ശാലകളിലുമെത്തി അദ്ദേഹം ഗാന്ധിജിയെ പരിചയപ്പെടുത്തുന്നു. അതതുപ്രദേശത്തുള്ളവരുടെ സഹായത്തോടെയാണ് താമസവും ഭക്ഷണവും. രണ്ടുദിവസംമുമ്പ് വാഷിങ്ടണില്‍ വൈറ്റ്ഹൗസിനുമുന്നിലെത്തിയ സോനാവാനെ അവിടെ കൂടിനിന്നവരോട് അഹിംസയെയും ഗാന്ധിജിയുടെ മഹത്തായ ജീവിതത്തെയുംകുറിച്ച് വിവരിച്ചു.

മഹാരാഷ്ട്രയിലെ പുണെയില്‍ റാഷിന്‍ ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ പിറന്ന നിതിന്‍ സോനാവാനെ എന്‍ജിനീയറായിരുന്നു. 26 വയസ്സേ ആയുള്ളൂ. കഴിഞ്ഞ വര്‍ഷമാണ് ജോലി ഉപേക്ഷിച്ച് സൈക്കിളില്‍ ലോകം ചുറ്റാനിറങ്ങിയത്.

ജാതിരഹിതവും മതസൗഹാര്‍ദം പുലരുന്നതുമായ മഹാരാഷ്ട്ര എന്ന മുദ്രാവാക്യത്തോടെ 2015-ല്‍ത്തന്നെ സോനാവാനെ പൊതുരംഗത്ത് സക്രിയമായിരുന്നു. 2016 ഒക്ടോബര്‍ രണ്ടിന് വാര്‍ധയിലെ സേവാശ്രമത്തില്‍നിന്ന് ഗാന്ധിയന്‍ തത്ത്വപ്രചാരണ ലോകയാത്രയ്ക്ക് തുടക്കംകുറിച്ചു. സമാനമനസ്‌കരായ മൂന്ന് ചെറുപ്പക്കാരോടൊപ്പം ആദ്യം ഇന്ത്യചുറ്റി. പിന്നെ വിവിധ രാജ്യങ്ങളിലെ സമാധാനപ്രസ്ഥാനങ്ങളുടെ പിന്തുണയോടെ യാത്ര.

ഇപ്പോള്‍ 390 ദിവസം പിന്നിട്ടു. തായ്‌ലന്‍ഡ്, ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ സൈക്കിളോട്ടത്തിനുശേഷമാണ് അമേരിക്കയിലെത്തിയത്. അമേരിക്കയിലെ യാത്ര തുടങ്ങിയത് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ നിന്നായിരുന്നു. യാത്ര രണ്ടുമാസം പിന്നിട്ടു. കഴിഞ്ഞ ഗാന്ധിജയന്തി നാളില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട് ഗാന്ധിയന്‍ ആശയങ്ങളെക്കുറിച്ച് സംസാരിച്ചു. ന്യൂയോര്‍ക്കിലെ ശാന്തിഫണ്ട് ഫൗണ്ടേഷനാണ് അമേരിക്കയിലെ യാത്രയ്ക്ക് സഹായമൊരുക്കിയത്.

യാത്ര 400 ദിവസത്തിലേക്ക് കടക്കുമ്പോള്‍ സോനാവാനെ ആവേശഭരിതനാണ്. ഓരോ നാട്ടിലും ജനങ്ങള്‍ ഇരുകൈയുംനീട്ടി സ്വീകരിക്കുന്നു, ഭക്ഷണവും താമസസൗകര്യവും നല്‍കുന്നു. സംസാരിക്കാന്‍ അവസരമൊരുക്കുന്നു.

ഗാന്ധിജിയുടെ ചിത്രം കാണിച്ച് അര്‍ധനഗ്നനായ ഈ മനുഷ്യന്‍ അഹിംസയുടെ സന്ദേശമാണ് നല്‍കുന്നതെന്നും 2019-ല്‍ ഇദ്ദേഹത്തിന്റെ 150-ാം ജന്മദിനം ലോകസമാധാനത്തിന്റെയും മാനവസാഹോദര്യത്തിന്റെയും ദിനമായി എല്ലാവരും കൊണ്ടാടണമെന്നും പറയുന്നു. അതതുനാട്ടിലെ മൂന്നുംനാലും പേര്‍ സഹയാത്രികരായി ഒപ്പം കൂടുന്ന അനുഭവവുമുണ്ട്.

ഇനി തെക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമാണ് പോകാനുള്ളത്. 2019 ഒക്ടോബര്‍ രണ്ടിന് പാകിസ്താനിലെ ലഹോറില്‍ യാത്ര അവസാനിപ്പിക്കാനാണ് പരിപാടി. യാത്ര ഓരോദിവസം പിന്നിടുമ്പോഴും തനിക്ക് മനുഷ്യനന്മയിലുള്ള വിശ്വാസം കൂടിവരികയാണെന്ന് നിതിന്‍ സോനാവാനെ പറഞ്ഞു.