കോഴിക്കോട്: കരിങ്കല്‍ച്ചീളുകള്‍ക്ക് മുകളില്‍ ഉരുകിയ ടാര്‍ ഒഴിക്കുമ്പോള്‍ അന്ന് കൃഷ്ണന്‍ മനസ്സില്‍ കുറിച്ചിരുന്നു- പഠിച്ച് ഉയരങ്ങളില്‍ എത്തണമെന്ന്. ആ കഠിനാധ്വാനം കൃഷ്ണന്‍ കാളിദാസിനെ ഇന്നെത്തിച്ചത് ഫാറൂഖ് പോലീസ് സ്റ്റേഷന്‍ സി.ഐ. പദവിയിലാണ്. സ്റ്റേഷന്‍ പരിധിയില്‍വരുന്ന റോഡുകളുടെ ടാറിങ് പണി പണ്ട് പഠിക്കുന്നകാലത്ത് കൃഷ്ണന്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റ് വഴി കൃഷ്ണന്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.

പോലീസ് സ്റ്റേഷനെ ജനകീയമാക്കാനും മാതാപിതാക്കള്‍ മക്കളെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സി.കെ. ഫെയ്‌സ്ബുക്ക് വഴി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതിനിടയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതകഥ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ്ചെയ്തത്.

പാലക്കാട് അഗളി സ്വദേശിയായ കൃഷ്ണന്റെ ജീവിതപ്രയാസങ്ങളോടുള്ള പോരാട്ടമാണ് ഇന്ന് സി.ഐ. പദവിവരെയെത്തിച്ചത്. കാളി-വേന്തി ദമ്പതിമാരുടെ ആറുമക്കളില്‍ അഞ്ചാമനായ കൃഷ്ണന്റെ കോളേജ് ജീവിതം പ്രയാസങ്ങളുടെ ചുഴിയിലായിരുന്നു. 2002-ല്‍ പാലക്കാട് വിക്ടോറിയ കോളേജിലെ പഠനകാലത്ത് കുടുംബപ്രയാസം കാരണം റോഡുപണിക്കാര്‍ക്കൊപ്പം ചേര്‍ന്നു. കോളേജ് ഇല്ലാത്ത ദിവസങ്ങളിലും ചിലപ്പോള്‍ ലീവെടുത്തും റോഡുപണിയില്‍ മുഴുകി. 2007-ല്‍ കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ കയറി. 2009-ല്‍ എസ്.ഐ. പരീക്ഷ പാസായി. എസ്.ഐ. സെലക്ഷന്‍ ലഭിച്ചു. എസ്.ഐ. ആയി പോസ്റ്റ് ലഭിച്ചത് കാസര്‍കോട്ടായിരുന്നു.

2019 ജൂണ്‍ മാസത്തിലണ് ഫറോക്ക് സി.ഐ. ആയി കെ. കൃഷ്ണന്‍ ചുമതലയേറ്റെടുത്തത്. കോറോണയ്ക്ക് മുന്നില്‍ തോറ്റുപോവരുതെന്ന് അദ്ദേഹം പറയുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.