ദ്രുത എന്ന സംസ്‌കൃതം വാക്കിന് ചുറുചുറുക്കുള്ള എന്നൊരര്‍ത്ഥമുണ്ട്. ഇവിടെ ഒരേ മനസോടെ ആറ് പെണ്‍കുട്ടികള്‍ ഒത്തു ചേര്‍ന്നപ്പോള്‍ പിറവി കൊണ്ടത് ദ്രുത എന്ന സംഗീത ബാന്‍ഡാണ്. പുരുഷകേസരികളുടെ ശബ്ദസ്പര്‍ശമില്ലാത്ത കേരളത്തിലെ സംഗീത ബാന്‍ഡുകളിലൊന്നാണിപ്പോള്‍ ദ്രുത.

ദ്രുത എങ്ങനെ പതിയെ താളം പിടിച്ച് തുടങ്ങിയ വഴികളിലേക്ക് നോക്കിയാല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു എന്ന് മനസിലാക്കാനാവും. സംഗീതം പഠിക്കണമെന്ന മോഹവുമായി ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയ പാര്‍വതി രവികുമാറിന്റെ മനസിലാണ് ബാന്‍ഡ് എന്നൊരു ആശയമുദിക്കുന്നത്. കര്‍ണാക സംഗീതജ്ഞയായ ഓമനക്കുട്ടിയുടെ ശിഷ്യ കൂടിയാണ് പാര്‍വതി. തന്റെ ആഗ്രഹം സുഹൃത്തിനോട് പറഞ്ഞപ്പോള്‍ പരിപൂര്‍ണമായ പിന്തുണയാണുണ്ടായതെന്ന് പാര്‍വതി പറയുന്നത്. 

പ്രോല്‍സാഹനം കിട്ടിക്കഴിഞ്ഞപ്പോള്‍ അടുത്ത പടി അംഗങ്ങളെ തേടുകയായിരുന്നു. അതുതന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെയിരിക്കേയാണ് താന്‍ നേരത്തെ സൗണ്ട് എഞ്ചിനീയറിങ് പ്രോജക്റ്റ് ചെയ്ത കോളേജിലെ അധ്യാപകരെ പാര്‍വതി ബന്ധപ്പെടുന്നത്. സൗണ്ട് എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന ഇതേ കോളേജിലെ അധ്യാപിക കൂടിയായ കൃഷ്ണകല ദ്രുതയിലേക്ക് കടന്നുവരുന്നത് അങ്ങനെയാണ്. പിന്നീട് പല സംഗീതാധ്യാപകരേയും ബന്ധപ്പെട്ടാണ് ബാന്‍ഡിലെ മറ്റംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. 

ഇവരാരും പ്രൊഫഷണല്‍ ഗായകരല്ല എന്നതാണ് ദ്രുതയെ മറ്റ് സംഗീത ബാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പാര്‍വതി തന്നെയാണ് ബാന്‍ഡിലെ പ്രധാന ഗായിക. ഇന്‍ക്രീഷന്‍ മീഡിയാ എന്റര്‍ടെയിന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ ഓപ്പറേഷന്‍സ് മാനേജരാണ് രവികുമാര്‍-ലളിതാംബിക ദമ്പതികളുടെ മകളായ പാര്‍വതി. വൃന്ദവാദ്യം കൈകാര്യം ചെയ്യുന്ന മിര്‍സാ മോഹന്‍ കോഴിക്കോട് ലോ കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. കൃഷ്ണകല ഡ്രംസിലും അലീനാ ഷാനൈന്‍ കീബോര്‍ഡിലുമാണ് കൈവച്ചിരിക്കുന്നത്.കോട്ടണ്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് അലീന. ഗിറ്റാറിസ്റ്റായ  ഗായത്രി സതീഷാകട്ടെ മാര്‍ ഇവാനിയോസ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്.

ഇടയ്ക്ക് സമൂഹമാധ്യമങ്ങള്‍ വഴിയും ഗായകര്‍ക്കായി ഒരു ശ്രമം നടത്തിയിരുന്നു. പക്ഷേ പലര്‍ക്കും 'ഗസ്റ്റ് റോള്‍' ചെയ്യാനായിരുന്നു താല്‍പ്പര്യമെന്ന് പാര്‍വതി പറഞ്ഞു. കൂടുതല്‍ കലാകാരികള്‍ക്കായുള്ള വേട്ട ദ്രുത ഇപ്പോഴും നടത്തുന്നുണ്ട്. ആറുപേര്‍ സംഗീത കൂട്ടത്തിലെത്തിയപ്പോഴാണ് നല്ലൊരു പേര് വേണമെന്ന് ഇവര്‍ തീരുമാനിക്കുന്നത്. നീണ്ട ആലോചനകള്‍ക്കൊടുവില്‍ ഗവേഷകയും ടെലിവിഷന്‍ അവതാരകയുമായ മോചിതയാണ് ദ്രുത എന്ന പേര് നിര്‍ദേശിക്കുന്നത്.

തുടക്കമെന്ന നിലയില്‍ സംഗീത പരിപാടികള്‍ ചെയ്യുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ടീം ദ്രുതയ്ക്കുള്ളത്. ഇതിന്റെ ആദ്യപടിയായി സ്വന്തമായി ഗാനം ഈണമിട്ട് വേദികളില്‍ ആലപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. സംഗീതത്തെ ആറുപേരില്‍ ഒതുക്കി നിര്‍ത്താതെ, വേണ്ടത്ര പ്രോല്‍സാഹനം കിട്ടാതെ നില്‍ക്കുന്ന ഗായികമാരെ മുന്നോട്ട് കൊണ്ടുവന്ന് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന വിശാലമായ കാഴ്ചപ്പാടാണ് ദ്രുതയ്ക്കുള്ളത്. 

ഇത്തരം പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ സന്തോഷമെന്നാണ് പാര്‍വതിയുടെ അഭിപ്രായം.