എന്തുകൊണ്ട് നമുക്കൊരു വിഗ് ബാങ്ക് തുടങ്ങിക്കൂടാ? കീമോ തെറാപ്പിയെ തുടർന്ന് മുടിനഷ്ടപ്പെട്ട് പുറത്തിറങ്ങാൻ മടിക്കുന്ന കാൻസർ രോഗികൾക്ക് കുറഞ്ഞ െചലവിൽ വിഗ് ലഭിക്കുമെങ്കിൽ അത് എത്ര വലിയ കാര്യമായിരിക്കും? ചോദിക്കുന്നത് ഡോ.രാകേഷ് എസ്. രമേശ്. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം തലവൻ.

-പറഞ്ഞാൽ നമ്മൾ അറിയും ഡോ. രാകേഷിനെ. കൊല്ലക്കാരനാണ്. ആനന്ദവല്ലീശ്വരത്ത് ആനേപ്പിൽ വേലുമഠത്തിലെ അംഗമാണ് അദ്ദേഹം. ആലപ്പുഴ ജില്ലാ ആശുപത്രിയിൽ നേത്രരോഗവിദഗ്‌ധനായിരുന്ന ഡോ. പി.രമേശന്റെയും കൊല്ലം ജില്ലാ ആശുപത്രിയിലെ വിരമിച്ച സൂപ്രണ്ടും ശങ്കേഴ്‌സ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. സി.കെ.സ്വർണ്ണമ്മയുടെയും മകൻ.‘ഞങ്ങൾ ഒരുപാടു രോഗികളുടെ സങ്കടങ്ങൾ കാണുന്നുണ്ട്. അറിയുന്നുണ്ട്’-ഡോ. രാകേഷ് പറയുന്നു. 
രോഗമറിയുമ്പോഴുള്ള അവസ്ഥയും ചികിത്സയുടെ പാർശ്വഫലങ്ങളും അവരെ തളർത്തുന്നു.

Ragesh
ഡോ.രാകേഷ് എസ് രമേശ്‌

"കീമോ തെറാപ്പിയുടെയും റേഡിയേഷന്റെയും ചെലവ് വഹിക്കാൻ ഞങ്ങളെക്കൊണ്ട് കഴിയില്ല. പിന്നെ വിഗ് വാങ്ങുന്ന കാര്യമൊന്നും വീട്ടിൽ പറയാൻപോലും ആവില്ല". അവർ തേങ്ങും. അവരുടെ കണ്ണുനീരാണ് രാകേഷിനെ വിഗ് ബാങ്ക് എന്ന ആശയത്തെക്കുറിച്ച് ചിന്തിപ്പിച്ചത്. കീമോ തുടങ്ങിയാൽ പാർശ്വഫലമായി മുടി കൊഴിഞ്ഞുതുടങ്ങും. മൂന്നുമുതൽ ആറുമാസത്തിനകം പഴയതിലും നന്നായി വളരാനും തുടങ്ങും. ഈ ആറുമാസം രോഗികളെ മറ്റുള്ളവർക്കുമുന്നിൽ പിടിച്ചുനിർത്താൻ വിഗ് അവർക്ക് ആശ്വാസമാകും. 
ഒക്ടോബർ സ്തനാർബുദ ബോധവത്കരണത്തിന്റെ  മാസാമായിരുന്നു.

അതിന്റെ ഭാഗമായി സെന്റ് ജോൺസ് മെഡിക്കൽ കോളേജിന്റെയും  നഴ്‌സിങ് കോളേജിന്റെയും നേതൃത്വത്തിൽ ഡോ. രാകേഷിന്റെ ചുമതലയിൽ ബോധവത്കരണപരിപാടി നടത്തിയിരുന്നു. മെഡിക്കൽ വിദ്യാർഥികളും നഴ്‌സുമാരും കന്യാസ്ത്രീകളും മറ്റുമേഖലകളിൽനിന്നുള്ളവരും മുടി ദാനംചെയ്യാൻ തയ്യാറായി. കുറഞ്ഞചെലവിൽ അർബുദരോഗികൾക്ക് വിഗ് നിർമിച്ചുനൽകുന്ന ചങ്ങനാശ്ശേരിയിലെ സർഗക്ഷേത്ര കൾചറൽ സെന്ററിലേക്ക് നൽകാനാണ് മുടി ദാനംചെയ്തത്.

"സാധാരണഗതിയിൽ വിഗ് ഉപയോഗിക്കാൻ തുടങ്ങിയാൽ മുടി വളരുന്നതോടെ അത് ഉപേക്ഷിക്കും. എന്നാൽ വിഗ് ബാങ്ക് എന്ന ആശയം നടപ്പായാൽ ഉപയോഗം കഴിയുന്ന വിഗ്ഗുകൾ ശേഖരിച്ച് വൃത്തിയാക്കി സൂക്ഷിക്കാം. ആവശ്യക്കാർക്ക് ചെറിയ തുക ഈടാക്കി നൽകാം. കാൻസർ ചികിത്സ നടക്കുന്ന ആശുപത്രികളിലോ ജില്ലാ ആശുപത്രി ആസ്ഥാനത്തോ ഇത് തുടങ്ങാവുന്നതേയുള്ളു. സാധാരണ വിഗ്ഗിന് വിപണിയിൽ 20,000 മുതൽ 25,000 വരെ രൂപ വിലയുണ്ട്. ഈ രോഗികൾക്ക് നമ്മളെക്കൊണ്ട് ചെയ്യാവുന്ന ഒരു ചെറിയ സഹായം മാത്രമാണിത്- ഡോക്ടർ പറയുന്നു.

 
ആലപ്പുഴ മെഡിക്കൽ കോളേജിൽനിന്ന്‌ എം.ബി.ബി.എസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന്‌ ജനറൽ സർജറിയിൽ ഡി.എൻ.ബി.യും ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽനിന്ന്‌ സർജിക്കൽ ഓങ്കോളജിയിൽ മൂന്നുവർഷത്തെ ഡി.എൻ.ബി. കോഴ്‌സും പാസായ ഡോ. രാകേഷ് അവിടെത്തന്നെ 10 വർഷമായി സേവനമനുഷ്ഠിക്കുകയാണ്. 

മൂന്നുപേർ മുടി നൽകിയാൽ ഒരു വിഗ് നിർമിക്കാം. 38 സെന്റീമീറ്റർ അല്ലെങ്കിൽ 15 ഇഞ്ച് നീളം വേണം. വിഗ്ഗിന്‌ നൽകുന്ന മുടി കളറിങ്‌ ഉൾപ്പെടെ ഒന്നും ചെയ്ത മുടിയാകരുതെന്ന് മാത്രം.15 ഇഞ്ചിന് മുകളിൽ റബ്ബർ ബാൻഡ് ഇട്ടശേഷം അതിനു മുകളിൽ വെച്ചാണ്‌ മുടി മുറിക്കേണ്ടത്. ഒരു പ്ലാസ്റ്റിക് കവറിൽ സീൽ ചെയ്തശേഷം സൗജന്യനിരക്കിൽ കാൻസർ രോഗികൾക്കായി വിഗ് നിർമിക്കുന് യൂണിറ്റുകളിലേക്ക് കൊറിയറായി അയയ്ക്കാം.

 
ബാംഗ്ലൂരിലെ കിദ്വായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ അനസ്തെറ്റിസ്റ്റ്് ആയ സുമിതയാണ് ഭാര്യ. രണ്ട് പെൺമക്കൾ മിയയും റിയയും. ബാംഗ്ലൂരിലെ എച്ച്.എസ്.ആർ. ലേ ഔട്ടിലാണ് നാൽപ്പത്തിമൂന്നുകാരനായ ഡോ. രാകേഷ് എസ്.രമേശും കുടുംബവും താമസിക്കുന്നത്.