ചെറുവാഞ്ചേരി: അക്രമരാഷ്ട്രീയത്തെ അടിയറവുപറയിച്ച് പൂവ്വത്തൂരിലെ തരശിപ്പറമ്പത്ത് ഡോ. കെ.അശ്ന ബുധനാഴ്ച ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു. 2000 സെപ്റ്റംബര്‍ 27-ന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുദിവസമാണ് രാഷ്ട്രീയ അക്രമികളുടെ ബോംബേറില്‍ അശ്‌നയ്ക്ക് വലതുകാല്‍ നഷ്ടപ്പെട്ടത്. ബൂത്തിനുസമീപം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് സംഭവം. നീണ്ട ആസ്പത്രിവാസമാണ് ആ കൊച്ചുപെണ്‍കുട്ടിയുടെ മനസ്സില്‍ ഡോക്ടറാവുകയെന്ന സ്വപ്നത്തിന് വിത്തിട്ടത്. തികഞ്ഞ ആത്മവിശ്വാസത്തോടെ അവള്‍ ആ സ്വപ്നത്തിലേക്കുള്ള പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. ഒടുവില്‍ സ്വന്തം നാട്ടില്‍ ഡോക്ടറുമായി.

ബുധനാഴ്ച രാവിലെ 9.30-ന് അച്ഛന്‍ നാണുവിനും അനുജന്‍ ആനന്ദിനുമൊപ്പമാണ് അശ്‌ന ചെറുവാഞ്ചേരി ടൗണിലെ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയത്. പാട്യം ഗ്രാമപ്പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രത്തില്‍ നിലവില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസറുടെ തസ്തികയിലേക്കാണ് താത്കാലികനിയമനം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞശേഷം ആരോഗ്യകേന്ദ്രത്തിലെ ഒഴിവിലേക്ക് അപേക്ഷ നല്‍കിയിരുന്നു. പഞ്ചായത്ത് ഭരണസമിതി ചൊവ്വാഴ്ചയെടുത്ത തീരുമാനപ്രകാരമാണ് നിയമനം.

ആദ്യരോഗിയായി ചികിത്സയ്‌ക്കെത്തിയ കുട്ടി അയന്‍ സ്വരൂപുമായി ഡോക്ടര്‍ സൗഹൃദം പങ്കുവെച്ചു. രാവിലേമുതല്‍ ആരോഗ്യകേന്ദ്രത്തില്‍ നല്ല തിരക്കായിരുന്നു. മറ്റൊരു ഡോക്ടര്‍ അവധിയിലായതിനാല്‍ ഉച്ചയ്ക്കുശേഷവും ജോലി തുടരേണ്ടിവന്നു. ഡോക്ടറെ അഭിനന്ദിക്കാന്‍ പൂച്ചെണ്ടുകളും മധുരപലഹാരവുമായി നാട്ടുകാരും എത്തി.

Asna

സമാധാനാന്തരീക്ഷം തുടരണം

അക്രമരാഷ്ട്രീയം നാടിനാപത്താണ്. ആശയപരമായ പോരാട്ടമാണ് രാഷ്ട്രീയക്കാര്‍ സ്വീകരിക്കേണ്ടത്. സമാധാനാന്തരീക്ഷത്തിലാണ് നാടിപ്പോഴുള്ളത്. തുടര്‍ന്നും അക്രമമില്ലാത്ത നാടിനായി കൂട്ടായ പ്രവര്‍ത്തനമാണ് വേണ്ടത്. എന്നെ സ്നേഹിക്കുന്ന നാട്ടുകാരോട് പ്രത്യേക നന്ദിയുണ്ട്. വലതുകാല്‍ നഷ്ടപ്പെട്ട് ആസ്പത്രിയില്‍ കിടക്കുമ്പോള്‍ ആഗ്രഹിച്ചതാണ് നാട്ടുകാരെ ശുശ്രൂഷിക്കുന്ന ഡോക്ടറാകണമെന്നത്. നാട്ടില്‍ത്തന്നെ ഡോക്ടറായി ജോലി ലഭിച്ചതില്‍ അതിയായ സന്തോഷം.

Content Highlights: Dr. K Ashna who lost her leg in bomb explosion appointed as MO at Cheruvanhery CHC