ക്ലാസ് മുറിയുടെ മുന്‍നിരയില്‍ വീല്‍ച്ചെയറിലിരുന്ന് പഠിക്കുകയും എല്ലാവരുടെയും പ്രിയപ്പെട്ട കൂട്ടുകാരിയായി മാറുകയും ചെയ്ത റുമൈസയ്ക്കായി സഹപാഠികള്‍ കരുതലിന്റെ കരങ്ങള്‍ കോര്‍ത്തപ്പോള്‍ 2.29 ലക്ഷം രൂപയുടെ പുതിയ ഓട്ടോറിക്ഷ റുമൈസയുടെ സ്‌കൂള്‍യാത്രയ്ക്കായി വിദ്യാലയമുറ്റത്തെത്തി. 

താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ റുമൈസയുടെ നെഞ്ചിന് താഴേക്കു തളര്‍ന്നതാണ്. മൂത്രം പോകുന്നത് പോലും അറിയാത്തതുകൊണ്ട് മൂത്രം ശേഖരിക്കുന്ന സഞ്ചി ശരീരത്തില്‍ ബന്ധിച്ചാണ് റുമൈസയുടെ ചക്രക്കസേരയിലെ യാത്ര. 

സഞ്ചിയില്‍ മൂത്രം നിറയുമ്പോള്‍ മാറ്റാന്‍ റുമൈസയുടെ ഉമ്മ റസിയ സ്‌കൂളില്‍ തന്നെയുണ്ടാകും. പരാധീനതയുടെ ഇരുണ്ട ജീവിതത്തിനിടയിലും ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളുമായി സ്‌കൂളിലെത്തി സഹപാഠികള്‍ക്കിടിയിലിരുന്ന് പഠിക്കുകയും കളിചിരികളിലേര്‍പ്പെടുകയും ചെയ്യുന്ന റുമൈസയുടെ കഥ ഈ അധ്യയനവര്‍ഷത്തിന്റെ ആരംഭത്തില്‍ 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു. 

ഈ വാര്‍ത്തയെ തുടര്‍ന്ന് കുട്ടിക്ക് കൈത്താങ്ങുമായി സുമനസ്സുകളായ പലരും രംഗത്തുവന്നു. അധ്യാപകരും വിദ്യാര്‍ഥികളും റുമൈസയ്ക്കു വേണ്ടി കൈകോര്‍ത്തു. റുമൈസയുടെ സ്‌കൂളിലേക്കുള്ള യാത്ര സുഗമമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 

തച്ചംപൊയിലിലെ വീട്ടില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ചാണ് റുമൈസയും ഉമ്മയും എന്നും സ്‌കൂളില്‍ വന്നിരുന്നത്. മാസം 2,300 രൂപ ഇതിന് ചെലവായിരുന്നു. മദ്രസാ അധ്യാപകനായ പിതാവ് അബ്ദുള്‍സലീമിന്റെ തുച്ഛമായ വരുമാനം മാത്രമുള്ള റുമൈസയുടെ കുടുംബത്തിന്  ചികിത്സയ്‌ക്കൊപ്പം സ്‌കൂള്‍ യാത്രയ്ക്കുള്ള പണം കൂടി കണ്ടെത്തുക എന്നത് വിഷമകരമായിരുന്നു. 

ഇതിന് പരിഹാരം കാണാനാണ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഫണ്ട് സ്വരൂപണം തുടങ്ങിയത്. പുതിയ ഓട്ടോറിക്ഷ വാങ്ങി നല്‍കുകയായിരുന്നു ലക്ഷ്യം. അങ്ങനെ 86,315 രൂപ സ്വരൂപിച്ചു. ബാക്കി പണം കണ്ടെത്താന്‍ അധ്യാപകര്‍ മലപ്പുറം പുളിക്കലിലെ ഷെല്‍ട്ടര്‍ ഇന്ത്യ എന്ന സന്നദ്ധസംഘടനയെ സമീപിച്ചു. 

അവര്‍ ഒന്നര ലക്ഷം രൂപ സംഭാവനയായി നല്‍കി. ഇങ്ങനെ 2,36,315 രൂപ സമാഹരിക്കാനായി. ഇതുപയോഗിച്ചാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ബാക്കിവന്ന 7,315 രൂപ റുമൈസയ്ക്ക് കൈമാറുകയും ചെയ്തു. 

ഓട്ടോറിക്ഷയുടെ താക്കോല്‍ സ്‌കൂളിന്റെ പ്രധാനാധ്യാപിക കെ. സുഗതകുമാരി റുമൈസയ്ക്ക് കൈമാറി. പി.ടി.എ. പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം. സന്തോഷ് കുമാര്‍, അധ്യാപകന്‍ നാസിര്‍ ബാലുശ്ശേരി, സ്റ്റാഫ് സെക്രട്ടറി വേണു, മാതൃഭൂമി റിപ്പോര്‍ട്ടര്‍ സുനില്‍ തിരുവമ്പാടി എന്നിവര്‍ സംസാരിച്ചു.