അഞ്ച് ചെസ് ബോർഡുകൾ. അഞ്ചിലുമായി 320 കരുക്കൾ.ഓരോന്നിനു മുന്നിലും ഒരാൾ വീതം. ഇനി ചെസ് കളി തുടങ്ങാം. എങ്ങനെ കളിക്കും;എതിരാളി വേണ്ടേ? എതിരാളി ഉണ്ട്. അഞ്ചു പേർക്കും കൂടി ഒറ്റ എതിരാളി.
പക്ഷേ, ആ എതിരാളി ചെസ് ബോർഡ് കാണാതെ തിരിഞ്ഞാണിരിക്കുന്നത്. ഓരോ ചെസ് കളങ്ങളെയും മനസ്സിൽ പതിപ്പിച്ച് കളിക്കാൻ തിരിഞ്ഞിരിക്കുന്നത് പ്രൊഫ.എൻ.ആർ. അനിൽകുമാർ. അദ്ദേഹത്തിന്റെ പൂങ്കുന്നത്തെ ചെസ്‌ ഒളിമ്പ്യൻസ് അക്കാദമിയിലാണ് മത്സരം നടന്നത്.

ശിഷ്യരായ അഞ്ചുപേരോടും ഇങ്ങനെ മത്സരിച്ച അദ്ദേഹത്തിന്റെ കൂടെ ജയം നിന്നു. ഇങ്ങനെയുമുണ്ട് ചെസ് കളിയിൽ. ബ്ലൈൻഡ് ഫോൾഡ് സൈമൾട്ടേനിയസ് ചെസ്‌ എന്നാണിത് അറിയപ്പെടുന്നത്. കണ്ണുകെട്ടി ഒരേസമയം പലരോട് ചെസ് കളിക്കുക എന്നു സൗകര്യപൂർവം മലയാളത്തിൽ വിളിക്കാം കണ്ണുകെട്ടിയാലും ഇല്ലെങ്കിലും ചെസ്‌ ബോർഡിൽ കാഴ്ച എത്താൻ പാടില്ല. ഓരോ ബോർഡിലെയും കരുക്കളുടെ ഓരോ ചലനവും മനസ്സിൽ പതിപ്പിക്കുകയാണ് ഇതിലെ വിജയം. ഓരോ കരുവും നീക്കുമ്പോൾ അത് ഒരാൾ വിളിച്ചു പറയും.

ആ ശബ്ദത്തിൽനിന്ന് ആ ചെസ്‌ബോർഡിനെ മനസ്സിൽ ദൃശ്യവത്കരിക്കും. കരു എവിടെയിരിക്കുന്നു, എവിടെ നിന്നു വന്നു, ഇനി എങ്ങോട്ടു പോകും....തുടങ്ങി ആലോചന മാത്രമായിരിക്കും പിന്നീട്. മറുനീക്കം ആലോചിച്ച് ഒരു തീർപ്പാക്കി അനിൽകുമാർ വിളിച്ചു പറയും. അതുപ്രകാരം സഹായി, മറുനീക്കം ബോർഡിൽ യാഥാർഥ്യമാക്കും. ഈ പ്രക്രിയ ഓരോ ബോർഡിലും നടക്കും. നീക്കവും മറുനീക്കവുമായി കളി മുന്നേറും.

അലക്‌സ് വി. കടവൻ, കൈലാസ് ജി. മേനോൻ, മുരളീകൃഷ്ണ, ജോ വി. കടവൻ, ഹരിശാന്ത് എന്നീ ശിഷ്യരാണ് ഗുരുവിനോട് മത്സരിച്ചത്. എല്ലാവരും സ്‌കൂൾ കുട്ടികൾ. അന്തർദേശീയ റേറ്റിങ് ഉള്ള അലക്‌സ് വി. കടവൻ 65 നീക്കങ്ങൾ വരെ പൊരുതി. ഗുരുവും ശിഷ്യരും തമ്മിലുള്ള വ്യത്യസ്തമായ മത്സരം കാണാൻ രക്ഷിതാക്കളും എത്തിയിരുന്നു. കളി തീരാൻ നാലു മണിക്കൂറെടുത്തു. ചെസ്സ്‌ പ്രചരിപ്പിക്കാൻ പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത്തരം മത്സരം തുടങ്ങിയത്.

ഇറ്റലിക്കാരനായ ഫിലിഡോർ ആണ് തുടക്കക്കാരൻ. 48 പേരോട് കണ്ണുകെട്ടി കളിച്ച ഉസ്ബക്കിസ്ഥാനിലെ ടൈമൂർ ഗാരിയേവ് ആണ് ഈരംഗത്തെ വമ്പൻ. അതിൽ 35 ജയവും ഏഴ് സമനിലയും ആറു തോൽവിയുമുണ്ടായിരുന്നു. 10 പേരോട് മത്സരിച്ച കോഴിക്കോട് സ്വദേശി എം. സതീശന്റെ പേരിലാണ് ഇന്ത്യയിലെ റെക്കോഡ്.പ്രൊഫ. അനിൽകുമാർ മുമ്പ് ആറുപേരോട് മത്സരിച്ച് ജയിച്ചിട്ടുണ്ട്. തൃശ്ശൂർ കേരളവർമ കോളേജിലെ റിട്ട. ഇംഗ്ലീഷ് അധ്യാപകനാണ് അനിൽകുമാർ. 1982ൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത്‌ ലോക ചെസ്‌ ഒളിമ്പ്യാഡിൽ പങ്കെടുത്തിട്ടുണ്ട്.