കോഴിക്കോടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വലിയൊരു നാഴികകല്ലാണ് ദേവഗിരി സെയ്‌ന്റ് ജോസഫ്സ്‌ കോേളജ്. 62-ാം വർഷത്തിലേക്ക് കോളേജ് കടക്കുന്നത് മറ്റൊരു നാഴികക്കല്ല് പിന്നിട്ടുകൊണ്ടാണ്. രാജ്യത്തെ മികച്ച കോളേജുകളുടെ റാങ്കിങ്ങിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ മികച്ച കോളേജ് എന്ന നേട്ടം ദേവഗിരിക്ക് സ്വന്തമാണ്. നാക് അക്രഡിറ്റേഷനിൽ എ. പ്ലസ്, പ്ലസ് ലഭിച്ച രാജ്യത്തെ ആദ്യകോളേജ് എന്ന അംഗീകാരത്തിനു തൊട്ടുപിന്നാലെത്തന്നെയാണ് ഈ നേട്ടവും. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക്(എൻ.ഐ.ആർ.എഫ്.) ആണ്  പദവി നിശ്ചയിച്ചത്.  ഇതിൽ ദേശീയതലത്തിൽ 34-ാമതാണ് കോളേജിന്റെ പദവി.  ആറാംറാങ്കോടെ കോഴിക്കോട് ഐ.ഐ.എമ്മും
50-ാം റാങ്കോടെ എൻ.ഐ.ടി.യുമാണ് കോഴിക്കോട് നിന്ന് ആദ്യ അൻപതിൽ ഇടം നേടിയ മറ്റുസ്ഥാപനങ്ങൾ. കേരളത്തിൽനിന്നുതന്നെ ഇവയ്ക്കുപുറമേ ഏഴുകോളേജുകളേ ആദ്യ അൻപതിലെത്തിയിട്ടുള്ളൂ. അതിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഒഴികെ ബാക്കിയെല്ലാം ദേവഗിരി കോേളജിനും ഏറെ പിറകിലാണ്.

കഴിഞ്ഞ തവണ ദേവഗിരി കോേളജ് റാങ്കിങ്ങിൽ  കേരളത്തിൽനിന്ന് നാലാംസ്ഥാനത്തായിരുന്നു.  അതിൽ നിന്നാണ് മറ്റുകോളേജുകളെ പിൻതള്ളി മുന്നിലെത്തിയത്. രാജ്യത്തിനും സംസ്ഥാനത്തിനും പുറത്തുനിന്ന്  എത്ര കുട്ടികൾ പഠിക്കുന്നുണ്ട്. വിദേശത്തുനിന്നുള്ള വിദഗ്‌ധരുടെ സേവനം ഉപയോഗപ്പെടുത്തുന്നുേണ്ടാ എന്നിങ്ങനെ നിരവധി കാര്യങ്ങൾ റാങ്കിങ്ങിന്‌ അപേക്ഷ നൽകാനുള്ള ചോദ്യാവലിയിൽ ഉണ്ടായിരുന്നു. അഫ്ഗാനിസ്താനിൽ നിന്നുള്ള കുറച്ച് വിദ്യാർഥികൾ പഠിക്കുന്നുണ്ടെങ്കിലും  ഐ.ഐ.എമ്മിനും എൻ.ഐ.ടി.ക്കുമെല്ലാം ബാധകമായ മാനദണ്ഡങ്ങൾ റാങ്ക് ലഭിക്കാൻ കോളേജുകൾക്കും ബാധകമാണ്. അതുകൊണ്ട്  ഇത്രയും മുന്നിലെത്തുമോ എന്ന് ആശങ്കയുണ്ടായിരുന്നെന്ന് പ്രിൻസിപ്പൽ  ഡോ. സിബിച്ചൻ എം. തോമസ് പറഞ്ഞു.

അക്കാദമിക്ക് കലണ്ടറും സിവിൽ സർവീസ് പരിശീലനവും
അടുത്ത അധ്യയനവർഷത്തെ ക്ലാസുകൾ എന്ന് പൂർത്തിയാവും എന്ന് പരീക്ഷ നടത്തും എന്ന് ഫലം പ്രഖ്യാപിക്കും എന്നിവയുൾപ്പെടെയുള്ള വിശദമായ അക്കാദമിക്ക് കലണ്ടർ തന്നെ ഓരോ വർഷവും തയ്യാറാക്കുന്നുണ്ട്. കോളേജിൽ പുതുതായി പ്രവേശനം നേടുന്ന ഓരോ വിദ്യാർഥിക്കും കലണ്ടർ ഉൾപ്പെടുന്ന ഹാൻഡ്‌ബുക്ക്‌ കൈമാറും. അടുത്തവർഷത്തെ അക്കാദമിക കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിദ്യാർഥികൾക്ക് കൃത്യമായ ബോധ്യമുണ്ടാവും. കലണ്ടറിലെ ഷെഡ്യൂളിനനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടെന്ന് പ്രിൻസിപ്പൽ പറയുന്നു. ഇത്തവണ മാർച്ച് 28 ബിരുദ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് കലണ്ടറിൽ കാണിച്ചിരുന്നത്. 28-ന് തന്നെ ഫലപ്രഖ്യാപനം നടത്തി. സ്വയംഭരണ പദവി ലഭിച്ചതുകൊണ്ടുള്ള പ്രയോജനം കൂടിയാണിത്. കുട്ടികൾക്ക് കൃത്യമായ ട്യൂട്ടോറിയൽ സംവിധാന ഇവിടെ പിന്തുടർന്നുപോരുന്നുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

45 ക്ലാസുകളാണ് കോളേജിലുള്ളത്. അതിൽ നാൽപത്തഞ്ചിലും കൃത്യമായി ക്ലാസ് പി.ടി.എ. യോഗങ്ങൾ വിളിക്കും. അടുത്ത അക്കാദമിക വർഷത്തേക്കുള്ള കലണ്ടർ ഇപ്പോൾ തയ്യാറായി വരികയാണ്. സാധാരണ യൂണിവേഴ്‌സിറ്റികളിൽ ഒരു സെമസ്റ്ററിൽ 45 പ്രവൃത്തിദിവസമൊക്കെയേ ലഭിക്കാറുള്ളൂ. ഇവിടെ 90 പ്രവൃത്തിദിവസം ഉറപ്പുവരുത്താറുണ്ട്. കോളേജിൽ രാഷ്ട്രീയ പ്രവർത്തനവും സമരവുമൊന്നും നിരോധിച്ചിട്ടില്ല. പക്ഷേ, അത് പഠനത്തെ ബാധിക്കരുതെന്ന കൃത്യമായ നിർദേശം വിദ്യാർഥികൾക്ക്‌ നൽകിയിട്ടുണ്ട്.
അവർ അത് ഉൾക്കൊണ്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. 45 പേർ ഇപ്പോഴും കോളേജിൽ നടക്കുന്ന സിവിൽ സർവീസ് കോച്ചിങ്ങിൽ പരിശീലനം നേടുന്നുണ്ട്. അടുത്തവർഷം മുംബൈ എ.എൽ.എസ്. അക്കാദമിയുമായി ചേർന്ന് ഓൺലൈൻ വഴി സിവിൽസർവീസ് കോച്ചിങ്ങിനുള്ള അവസരവുമൊരുക്കുന്നുണ്ട്.
ഇനി റാങ്കിങ്ങിൽനിന്ന് പിറകോട്ടുപോവാതെ നിലനിർത്തുകയാണ്  ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള കൂടുതൽ വിദ്യാർഥികളെ ഇവിടേക്ക് ആകർഷിക്കണം. അതോടൊപ്പം മറ്റു സൗകര്യങ്ങളും നല്ലരീതിയിൽ നിലനിർത്തണം. കോളേജിൽ ഇൻഡോർ സ്റ്റേഡിയം തയ്യാറായിട്ടുണ്ട്. റിസർച്ച് ബ്ലോക്കുകൂടെ വരുന്നുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.

അഭിമാനിക്കാൻ നേട്ടങ്ങളുടെ പട്ടിക
: ബി സോൺ കലോത്സവത്തിൽ ഇത്തവണ ദേവഗിരി കോളേജായിരുന്നു ചാമ്പ്യന്മാർ. പക്ഷേ, അതിനെയും മറികടക്കുന്ന ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് കോളേജ്. വിദ്യാർഥിയായ കെ.സി. അക്ഷയ് കേരളത്തിനുവേണ്ടി രഞ്ജിട്രോഫി കളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരം പ്രശാന്ത് ഈ കോളേജിലാണ്.
ലിയോൺ അഗസ്റ്റിൻ, ഷെയ്ൻ ഖാൻ (െബംഗളൂരു എഫ്.സി.), ഒ.എസ്. സഞ്ജിത്ത്,  ജിബിൻ സെബാസ്റ്റ്യൻ (ദേശീയ യൂണിവേഴ്സിറ്റി വോളിബോൾ ടീം), അനുഗ്രഹ (ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ), ശീതൾ (ദേശീയതലത്തിൽ നടന്ന മത്സരത്തിലെ ചിത്രപ്രതിഭ) അങ്ങനെകോളേജിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ചേർക്കാൻ ഒരുപാട്‌ പേരുകളുണ്ട്.

മികവിന്റെ അംഗീകാരം

കോളേജിന്റെ അക്കാദമിക മികവ് തന്നെയാണ് ഈ നേട്ടത്തിനു കാരണം. എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ മികച്ച ഇടം തേടാനുള്ള യോഗ്യതകളെല്ലാം  കോളേജ് നേരത്തേതന്നെ സ്വന്തമാക്കിയിരുന്നു. വിദ്യാർഥികളുടെ പഠനനിലവാരവും അധ്യാപകരുടെ അക്കാദമിക യോഗ്യതയും ഏറെ മുന്നിൽത്തന്നെ നിൽക്കുന്നു.  2201 വിദ്യാർഥികളാണ് ആകെയുള്ളത്.  ഇതിൽ  58 ശതമാനം വിദ്യാർഥികളും  ഏതെങ്കിലും തരത്തിലുള്ള സ്കോളർഷിപ്പ് നേടിയവരാണ്.

 ദേശീയതലത്തിലുള്ള ഇൻസ്പെയർ സ്കോളർഷിപ്പ് നേടിയ  കോളേജുകളിൽ  രാജ്യത്ത്  ഏറ്റവും കൂടുതൽ ദേവഗിരിയിൽ നിന്നുള്ളവരാണെന്ന്  പ്രിൻസിപ്പൽ ഡോ. സിബിച്ചൻ എം. തോമസ് പറയുന്നു. സംസ്ഥാനസർക്കാർ 100 പേർക്ക് പ്രതിഭാ സ്കോളർഷിപ്പ് നൽകിയപ്പോൾ അതിൽ 28 പേരും  ഇവിടെ  നിന്നുള്ള വിദ്യാർഥികളാണ്. നെറ്റ് യോഗ്യത  നേടുന്ന വിദ്യാർഥികളുടെ എണ്ണവും കൂടുതലാണ്. കോളേജിലെ 20 കൊമേഴ്‌സ് പി.ജി. വിദ്യാർഥികളിൽ 16 പേരും  കഴിഞ്ഞവർഷം  നെറ്റ് യോഗ്യത നേടി. കോളേജിലെ 72 സ്ഥിരം അധ്യാപകരിൽ 42 പേരും പിഎച്ച്.ഡി.യോഗ്യതയുള്ളവരാണ്. 33 പേർ റിസർച്ച് ഗൈഡുമാരാണ്. മാത്രമല്ല 11.പി.ജി.കോഴ്‌സുകളിൽ എട്ടും റിസർച്ച് സെന്ററുകളാണ്. 52 പേരാണ് ഇപ്പോൾ ഇവിടെ ഗവേഷണം നടത്തുന്നത്. അഞ്ച് അധ്യാപകർ കെമിസ്ട്രിയിലും ഫിസിക്സിലുമൊക്കെ വിദേശരാജ്യങ്ങളിൽ നിന്നുള്ള പോസ്റ്റ് ഡോക്‌ടറൽ ഫെലോഷിപ്പ് നേടിയവരാണ്. ഇതിനു പുറമേ വിദേശത്തു നിന്നുള്ള വിദഗ്‌ധരെ വെച്ച് ക്ലാസുകൾ നൽകാറുമുണ്ട്.