'നിങ്ങള്‍ ഏതു മേഖലയില്‍ ജോലിചെയ്താലും അതില്‍ വിദഗ്ധരായാല്‍ വിജയം താനേ തേടിയെത്തും. നമുക്കു തടസ്സം നില്‍ക്കുന്നത് നമ്മള്‍ തന്നെയാണ്. നിഷേധാത്മക ചിന്തകള്‍ എപ്പോഴും പിന്നിലേക്കേ വലിക്കൂ'- ഫെരാരി കാര്‍ നിര്‍മാണ കമ്പനിയുടെ സാങ്കേതിക ഉപദേഷ്ടാവ് ജസ്റ്റിന്‍ അഗസ്റ്റിന്റെ വാക്കുകള്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധയോടെ കേട്ടു.
 
'നമ്മുടെ പ്രവര്‍ത്തനമാണ് പ്രധാനം. രാഷ്ട്രപതിമാരെ ഓര്‍മിക്കുമ്പോള്‍ എ.പി.ജെ. അബ്ദുള്‍കലാം ആദ്യം മനസ്സിലെത്തുമെങ്കില്‍ അതിനു കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും നല്‍കിയ പ്രചോദനവുമാണ്'. കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി കാമ്പസ് ബീറ്റ്‌സ് ഒരുക്കിയ സംവാദത്തിലാണ് ജസ്റ്റിന്‍ യുവാക്കള്‍ക്ക് ഇത്തരമൊരു സന്ദേശം നല്‍കിയത്.

മാതൃഭൂമി തൃശ്ശൂര്‍ ഓഫീസില്‍ ഒരുക്കിയ സംവാദം ചെറുപ്പത്തിന് ക്ലാസ്മുറി വിട്ടുള്ള പഠനാനുഭവമായിരുന്നെങ്കില്‍ അതിഥിയായെത്തിയ ജസ്റ്റിന് യുവതലമുറയുമായുള്ള ഒത്തുചേരലായിരുന്നു. ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റില്‍നിന്ന് ഫെരാരിയോളം വളര്‍ന്ന അനുഭവങ്ങള്‍ പങ്കുവെച്ച അദ്ദേഹം തന്റെ പ്രവര്‍ത്തനമേഖലയെപ്പറ്റിയും വാചാലനായി.

വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന പരിപാടി ചിരിക്കും ചിന്തയ്ക്കും ഇടനല്‍കുന്നതായി. ഗവ. എന്‍ജിനീയറിങ് കോളേജ്, വിമല കോളേജ്, ശക്തന്‍ തമ്പുരാന്‍ കോളേജ്, തലക്കോട്ടുകര വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കാര്‍ഷിക സര്‍വകലാശാല എം.ബി.എ. അഗ്രി ബിസിനസ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലെ 30 വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.
 
പോയത് സിനിമയ്ക്ക്, കിട്ടിയത് ജോലി
'കൊച്ചിയില്‍ പോകാന്‍ സുഹൃത്ത് കൂട്ടിനു വിളിച്ചപ്പോള്‍ പുതിയതായി റിലീസ് ചെയ്ത സിനിമയും കാണാമല്ലോ എന്നാണ് തോന്നിയത്. അങ്ങനെ 1999ല്‍ പോപ്പുലര്‍ വെഹിക്കിളില്‍ മാരുതി ടെക്‌നീഷ്യനുള്ള അഭിമുഖത്തിന് ഒപ്പം പോയി. അവിടെ ചെന്ന് മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി അഭിമുഖത്തിന് പങ്കെടുത്തു.
 
ഗ്രൂപ്പ് ഡിസ്‌കഷനു ശേഷം അവസാന നാലുപേരില്‍ ഒരാളായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌തെങ്കിലും പ്രവൃത്തിപരിചയം ഇല്ലെന്നത് പോരായ്മയായി. ഒടുവില്‍ എന്നെക്കൊണ്ട് എന്തു സാധിക്കുമെന്നത് ജോലിക്കെടുത്താല്‍ തെളിയിക്കാമെന്ന വാക്കുകള്‍ ജോലി വാങ്ങിത്തന്നു. നാലു വര്‍ഷം കഴിഞ്ഞ് അവിടെത്തന്നെ ഇന്റര്‍വ്യൂ ബോര്‍ഡംഗമായപ്പോള്‍ തോന്നി 'അതാണ് എന്റെ വിജയമെന്ന്' - ജസ്റ്റിന്‍ പറഞ്ഞു.

ഓട്ടോമൊബൈലിനോടുള്ള ഇഷ്ടമല്ല, ജീവിക്കാനൊരു ജോലിയെന്ന ആഗ്രഹമാണ് ഐ.ടി.ഐ.യില്‍ തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചു. മുന്നില്‍ പകച്ചുനില്‍ക്കുന്ന അമ്മയും അനിയത്തിമാരും. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും അത് എന്റെ വഴിയല്ലെന്നു തോന്നി.
 
പിന്നെ ജോലിയെക്കരുതി രണ്ടു വര്‍ഷത്തെ ഐ.ടി.ഐ. കോഴ്‌സിന് ചേര്‍ന്നു. അതുകഴിഞ്ഞ് ജീവിക്കാന്‍ ഓഫീസ് ബോയിയായും പ്രവര്‍ത്തിച്ചു. ഫെരാരിയില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ പഠിച്ച മാരുതിയെപ്പറ്റിയേ എനിക്കറിയാവൂ എന്നാണ് പറഞ്ഞത്. ഞാന്‍ വിജയിച്ച കഥകളല്ല, തോറ്റ കഥകളാണ് പറയാനുള്ളതെന്നും ജസ്റ്റിന്‍ പറഞ്ഞു.
 
മലയാളിയും ഇംഗ്ലീഷും
സാങ്കേതികവും അല്ലാത്തതുമായ സംശയങ്ങളാല്‍ കാമ്പസ് പ്രതിനിധികള്‍ സംവാദത്തെ 'ലൈവ്' ആക്കി. വാഹനങ്ങളുടെ സാങ്കേതികതയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഏറെ ലളിതമായും രസകരമായും ജസ്റ്റിന്‍ അഗസ്റ്റിന്‍ ഉത്തരം നല്‍കി.
 
ജോലിക്ക് ഇംഗ്ലീഷ് ഭാഷയിലുണ്ടാകേണ്ട പ്രാവീണ്യത്തെപ്പറ്റിയായിരുന്നു ശക്തന്‍ തമ്പുരാന്‍ കോളേജിലെ വിദ്യാര്‍ഥിനിയുടെ സംശയം. പ്രവര്‍ത്തിക്കുന്ന മേഖലയുടെ ആവശ്യമനുസരിച്ചാണ് ഭാഷയുടെ പ്രാവീണ്യത്തിന്റെ പ്രസക്തിയെന്ന് അദ്ദേഹം ഉത്തരം നല്‍കി.

ഇംഗ്ലീഷില്‍ വളരെ വിദഗ്ധനല്ലാത്ത തനിക്ക് ഭാഷ തടസ്സമായി തോന്നിയില്ലെന്നും ജസ്റ്റിന്‍ വിശദീകരിച്ചു. മുമ്പൊരു കോളേജില്‍ അതിഥിയായി പോയപ്പോള്‍ ചെന്നൈയില്‍ നിന്നുള്ള പ്രൊഫസറുടെ ഇംഗ്ലീഷ് ക്ലാസിനു ശേഷം മലയാളത്തില്‍ ക്ലാസെടുത്ത അനുഭവം പങ്കുവെച്ചത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിരിപടര്‍ത്തി.

മാരുതിയിലും ഫെരാരിയിലും ജോലിചെയ്ത അനുഭവങ്ങള്‍ ജസ്റ്റിന്‍ താരതമ്യപ്പെടുത്തി. മാരുതി സുസുക്കിക്ക് ജപ്പാന്റെ രീതിയിലുള്ള ചിട്ടയും കൃത്യനിഷ്ഠയുമുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ ശൈലിയിലുള്ള ഫെരാരിയില്‍ അത്ര ചിട്ടയോടെയല്ല കാര്യങ്ങള്‍.

മാരുതിയില്‍ ജോലിസമയം കൃത്യമായി പാലിക്കുന്നെങ്കില്‍ ജോലി തീരുന്നതുവരെ ഓഫീസില്‍ ചെലവഴിക്കുന്നതാണ് ഫെരാരിയുടെ രീതി. എന്‍ജിന്‍ പ്രവര്‍ത്തനത്തിലെ മികവു തന്നെയാണ് ഫെരാരിയുടെ പ്രത്യേകത. ഏത് കമ്പനിയായാലും അടിസ്ഥാന സാങ്കേതികവിദ്യയിലുള്ള ഗ്രാഹ്യമാണ് വേണ്ടത്. ഫെരാരിക്ക് സ്വന്തം അന്തസ്സ് വിട്ടൊരു കളിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെരാരിയുടെ പുതിയ മോഡലുകളെപ്പറ്റിയും ഭാവിപദ്ധതികളെപ്പറ്റിയും ജസ്റ്റിന്‍ പരാമര്‍ശിച്ചു. മലയാളികള്‍ ചിട്ടയോടെ ജോലിചെയ്യുന്ന രീതി പൊതുവേ മറ്റു രാജ്യങ്ങള്‍ക്ക് പ്രിയമാണെന്നും അദ്ദേഹം പറഞ്ഞു.

വീട്ടില്‍ ഫെരാരിയുണ്ടോ എന്നായിരുന്നു ഒരു വിദ്യാര്‍ഥിക്ക് അറിയേണ്ടിയിരുന്നത്. ഉണ്ടെന്നു മറുപടി പറഞ്ഞ ജസ്റ്റിന്‍ അത് സി.എം.എസ്. സ്‌കൂളിലെ മാഷ് കാര്‍ഡ്‌ബോര്‍ഡില്‍ ഉണ്ടാക്കിത്തന്നതാണെന്നും തനിക്ക് ആകെയുള്ളത് ഒരു സ്വിഫ്റ്റാണെന്നും വിശദീകരിച്ചു.

എന്താണ് ജീവിതത്തില്‍ പ്രചോദനമായതെന്ന ചോദ്യത്തിന് സ്വന്തം അനുഭവം തന്നെയാണെന്ന് ജസ്റ്റിന്‍ അഗസ്റ്റിന്‍ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ പൂര്‍ണതയുണ്ടാകാന്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് അദ്ദേഹം സംവാദത്തിന് വിരാമമിട്ടു.

സംവാദം വേറിട്ട അനുഭവമായിരുന്നെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികളായ വന്ദന കെ. മുകുന്ദന്‍, ആര്‍. സുദര്‍ശന്‍ എന്നിവര്‍ പറഞ്ഞു. പരിപാടിയില്‍ മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന്‍ അധ്യക്ഷനായി. മീഡിയ സൊല്യൂഷന്‍സ് മാനേജര്‍(പ്രിന്റ്) ഡി. ഹരി, ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കെ.ജി. മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.
 


അറിയാം ജസ്റ്റിനെ


പാമ്പൂര്‍ സ്വദേശി വേലൂക്കാരന്‍ ജസ്റ്റിന്‍ അഗസ്റ്റിന്‍ ഐ.ടി.ഐ. യോഗ്യതയില്‍നിന്നാണ് ഫെരാരിയുടെ സാങ്കേതിക ഉപദേഷ്ടാവ് സ്ഥാനത്തെത്തിയത്.

ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിനു മുന്നിലേക്ക് മാസത്തില്‍ ശരാശരി മുന്നൂറു ഫെരാരിയും മസെരാറ്റിയും എത്തുന്നുണ്ട്. ഐ.ടി.ഐ. കോഴ്‌സിനു ശേഷം ഒരു വര്‍ഷത്തോളം സ്വകാര്യസ്ഥാപനത്തില്‍ ഓഫീസ് ബോയ് ആയി ജോലിചെയ്തു. പിന്നീട് 1999ലാണ് പോപ്പുലറില്‍ മാരുതി ടെക്‌നീഷ്യനാകുന്നത്. മാരുതി നടത്തിയ സാങ്കേതികമത്സരത്തില്‍ 2003ല്‍ ഏഷ്യന്‍ വിന്നറായി. പിന്നീട് ഫെരാരി ഡീലറായ ദുബായിലെ അല്‍ ടയര്‍ മോട്ടോഴ്‌സില്‍ ജോലികിട്ടി. ഫെരാരി ടെക്‌നിക്കല്‍ ചലഞ്ചില്‍ 2015ല്‍ ലോകത്തിലെ ഒന്നാമനായി. ദുബായ്, അബുദാബി, ഷാര്‍ജ ബ്രാഞ്ചുകളുടെ ചുമതലയാണ് ഇപ്പോള്‍ ജസ്റ്റിന്. മറിയാമ്മയാണ് ജസ്റ്റിന്റെ അമ്മ. ഭാര്യ: ജിഷ. മക്കള്‍: അലന്‍സോ, അഡ്രിനോ, അമേയ.