ഇൻഡോർ: പറയുന്നത് കുട്ടികളാണെങ്കിലും ചില കാര്യങ്ങൾ കേൾക്കാതെ തരമില്ല. മധ്യപ്രദേശിലെ പന്നാ പോലീസ് സ്‌റ്റേഷനിലേക്ക് ചെന്നാല്‍ മതി. നിമിഷ നേരം കൊണ്ട് ഇക്കാര്യം ബോധ്യപ്പെടും.
ഇവിടെ പോലീസുദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളും കുട്ടികള്‍ സാറന്മാരുമാണ്. പഠനവിഷയമാകട്ടെ സ്‌കേറ്റിങ്ങും. പൊതുവേ പോലീസുകാരെ അല്‍പ്പം ഭയത്തോടെയാണ് സമൂഹം കാണുന്നതെങ്കിലും ഈ സ്‌റ്റേഷനില്‍ അങ്ങനെല്ല കാര്യങ്ങൾ. കുട്ടി മാഷുമാര്‍ പറയുന്നത് അച്ചടക്കത്തോടെ അക്ഷരംപ്രതി അനുസരിക്കുകയാണ് പോലീസുകാര്‍. പോലീസുകാര്‍ക്ക് 'അദ്ധ്യാപകരെ' അല്‍പ്പം പേടിയുണ്ടോ എന്നുവരെ ചിലപ്പോള്‍ സംശയിച്ചു പോകും.
മധ്യപ്രദേശിലെ ജന്‍വാര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഈ കുട്ടികള്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കേറ്റ് പാര്‍ക്ക് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. യുള്‍റൈക് റെയ്ന്‍ഹാര്‍ഡ് എന്ന ജര്‍മന്‍ വനിതയുടെ നേതൃത്വത്തിലുള്ള ഒരുപറ്റം ആളുകളാണ് ഈ പാര്‍ക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വെറുമൊരു കായിക വിനോദം എന്നതിലുപരി പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള വഴിയാണ് കുട്ടികള്‍ക്ക് സ്‌കേറ്റിങ്.
സംഗതി രസമുള്ളതാണെന്ന് മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്‌കേറ്റിങ് പരിശീലനം കൂടുതല്‍ വിശാലമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം യുള്‍റൈക്കിനോട് അവര്‍ അവതരിപ്പിച്ചിട്ടുമുണ്ട്. എല്ലാം ശരിയായി വരികയാണെങ്കില്‍ സ്വന്തമായി സ്‌കേറ്റ്‌ബോര്‍ഡുകളുള്ള ഇന്ത്യയിലെ ആദ്യത്തെ പോലീസ് സ്‌റ്റേഷനാവും പന്ന.