നീലക്കടലില്‍ ഒഴുകിനടക്കുന്നൊരു ബോട്ട്... കടലിനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സാഹസിക യാത്രികര്‍ക്കായി ചെറുകുറിപ്പും. ഇതേപോലെ സ്‌നേഹം ചാലിച്ച മഷിയിലെഴുതിയ ചെറിയ വലിയ സന്ദേശങ്ങള്‍ കുപ്പിക്കുള്ളിലാക്കി പ്രിയപ്പെട്ടവര്‍ക്ക് നല്‍കുകയാണ് വൈറ്റില സ്വദേശി റിച്ചു റെജി. സന്ദേശങ്ങള്‍ക്കൊപ്പം കുട്ടി ആര്‍ട്ട് പീസുകളും. ഒരു കുട്ടിക്കുപ്പിയില്‍ ഇത്രയും കാര്യങ്ങള്‍ ചെയ്യാമോയെന്നൊരു അദ്ഭുതം ഉണ്ടാവും. അവര്‍ക്കുള്ള മറുപടിയാണ് റിച്ചുവിന്റെ സൃഷ്ടികള്‍.
'ക്യൂട്ടാണ്... അതുകൊണ്ടുതന്നെ എനിക്കിഷ്ടമാണ്. മിനിയേച്ചര്‍ ആര്‍ട്ട് വര്‍ക്കുകള്‍ പണ്ടുമുതലേ എന്നെ ആകര്‍ഷിക്കുന്നു. അങ്ങനെയാണ് മിനിയേച്ചര്‍ വര്‍ക്കുകള്‍ പഠിച്ച് ചെയ്തുതുടങ്ങിയത്. പക്ഷേ, അത് ബിസിനസാകുന്നത് ഒന്നരമാസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് ആരംഭിച്ച ശേഷമാണ്' -റിച്ചു പറയുന്നു.
കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ നാലാംവര്‍ഷ വിദ്യാര്‍ഥിയായ റിച്ചു ബോട്ടില്‍ ആര്‍ട്ട് മേഖലയില്‍ തന്റേതായ കൈയൊപ്പ് പതിപ്പിക്കുകയാണ്. ഒന്നാംവര്‍ഷം പഠിക്കുമ്പോള്‍ കോളേജിലെ ചെറിയ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി തുടങ്ങിയ ക്രാഫ്റ്റ് വര്‍ക്കുകളാണ് ബോട്ടില്‍ ആര്‍ട്ടില്‍ എത്തിനില്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ 'പിന്റ് സൈസ്ഡ്' എന്ന പേരിലുള്ള പേജിന് ഇന്ന് ആരാധകര്‍ ഏറുകയാണ്.
കോട്ടയത്തും കൊല്ലത്തും എറണാകുളത്തുമായി പ്രദര്‍ശനങ്ങളില്‍ റിച്ചുവിന്റെ വര്‍ക്കുകള്‍ ഇടംനേടി. ഓണ്‍ലൈനിലും ഫ്‌ലീ മാര്‍ക്കറ്റിലുമായി അനേകര്‍ റിച്ചുവിന്റെ 'കുട്ടി ബോട്ടിലുകള്‍' തേടി എത്തുന്നുണ്ട്.
ഫ്‌ലീ മാര്‍ക്കറ്റിനാണ് മുന്‍ഗണന. 160 മുതല്‍ 260 രൂപ വരെയാണ് കുട്ടിക്കുപ്പികളുടെ വില. ഓണ്‍ലൈനില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കുള്ള വര്‍ക്കുകള്‍ കൃത്യമായി കൊറിയര്‍ ചെയ്യും.
കുട്ടിക്കുപ്പികളില്‍ത്തന്നെ കീച്ചെയിനാണ് ഏറ്റവും കൂടുതല്‍ ചെയ്യുന്നത്. വീട്ടിലെ പഴയ പേപ്പറും തുണിയും ചെറിയ വയറുകളും കൊണ്ട് നിര്‍മിക്കുന്ന ഡാന്‍സിങ് ഗേളും ടെഡ്ഡി ബെയറും ബൊക്കെയുമൊക്കെയാണ് കുട്ടിബോട്ടിലിനുള്ളില്‍ ഇടംനേടുന്നത്. ഓരോന്നിനും അവയ്ക്കനുയോജ്യമായ സന്ദേശങ്ങളും ഉണ്ടാകും, അവയില്‍ ചിലത് വാങ്ങുന്നവരുടെ ഇഷ്ടത്തിനും ബാക്കി റിച്ചുവിന്റെ വകയുമായിരിക്കും. റിച്ചു നല്‍കുന്ന സന്ദേശങ്ങള്‍ അധികവും കുപ്പിക്കുള്ളിലെ കുട്ടിരൂപത്തെ ആശ്രയിച്ചായിരിക്കും. 'ഏതെങ്കിലും വിശേഷ ദിവസത്തിലേക്കാണ് ഓര്‍ഡറുകള്‍ അധികവും ലഭിക്കുന്നത്. കഴിഞ്ഞ വാലന്‍ന്റൈന്‍സ് ഡേയിലും കുറേ വിറ്റുപോയി, കൂടുതലും പ്രണയിനിയുടെ പേരുകള്‍ ചേര്‍ത്തുള്ളത്. ക്രിസ്മസിന് ഗിഫ്റ്റായി നല്‍കാനും ഓര്‍ഡറുകള്‍ വന്നിരുന്നു. ഈയടുത്തിടെ സുഹൃത്തിനുവേണ്ടി ലിവര്‍പൂള്‍ ഫുട്ബോളിന്റെ മിനിയേച്ചര്‍ ചെയ്തു' -റിച്ചു പറഞ്ഞു.
ചെറിയ രീതിയില്‍ വരയും ക്രാഫ്റ്റ് വര്‍ക്കുകളുമായി നടന്ന റിച്ചുവിന് കൂട്ടുകാര്‍ക്കൊപ്പം തുടങ്ങിയ ബോട്ടില്‍ ആര്‍ട്ട് ഇന്നൊരു വരുമാന മാര്‍ഗം കൂടിയാണ്. വൈറ്റില സ്വദേശിയായ റെജിയുടെയും ബിനുവിന്റയും മകളാണ് റിച്ചു. വിനോദമായതിനാല്‍ ഒഴിവുസമയങ്ങളിലും ഓര്‍ഡറനുസരിച്ചുമാണ് വര്‍ക്കുകള്‍ ചെയ്യുന്നത്. അതിനാല്‍, പഠനത്തെ അത് ബാധിക്കുന്നില്ലെന്നും റിച്ചു പറയുന്നു.
Content Highlights: Bottle artist Richu Reji