നരേന്ദ്രമോദിയുടെ വാക്ചാതുര്യം, അരവിന്ദ് കെജ്‌രിവാളിന്റെ സംഘാടനമികവ് ഹര്‍ദിക് പട്ടേല്‍ എന്ന 22-കാരനെ മാധ്യമങ്ങള്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്. ചുരുക്കം ദിനങ്ങള്‍ കൊണ്ടാണ് ഈ ചെറുപ്പക്കാരന്‍ യുവാക്കള്‍ക്കിടയില്‍ സെന്‍സേഷനായത്. ഗുജറാത്ത് സര്‍ക്കാരിനേയും കേന്ദ്രഭരണകൂടത്തെതന്നെയും വെല്ലുവിളിക്കാന്‍ കാണിച്ച ആര്‍ജവമാണ് യുവാക്കളെ ഹര്‍ദിക്കിലേക്ക് ആകര്‍ഷിച്ചത്. നിലപാടുകളിലെ ശരി/തെറ്റുകളേക്കാള്‍ യുവത്വം ഉറ്റുനോക്കിയത് ഹര്‍ദിക്കിന്റെ കൂസലില്ലായ്മയേയും നിശ്ചയദാര്‍ഢ്യത്തേയുമായിരുന്നു. കുറച്ചുനാള്‍ മുമ്പ് തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ ആം ആദ്്മി വിപ്ലവത്തേക്കാള്‍ ആം ആദ്മിക്ക് തായ്‌വേരുള്ള അഴിമതി വിരുദ്ധ സമരത്തോടാവും ഹര്‍ദിക് പട്ടേല്‍ എന്ന 22 കാരന്‍ നയിക്കുന്ന സമരത്തിന് സാമ്യം. 

മോദിസര്‍ക്കാര്‍ പട്ടേല്‍ സമുദായത്തിന്റെ പൊടുന്നനെയുള്ള ആക്രണത്തില്‍ പകച്ചുപോയത് നാം കണ്ടതാണ്. ആ അമ്പരപ്പില്‍ നിന്നാണ് 'ഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും മണ്ണിലെ സംഭവവികാസങ്ങള്‍ രാജ്യത്തെ നടുക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു'വെന്നുള്ള വാചകം പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നിന്നും ഉയര്‍ന്നതും. പട്ടേല്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചാല്‍ ഗുജറാത്തില്‍ ഇനി താമര വിരിയില്ലെന്ന് 'മഹാ ക്രാന്തി റാലി'യില്‍ ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വഡോദരയിലെ നവ്‌ലാഖി മൈതാനത്ത് നടന്ന റാലിയില്‍ നാലര ലക്ഷം പേരാണ് പങ്കെടുത്തത്. കൃത്യമായ കണക്കുകൂട്ടലുകളോടെ ചുവടുകളോടെ തന്ത്രങ്ങളോടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നിലേക്കെത്തിച്ച മോദി പോലും ബികോം ബിരുദധാരിയായ ഈ 22-കാരന്റെ വെല്ലുവിളിക്കുമുമ്പില്‍ അമ്പരന്നുനില്‍ക്കുകയാണ്.

Hardik Patel



സമീപകാലത്തുണ്ടായ മോദി, കെജ്‌രിവാള്‍ തരംഗത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും പുതിയ തരംഗത്തിലേക്ക് ഹാര്‍ദിക് പട്ടേലിനെ നയിച്ചത് അധികാരത്തോടും പ്രശസ്തിയോടുമുള്ള പ്രിയമാണെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. മെഹ്‌സാനയിലെ ബിജെപി പ്രവര്‍ത്തകനായ ഭാരത് ഭായി പട്ടേലിന്റെ മകനായ ഹാര്‍ദിക് പക്ഷേ നാളിതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും തന്റെ അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മുതിര്‍ന്ന പല രാഷ്ട്രീയാചാര്യന്മാരുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് കാലിക രാഷ്ടീയത്തിലേക്ക് ഹര്‍ദിക് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. 

അഹമ്മദാബാദിലെ ഒരു സാധാരണ മധ്യവര്‍ഗ കുടുംബത്തിലെ അംഗമാണ് ഹര്‍ദിക്. വാണിജ്യസ്ഥാപനങ്ങള്‍ക്കായി വെള്ളം വിതരണം ചെയ്യുന്ന ചെറിയ ബിസിനസ്സാണ് ഈ ചെറുപ്പക്കാരന്റെ ജീവിത മാര്‍ഗം. 2011-ലാണ് പട്ടേലുമാരുടെ സംരക്ഷണത്തിനായി സര്‍ദാര്‍ പട്ടേല്‍ സേവാദള്‍ ഇദ്ദേഹം രൂപീകരിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പില്‍ (എസ്പിജി) നിന്ന് തെറ്റിപ്പിരിഞ്ഞാണ് പട്ടേല്‍ സമുദായ സംവരണ പ്രക്ഷോഭ (പിഎഎഎസ്) സംഘടനക്ക് ഹര്‍ദിക് രൂപം നല്‍കുന്നത്. 

ഇന്ന് നിലനില്‍ക്കുന്ന സംവരണങ്ങളുടെ പേരില്‍ പട്ടേല്‍ സമുദായക്കാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതായി ഹര്‍ദിക് കരുതുന്നു. '90% മാര്‍ക്ക് നേടിയ പട്ടേല്‍ വിഭാഗത്തിലെ വിദ്യാര്‍ഥിക്ക് മെഡിക്കല്‍/ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. എന്നാല്‍ 45% മാത്രം നേടുന്ന സംവരണ വിഭാഗങ്ങള്‍ക്ക് കോഴ്‌സില്‍ പ്രവേശനം ലഭിക്കുന്നുണ്ട്.' അതുകൊണ്ടാണ് പട്ടേല്‍ സമുദായത്തിനും സംവരണം വേണമെന്ന ആവശ്യവുമായി ഹര്‍ദികും അനുയായികളും ശബ്ദമുയര്‍ത്തുന്നത്. 

പുറംലോകം അറിയുന്ന ഗുജറാത്തല്ല യഥാര്‍ത്ഥ ഗുജറാത്ത്. ഉത്തര്‍പ്രദേശിനേയും ബീഹാറിനേയും പോലെ ആയിരണക്കണക്കിന് കര്‍ഷക ആത്മഹത്യകള്‍ നടന്ന ഒരു സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിന്റെ ആകെയുള്ള ജനസംഖ്യയില്‍ 18-20 ശതമാനം വരെ പട്ടേലുമാരാണ്. പക്ഷേ നിലവിലുള്ള സംവരണങ്ങളുടെ പേരില്‍ ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്ഥമാക്കിയിട്ടും ഭൂരിഭാഗം പേര്‍ക്കും ജോലി ലഭിക്കുന്നില്ലെന്നും ഹര്‍ദിക് പറയുന്നു. താനുള്‍പ്പടെയുള്ള തലമുറക്കും വളര്‍ന്നുവരുന്ന തലമുറക്കും വേണ്ടിയാണ് ഹര്‍ദിക്കിന്റെ പോരാട്ടം. സ്വന്തം നാടായ മെഹ്‌സാനയില്‍ നിന്നുതുടങ്ങി ഗുജറാത്തിലെമ്പാടും തീപ്പൊരിയായി പടര്‍ന്ന് ഇന്ത്യയിലെ യുവത്വത്തിന് പ്രചോദനമാകുകയാണ് ഹര്‍ദിക്. 

hardic


ഒന്നുകില്‍ സംവരണത്തില്‍ നിന്നും രാജ്യം സ്വതന്ത്രമാകണം അല്ലെങ്കില്‍ എല്ലാവരും സംവരണത്തിന്റെ അടിമകളാകണം. ഹര്‍ദിക്കിന്റെ ആവശ്യം അതാണ്. സ്വന്തം സമുദായത്തിന് സംവരണം ലഭിക്കണം എന്നതിനേക്കാള്‍ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കണം എന്നതാണ് പട്ടേല്‍ സമുദായത്തിന്റെ ആവശ്യം. സംവരണത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ടവന് അര്‍ഹതപ്പെട്ടത് നഷ്ടപ്പെടുന്നതായി ഇവര്‍ കുറ്റപ്പെടുത്തുന്നു. സമാനചിന്താഗതിക്കാരായ സമുദായങ്ങളുമായി ഒരു സമവായത്തിനും പദ്ധതിയുണ്ട്. രാജസ്ഥാനും ഹരിയാനയും ഉത്തര്‍പ്രദേശും അടക്കമുള്ള മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംവരണം ആവശ്യപ്പെട്ട് ഗുജ്ജാര്‍, ജാട്ട് സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളുടെ പ്രക്ഷോഭത്തിന് ഒരു ദേശീയമാനം കൈവരിക്കാനാണ് ഹാര്‍ദിക് പട്ടേലിനുപിന്നില്‍ അണിനിരന്നിരിക്കുന്ന പട്ടേലുമാരുടെ ശ്രമം.