കാലം മാറുമ്പോള്‍ എല്ലാറ്റിനുമുണ്ടാകും മാറ്റം. ഇങ്ങനെയൊരു മാറ്റത്തിന്റെ ഒരുക്കത്തിലാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ മോഹന്‍ സിതാര. സിനിമയുടെ തിരക്കുകള്‍ക്കിടയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരു മ്യൂസിക് ബാന്‍ഡിന്റെ ഒരുക്കത്തിലാണ് മോഹന്‍. 'റോയല്‍ വിങ്‌സ്' എന്നാണ് പേര്. വ്യത്യസ്തവും നൂതനവുമായ ബാന്‍ഡാകണം ഇതെന്ന് അദ്ദേഹം ശഠിക്കുന്നു. അതിനുള്ള പടപ്പുറപ്പാട് തുടങ്ങി. വരുന്ന ഓണത്തോടടുപ്പിച്ച് തൃശ്ശൂരില്‍ ബാന്‍ഡിന് ഔദ്യോഗിക തുടക്കം കുറിക്കും.

നിലാവുള്ള നീലരാത്രി. ദൂരെനിന്നും കേള്‍ക്കാം പ്രകൃതിയുടെ വൈവിധ്യമാം ശബ്ദങ്ങള്‍. ഭയാനകവും ഒപ്പം സ്വപ്‌നതുല്യ പ്രതീതിയുളവാക്കുന്നതുമായ ഒരൊന്നൊന്നര രാത്രി. ഒരമ്മ തന്റെ കുഞ്ഞിനെ താരാട്ടുപാടി ഉറക്കാന്‍ ശ്രമിക്കുകയാണ്. കുഞ്ഞിന് ഉറക്കമേ വരുന്നില്ല. വാവിട്ടു കരയുകയാണത്. അപ്പോള്‍ അശരീരി പോലെ ഒരു ശബ്ദം. 'ചന്ദ്രബിംബമേ നിന്‍ മുഖമൊന്നു മറയ്ക്കാമോ, നിന്‍ കാന്തിയാല്‍ എന്‍ കുഞ്ഞുറങ്ങുന്നേയില്ല...' അശരീരി തുടരുമ്പോള്‍ പതുക്കെ നീലവെളിച്ചത്തിന് കൂടുതല്‍ തെളിച്ചം വെയ്ക്കുന്നു. പൊടുന്നനെ ഇതൊരു സംഗീതവേദിയെന്നു കാഴ്ചക്കാര്‍ക്കു മനസ്സിലാകുന്നു. അവിടെ വിഷാദഛായയില്‍ ഒരു ഗായിക. ഓര്‍ക്കസ്ട്രയ്ക്ക് അണിനിരക്കുന്ന കലാകാരന്‍മാര്‍ തലകുനിച്ചിരിക്കുന്നു. നിലാവെളിച്ചവും കുഞ്ഞുറങ്ങാത്തതിന്റെ നൊമ്പരവും അവരിലും സൃഷ്ടിച്ചിരിക്കുന്നു വേദന കലര്‍ന്ന ആലസ്യം. പതിയെ ഗാനം തുടങ്ങുന്നു, 'ഓമന തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ...' പതുക്കെ തലയുയര്‍ത്തുന്നു പിന്നണിക്കാര്‍. 

സംഗീതോപകരണങ്ങളില്‍ അവരുടെ വിരലുകള്‍ പതുക്കെ ചലിക്കുന്നു. താരാട്ടുപാട്ടിന്റെ ഗതി പതിയെ മാറുന്നു. നിലാവെളിച്ചം പരക്കുന്നതുപോലെ ഈ ഗാനം ചെന്നെത്തുന്നത് മറ്റൊരു താരാട്ട് ഈണത്തിലേക്ക്. 'രാരീ രാരീരം രാരോ, പാടീ രാക്കിളി പാടീ...' ഒരു സംഗീത സംവിധായകന്റെ വിഷ്വലൈസേഷനാണിത്. തന്റെ മ്യൂസിക് ബാന്‍ഡിനു വേണ്ടി മോഹന്‍ സിതാര മനസ്സില്‍ സങ്കല്‍പ്പിച്ചുവച്ച ദൃശ്യം. മ്യൂസിക് ബാന്‍ഡിനു വേണ്ടിയുള്ള പാട്ടുകളുടെ റിഹേഴ്‌സല്‍ത്തിരക്കിലാണിപ്പോള്‍ മോഹന്‍.

ഒന്നര വര്‍ഷമായി മനസ്സില്‍ കൊണ്ടുനടക്കുന്ന മ്യൂസിക് ബാന്‍ഡാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിനു വേണ്ടി താന്‍ ആദ്യമായി സംഗീതം പകര്‍ന്ന രാരീ രാരീരം രാരോ... പാടീ രാക്കിളി പാടീ.. എന്ന ഗാനം പരിഷ്‌കരിക്കുന്നതുള്‍പ്പെടെ സാങ്കേതികവും ദൃശ്യസമ്പന്നവുമായ ഒട്ടേറെ പുതുപുത്തന്‍ ആശയങ്ങളുമായാണ് ബാന്‍ഡ് രംഗപ്രവേശം ചെയ്യുക. 'മൈക്കിള്‍ ജാക്‌സണ്‍ സ്‌റ്റൈലിലുള്ള മ്യൂസിക് ബാന്‍ഡാണ് മനസ്സിലുള്ളത്. എന്നുവച്ച് ത്രസിപ്പിക്കുന്ന പാട്ടുകള്‍ മാത്രമാണുണ്ടാവുക എന്ന് തെറ്റിദ്ധരിക്കരുത്. മലയാളികള്‍ ഗൃഹാതുരതയോടെ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന പാട്ടുകളും ഉണ്ടാവും. പക്ഷേ ഇവ യുവതലമുറയെക്കൂടി ആകര്‍ഷിക്കുംവിധം തനിമ ചോരാതെ മാറ്റിപ്പണിയും. പാട്ടിന്റെ മൂഡിനനുസരിച്ചുള്ള രംഗാവിഷ്‌കാരമുണ്ടാക്കും. പാട്ടുകാരും പിന്നണിക്കാരുമൊക്കെ ഇതേ മൂഡിലായിരിക്കും വേദിയില്‍ പ്രത്യക്ഷപ്പെടുക. മെലഡി ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ച് കൂടുതല്‍ ചടുലമാക്കും. നാടന്‍പാട്ടുകളുടെ ഹരമൊന്നു കൂട്ടും. അടിപൊളിപ്പാട്ടുകള്‍ അടിമുടി പൊളിച്ച് തട്ടുപൊളിപ്പനാക്കും' ബാന്‍ഡ് ഹരമാക്കുന്നതിന്റെ ചുറുചുറുക്കോടെ മോഹന്‍ സിതാര പറയുന്നു.

നിറയും വിസ്മയശബ്ദവും പ്രകാശവും 
'സംഗീതത്തിനും ദൃശ്യങ്ങള്‍ക്കും തുല്യപ്രാധാന്യമുണ്ടാകും. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ദൃശ്യചാരുത പ്രതീക്ഷിക്കാം. ഇതിനായി മികച്ച ശബ്ദക്രമീകരണ സംവിധാനം സജ്ജമാക്കണം. നൂതനമായ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങും. മികവുറ്റ പ്രകാശ ക്രമീകരണങ്ങള്‍ക്കായി വിദഗ്ധരുടെ സഹായം തേടും. സംഗീതത്തിനും അവയുടെ മൂഡിനുമനുസരിച്ച് പ്രകാശ ക്രമീകരണങ്ങളും മറ്റും നേരത്തെത്തന്നെ സെറ്റു ചെയ്തു വയ്ക്കാനാണ് പദ്ധതി. 

രംഗാവതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി മറ്റു പല ക്രിയാത്മകമായ ആശയങ്ങളും മനസ്സിലുണ്ട്. ബാന്‍ഡിന്റെ പ്രകടനം കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് പാട്ടുകള്‍ മാത്രമാവരുത്. അവയുടെ ദൃശ്യവശ്യതകൂടി ഇടംപിടിക്കണം. ഓരോ പാട്ടിനും വേണ്ട വിഷ്വലുകള്‍ മനസ്സില്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരേസമയം സിനിമാ സംവിധായകന്റെയും സംഗീതസംവിധായകന്റെയും വേഷമാണ് തനിക്ക് അണിയേണ്ടിവരിക'മോഹന്‍ സിതാര വിടര്‍ന്ന പുഞ്ചിരിയോടെ പറയുന്നു. 

പാട്ടിലൂടെയും ബോധവത്കരണം 
പല സുഹൃത്തുക്കളെയും ഫോണ്‍ ചെയ്യുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരമറിയുക. അവര്‍ക്ക്, അല്ലെങ്കില്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് അര്‍ബുദമാണെന്ന്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. പക്ഷെ എന്റെ മനസ്സില്‍ പെട്ടെന്ന് കടന്നുവന്നത് വിഷലിപ്തമായ പച്ചക്കറിയെക്കുറിച്ചാണ്. കീടനാശിനിയില്‍ മുങ്ങിയ അരിയും പച്ചക്കറികളും പഴങ്ങളും. ഇതിനെക്കുറിച്ച് ബാന്‍ഡിലൂടെ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ കടമയാണെന്നു തോന്നി. ഇക്കാര്യം യുവ ഗാനരചയിതാവ് ജോഫി തരകനുമായി പങ്കിട്ടു. നിരവധി ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ച ജോഫി വരികള്‍ കുറിച്ചു : 

'ഇന്നലെകളില്‍ നാം കണ്ടു നല്‍
വയലും വിളവും
ഇന്നെങ്ങുമേ കാണുന്നു നാം
വിനയും വിഷവും
പുതിയ ലോകമേ ഇനിമേല്‍ അറിയൂ
നിങ്ങളുണ്ണുമീ
ഓരോ മണിയില്‍പ്പോലും,
കനിയില്‍പ്പോലും,
വിഷം...വിഷം...'

വേദിയിലെ കൂരിരുട്ടില്‍ ആളുകളുടെ ദീനരോദനത്തില്‍ തുടങ്ങി വൈകാരികമായ സംഭവവികാസങ്ങളിലൂടെ ഈ ഗാനം രംഗത്തെത്തിക്കാനാണ് മോഹന്‍ സിതാര പദ്ധതിയിടുന്നത്. ബാന്‍ഡിന്റെ ബ്രാന്‍ഡ് സോങ്ങായിരിക്കും ഇത്. ജോഫി തരകന്‍ ബാന്‍ഡിനു വേണ്ടി മൂന്നു ഗാനങ്ങളാണ് എഴുതിയിട്ടുള്ളത്. ഒരു ഗാനം കണ്ണൂര്‍, കാസര്‍ഗോഡ് ഭാഷാശൈലി മിശ്രിതപ്പെടുത്തിയുള്ള മാപ്പിളപ്പാട്ടു സ്‌റ്റൈലിലുള്ളതാണ്. 'ബര്ന്ന് ബര്ന്ന്ന്ന് പറഞ്ഞീറ്റിങ്ങള് എത്തറ നാളായീ...ഒറക്കമൊയിഞ്ഞിറ്റ് തോറ്റു പെണ്ണേ കൊഞ്ചും മൊഞ്ചാളെ...' എന്നാണ് വരികള്‍. ഒരു പെണ്ണിനുവേണ്ടി കാത്തിരുന്ന് ജീവിതം തുലച്ച നിരാശാ കാമുകന്റെ വ്യഥയെക്കുറിച്ചുള്ള ഒരു പാട്ടുമുണ്ട്. 'അക്കരേക്കൊരു കെട്ടുവള്ളം പോലെന്നോ തുഴയൂന്നി മറഞ്ഞില്ലേ നീ... ഇക്കരെയൊരു കെട്ടതെങ്ങുപോലിന്നും കെട്ടുപ്രായം കഴിഞ്ഞിരിപ്പൂ ഞാന്‍..' എന്ന ഇതിലെ വരികള്‍ ചിരിപ്പിക്കും, ചിന്തിപ്പിക്കും. 

'എല്ലാ ജനുസ്സിലുംപെട്ട പാട്ടുകളുമുണ്ടാകും ബാന്‍ഡില്‍. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം. ഹിന്ദുസ്ഥാനിക്കും കര്‍ണാടകത്തിനും നാടോടി സംഗീതത്തിനും ഒരുപോലെ ഇടംനല്‍കും. എന്റെ സിനിമാഗാനങ്ങളും പുതിയ ട്രെന്‍ഡ് മുന്നില്‍ക്കണ്ട് പരിഷ്‌കരിക്കും. മറ്റു സംഗീത സംവിധായകരുടെ പാട്ടുകള്‍ മൂഡിനനുസരിച്ച് നീട്ടുകയോ, കുറുക്കുകയോ, കൂടുതല്‍ ഓര്‍ക്കസ്‌ട്രേഷനോടെ പുനരാവിഷ്‌കരിക്കുകയോ ചെയ്യും. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ബാന്‍ഡിനെ പ്രചരിപ്പിക്കും ജനപ്രീതി നേടിയ സംഗീതസംവിധായകന് തന്റെ ബാന്‍ഡിനെയും ജനപ്രിയമാക്കാന്‍ പദ്ധതികള്‍ ഏറെ.

'റോയല്‍ വിങ്‌സ്' ടീം 
ഗായകര്‍ : വിഷ്ണു മോഹന്‍ (മോഹന്‍ സിതാരയുടെ മകനും യുവ സംഗീതസംവിധായകനുമാണ്), പി. വരദ, സിയാദ്, ജിഷ നവീന്‍, ജോയ്‌സ് സുരേന്ദ്രന്‍, സാലിഹ് ഹനീഫ്, ആതിര സുരേഷ്, ആര്‍ഷ കൃഷ്ണകുമാര്‍, സുധാമണി ശങ്കര്‍, ശ്രീരാഗ് രവീന്ദ്ര, സുധിന്‍ നാരായണ്‍, ശ്രീഹരി രവീന്ദ്ര, അരുണ്‍ അരവിന്ദ്

പിന്നണിയില്‍ : ബിനേഷ് ദേവ്‌നാഥ് (വയലിന്‍), റെമിന്‍ ജോസ് (ഗിത്താര്‍), പ്രെഷ്യസ് പീറ്റര്‍ (കീബോര്‍ഡ്), ശരത് സുബ്രഹ്മണ്യന്‍ (റിഥം ഗിത്താര്‍), മെല്‍വിന്‍ ജെ. തേറാട്ടില്‍ (ബാസ്), മിഥുന്‍ പോള്‍ (ഡ്രംസ്)

കാലത്തിനൊപ്പം നില്‍ക്കണം മോഹന്‍ സിതാര
മ്യൂസിക് ബാന്‍ഡ് വിജയമാക്കുക എന്നത് എളുപ്പമാണോ?
മാറുന്ന കാലത്തെക്കുറിച്ചും പുതിയ ട്രെന്‍ഡുകളെക്കുറിച്ചും തലമുറയെപ്പറ്റിയും അറിവും അവബോധവുമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിജയത്തിലെത്താന്‍ വലിയ പ്രയാസമുണ്ടാകില്ല. മറ്റു മ്യൂസിക് ബാന്‍ഡുകളില്‍ നിന്നും കാര്യമായ വ്യത്യസ്തത ഉണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതിനുവേണ്ടി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുമുണ്ട്. 800 ഓളം ചിത്രങ്ങള്‍ക്കുവേണ്ടി സംഗീതം പകര്‍ന്ന ഒരു കലാകാരനാണ് ഞാന്‍. ഈ നിലയില്‍ എനിക്കു ലഭിച്ചിട്ടുള്ള ഫെയിം ഉദ്യമത്തെ ഏറെ സഹായിക്കും. ബാന്‍ഡിനെ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയകളെയും വാട്‌സ് ആപ്പിനെയും മറ്റും കൂട്ടു പിടിക്കും. ഇതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ബാന്‍ഡിലെ പാട്ടുകളും മറ്റു സാങ്കേതിക ക്രമീകരണങ്ങളും കാലോചിതമായി പരിഷ്‌ക്കരിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെവരും.

ബാന്‍ഡ് എന്ന ആശയം രൂപപ്പെട്ടതിനു പിന്നില്‍?
ഒരു സിനിമയ്ക്കു ഗാനമൊരുക്കുമ്പോള്‍ സംവിധായകന്‍ മനസ്സില്‍ക്കാണുന്ന ദൃശ്യങ്ങള്‍ക്കനുസൃതമായിരിക്കും അത്. എന്നാല്‍ ബാന്‍ഡിനു വേണ്ടി ഗാനമൊരുക്കുമ്പോള്‍ എനിക്കു ലഭിക്കുന്നത് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ്. രംഗത്ത് അവതരിപ്പിക്കാനുള്ള വിഷ്വലുകള്‍ ഞാന്‍ തന്നെ മനസ്സില്‍ക്കാണുന്നു. അതിനനുസരിച്ച് പാട്ടിന്റെയും ഓര്‍ക്കസ്ട്രയുടെയും ഗതിയില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ജനകീയമാക്കാന്‍ സാധിക്കും. യുവതലമുറയെ ലക്ഷ്യംവച്ച് പാട്ടുകളെ കൂടുതല്‍ മോടിപ്പെടുത്താനാവും.

സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ ബാന്‍ഡിനൊപ്പം നില്‍ക്കുക ബുദ്ധിമുട്ടല്ലേ?
ഇത് ഞാനുണ്ടാക്കിയ സംരംഭമാണ്. അത് നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ബാന്‍ഡ് എവിടെ പരിപാടി അവതരിപ്പിച്ചാലും ഞാന്‍ കൂടെപ്പോകും.