മൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് അലന്‍ വിക്രാന്ത് പങ്കുവെച്ച മേക്കോവര്‍ ഫോട്ടോഷൂട്ട്. കണ്ണൂരിലെ ആറളം പഞ്ചായത്തിലെ ആദിവാസി കോളനിയില്‍ നിന്നുള്ള ചെമ്പനെയാണ് മേക്കോവര്‍ ഫോട്ടോഷൂട്ടിലൂടെ ബോളിവുഡ് താരങ്ങള്‍ക്ക് സമാനമായ ലുക്കിലേക്കെത്തിച്ചത്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

മൂന്ന് വര്‍ഷത്തിന് മുന്‍പ് വാഹനാപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ അലന്‍ വിക്രാന്ത് വീല്‍ചെയറിലിരുന്ന് കൊണ്ടാണ് ഫോട്ടോഷൂട്ട് നടത്തിയത്. നേരത്തെ അലന്‍ വീല്‍ചെയറിലിരുന്ന് സംവിധാനം ചെയ്ത കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഹ്രസ്വചിത്രവും യൂട്യൂബില്‍ ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. 

alan vikranth
അലന്‍ വിക്രാന്ത് ചെമ്പനൊപ്പം

2018ലാണ് സംവിധായകനും ഛായാഗ്രാഹകനുമായ അലനും സുഹൃത്ത് നിധിന്‍ ആന്‍ഡ്രൂസും വാഹനാപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ നിധിന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അലന്‍ അരയ്ക്ക് താഴേക്ക് തളര്‍ന്നു വീല്‍ചെയറിലായി. ഷോര്‍ട്ട് ഫിലിമിന്റെ ട്രയല്‍ ഷൂട്ടിങ് കഴിഞ്ഞ ഉടനെയായിരുന്നു അപകടം. പിന്നീട് അലന്‍ ട്രയല്‍ ഷൂട്ടിങ് ഫൂട്ടേജ് ഉപയോഗിച്ച് വീല്‍ചെയറില്‍ ഇരുന്നാണ് ബാക്കി മുഴുവന്‍ വര്‍ക്കുകളും പൂര്‍ത്തീകരിച്ചത്. 

അപകടത്തില്‍ മരിച്ച പ്രിയസുഹൃത്ത് നിധിന്‍ അഭിനയിച്ച അവസാന ചിത്രം കൂടിയായിരുന്നു കോട്ടയത്ത് ഒരു പ്രണയകാലത്ത്. അതുകൊണ്ടുതന്നെ ചിത്രം എങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കണമെന്നത് അലന്റെ വാശിയും അതിയായ ആഗ്രഹവുമായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അലന്‍ സെബാസ്റ്റ്യൻ എന്ന അലന്‍ വിക്രാന്ത് തന്റെ ഹ്രസ്വചിത്രവും ഏറ്റവും പുതിയ ഫോട്ടോഷൂട്ടും പൂര്‍ത്തിയാക്കിയത്.

2018ലായിരുന്ന അലനെ വീല്‍ചെയറിലാക്കിയ അപകടം നടന്നത്.  കോട്ടയത്ത് സ്റ്റുഡിയോ നടത്തിയിരുന്ന അലനും സുഹൃത്തും യാത്ര ചെയ്തിരുന്ന ബൈക്ക് കാറുമായി ഇടിച്ചാണ് അപകടമുണ്ടായത്. നട്ടെല്ലിനുണ്ടായ ഗുരുതര പരിക്കിനെ തുടര്‍ന്ന് അലന്‍ വീല്‍ചെയറിലായി. മൂന്ന് വര്‍ഷം വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോള്‍ ക്യാമറ കൈയിലെടുത്തത്. 

പ്ലാന്‍ ചെയ്ത് നടത്തിയ ഫോട്ടോഷൂട്ട് ആയിരുന്നില്ല ഈ മേക്കോവര്‍ ഫോട്ടോഷൂട്ടെന്ന് പറയുന്നു അലന്‍. അവിചാരിതമായാണ് സുഹൃത്തിന്റെ കയ്യിലെ ക്യാമറ വാങ്ങി ഉപയോഗിച്ചത്. ചെമ്പന്‍ ചേട്ടനെ മേക്കോവര്‍ നടത്തി വെസ്‌റ്റേണ്‍ ലുക്കിലേറ്റി മാറ്റി. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങല്‍ പോസ്റ്റ് ചെയ്തു. ഫോട്ടോകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അലന്‍ പറഞ്ഞു. 

കണ്ണൂര്‍ ഇരിട്ടിക്ക് സമീപം പേരാവൂര്‍ സ്വദേശിയാണ് അലന്‍ സെബാസ്റ്റ്യന്‍ എന്ന അലന്‍ വിക്രാന്ത്. വീല്‍ചെയറിലാണെങ്കിലും സിനിമയോടുള്ള അഭിനിവേശത്തിന് ഒട്ടും കുറവില്ല ഈ ചെറുപ്പക്കാരന്. താന്‍ തിരക്കഥയെഴുതുന്ന സിനിമ നാല് ഭാഷകളില്‍ സംവിധാനം ചെയ്യലാണ് അലന്റെ അടുത്ത ലക്ഷ്യം.