''പേടിയായിരുന്നു അവരെ കാണുമ്പോള്‍ തന്നെ. 2007ല്‍ കൂട്ടുകാരന്റെ വാക്കുകേട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ ഉത്സവത്തിന് തമിഴ്‌നാട്ടില്‍ പോയപ്പോഴുണ്ടായ അസ്വസ്ഥത ഇനിയുമൊടുങ്ങിയിട്ടില്ല. അവരെ തേടി ബെംഗളൂരുവിലെത്തിയപ്പോഴും മുന്നോട്ടുനയിച്ചത് ആ അസ്വസ്ഥതയും അവരെക്കുറിച്ചറിയാനുള്ള ആഗ്രഹവുമായിരുന്നു. എല്ലാവരും പറഞ്ഞപോലെ കയ്യിലുള്ളതെല്ലാം തട്ടിപ്പറിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാവുന്നവരുടെ ഇടയിലേക്ക് 'എനിക്ക് നിങ്ങളെക്കുറിച്ചറിയണം, കുറച്ചു പടമെടുക്കണം' എന്നു പറഞ്ഞു കയറിച്ചെല്ലുകയായിരുന്നു...''

ഒരു പത്രഫോട്ടോഗ്രാഫറുടെ ആക്ടിവിസ്റ്റ് ജീവിതം ഇവിടെത്തുടങ്ങി. ജോലി ജീവിതം കവര്‍ന്നെടുക്കുന്നവര്‍ക്കിടയില്‍ മഴവില്‍ വര്‍ണം പതിയുന്ന ലെന്‍സുമായി മാറി നടക്കുന്ന പി.അഭിജിത്ത് എന്ന സാധാരണക്കാരന്റെ. 

ഭിന്നലിംഗക്കാരെ എല്ലാവരും തിരിച്ചറുന്നതിനും മുമ്പ് അവര്‍ക്ക് പിന്നാലെ നടപ്പു തുടങ്ങിയതാണ് അഭിജിത്ത്. ചിത്രപ്രദര്‍ശനമായും മറ്റ് ഇടപെടലുകളായും വൈവിദ്ധ്യമാര്‍ന്ന ആ യാത്ര ഭിന്നലിംഗക്കാരുടെ ജീവിതം പറയുന്ന 'അവളിലേക്കുള്ള ദൂരം' ഡോക്യുമെന്ററി വരെയെത്തി. ആദ്യപ്രദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അഭിജിത്ത് സംസാരിക്കുന്നു.

അധികമാരും കാണാത്ത കാഴ്ചകള്‍ കാണണമെന്നും കാണിക്കണമെന്നും തീരുമാനിച്ചതെപ്പോഴാണ്?

അതങ്ങനെ മുന്‍കൂട്ടി തീരുമാനിച്ചതൊന്നുമല്ല. യാദൃശ്ചികമായാണ് 2007ല്‍ തമിഴ്‌നാട് വില്ലുപുരം കൂവാഗം കൂത്താണ്ടവര്‍ ക്ഷേത്രത്തിലെ  ഫെസ്റ്റിവലിനെക്കുറിച്ച് സുഹൃത്ത് അജിലാല്‍ പറയുന്നത്. ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. കുറച്ചു നല്ല പടങ്ങള്‍ കിട്ടുമെന്ന് പറഞ്ഞിട്ടും മാറി നില്‍ക്കാനാണ് തോന്നിയത്. വീണ്ടും നിര്‍ബന്ധമുണ്ടായപ്പോള്‍ എന്നാല്‍ പോയേക്കാമെന്നായി.

അജിലാലിനൊപ്പം എത്തിയത് മറ്റൊരു ലോകത്തായിരുന്നു. റോഡിലുള്‍പ്പെടെ എല്ലായിടത്തും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. അറപ്പും വെറുപ്പും തോന്നുന്ന രൂപമുള്ളവര്‍, ആണായി തോന്നുന്നവര്‍, പെണ്‍വേഷം കിട്ടിയ പോലെ ആണുങ്ങള്‍, നല്ല സുന്ദരിമാര്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന കാഴ്ചകള്‍. ചിലരൊക്കെ കൂട്ടംകൂടി കൈകൊട്ടി ചിരിക്കുന്നുണ്ട്. കമന്റടിക്കുന്നുണ്ട്. മറ്റുള്ള ആളുകള്‍ അവരെയും അവര്‍ തിരിച്ചും കമന്റടിക്കുന്നതും കണ്ടു. മൊത്തത്തില്‍ വ്യത്യസ്തമായ കാഴ്ചയും അനുഭവവും.

ഫോട്ടോയെടുത്താല്‍ എന്താവും പ്രതികരണമെന്ന് പേടിയുണ്ടായിരുന്നു. ചിലര്‍ മടിയില്ലാതെ നിന്നുതന്നു. ആ രണ്ടുദിവസം കൊണ്ട് ഇത്തരത്തിലുള്ള ഒരുപാടു പേരെ കണ്ടു പരിചയപ്പെട്ടു. അവരുടെ കഥകള്‍ കേട്ടു. പല ജീവിതങ്ങളും സമാനമായിരുന്നു. മിക്കവരും 15 വയസ്സില്‍ തന്നെ വീടുവിടേണ്ടി വന്നവര്‍. പിന്നീട് സ്വന്തം താല്‍പര്യത്തിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍. ഭിക്ഷാടനവും ലൈംഗിക വൃത്തിയുമായിരുന്നു ഭൂരിഭാഗത്തിന്റെയും തൊഴില്‍. മറ്റൊരു ഓപ്ഷനും അവര്‍ക്കുണ്ടായിരുന്നില്ല. നിവൃത്തികേട് കൊണ്ടാണ് പലരും ഇഷ്ടമില്ലാത്ത കാര്യം ചെയ്തു കൊണ്ടിരുന്നത്.

കുരുക്ഷേത്ര യുദ്ധവുമായും അര്‍ജ്ജുനന്റെ മകന്‍ അരവാന്റെ ഐതിഹ്യവുമായും ബന്ധമുള്ള ഉത്സവമാണ് കൂവാഗത്തു നടക്കുന്നത്. അരവാന്റെ വിധവയായ മോഹിനിയായി സ്വയം സങ്കല്‍പ്പിച്ചാണ്് ഓരോ ട്രാന്‍സ്‌ജെന്‍ഡറും അവിടെത്തുന്നത്. ഒടുവില്‍ വള പൊട്ടിച്ച് താലിയറുത്ത് വെള്ള സാരിയുടുത്ത് മടങ്ങുമ്പോഴാണ് ഉത്സവവും അവസാനിക്കുന്നത്.

അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷം വീണ്ടും അവരെ തന്നെ ശ്രദ്ധിക്കാന്‍ തീരുമാനിച്ചതെപ്പോഴാണ്?

ഉത്സവം കഴിഞ്ഞെത്തിയപ്പോള്‍ മുതല്‍ മനസ്സ് അസ്വസ്ഥമായിരുന്നു. സദാസമയവും ആ കാഴ്ചകള്‍ തന്നെയായിരുന്നു മനസ്സില്‍. അവരെന്തിനാണ് ഇത്തരത്തില്‍ ജീവിക്കുന്നത്, എങ്ങനെയാണ് അവരിങ്ങനെയായത് എന്നൊക്കെ അറിഞ്ഞേ പറ്റൂ എന്നു തോന്നി. അങ്ങനെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കുറിച്ച് മനസ്സിലാക്കാനായി ഓണ്‍ലൈനിനെയും ലൈബ്രറികളെയും ആശ്രയിച്ചു പക്ഷേ നിരാശയായിരുന്നു ഫലം. അധിക വിവരമൊന്നും അന്ന് ലഭ്യമായിരുന്നില്ല.

ജെറീന എന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ ആത്മകഥ മാത്രമാണ് ലഭിച്ചത്. അതു വായിച്ചപ്പോള്‍ കുറച്ചു കാര്യങ്ങള്‍ മനസ്സിലായെങ്കിലും അതുപോര എന്നു തോന്നിയപ്പോള്‍ വീണ്ടും യാത്ര ചെയ്യാന്‍ തീരുമാനിച്ചു.

Abhiijth

അങ്ങനെയാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് പിന്നാലെ നടന്നു തുടങ്ങിയത് അല്ലേ?

അതേ. തിരക്കുപിടിച്ച പത്രജീവിതത്തിനിടെ മൂന്നുദിവസം ലീവെടുത്തു ബെംഗളൂരുവിലേയ്ക്ക് വച്ചുപിടിച്ചു. അവിടെ ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ഉണ്ടെന്ന അറിവിന്റെ പുറത്തായിരുന്നു യാത്ര. ആ ഓഫീസ് കണ്ടെത്താന്‍ തന്നെ ഏറെ ബുദ്ധിമുട്ടി. ഇങ്ങനെ നിരന്തരം ആളു വരാറുണ്ടെന്നും എഴുതാറുണ്ടെന്നും എന്നിട്ടും ഇവരുടെ ജീവിതത്തില്‍ മാറ്റമുണ്ടായില്ലെന്നുമയായിരുന്നു ആദ്യ പ്രതികരണം. തിരിച്ചു പൊക്കോളൂ എന്നുവരെ ഉപദേശമുണ്ടായിട്ടും പോവാന്‍ തോന്നിയില്ല. ഒടുവില്‍ അവിടെത്തന്നെ ഉണ്ടായിരുന്ന രണ്ടുപേരെ ഇന്റര്‍വ്യൂ ചെയ്യാനായി.

ആദ്യ പ്രതികരണം നെഗറ്റീവായപ്പോള്‍ ആകെ വിഷമമായി. അവര്‍ താമസിക്കുന്ന സ്ഥലത്തുപോയി ജീവിതം ചിത്രീകരിക്കണമെന്ന് പറഞ്ഞപ്പോ അനുവാദം നല്‍കാനാകില്ലെന്നായിരുന്നു പ്രതികരണം. കാരണം ചോദിച്ചപ്പോ നിങ്ങള്‍ക്കും നിങ്ങളുടെ ക്യാമറയുള്‍പ്പെടെ വസ്തുക്കള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വമേല്‍ക്കാന്‍ പറ്റില്ലെന്നായി. 

അങ്ങനെ ആകെ വിഷമിച്ച് പുറത്തിറങ്ങി ചുമ്മാ നില്‍ക്കുമ്പോള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ അടുത്തെത്തി എന്റെ വിവരങ്ങള്‍ അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോ ഒപ്പം വരാന്‍ പറഞ്ഞു. അതൊരു നിമിത്തമായിരുന്നു.

ആരാണെന്ന് പോലുമറിയാത്ത സൗമ്യ എന്നുപേരുള്ള ആ ട്രാന്‍സ്‌ജെന്‍ഡറിനൊപ്പം എന്ത് ധൈര്യത്തിലാണ് പോയതെന്ന് എനിക്കിന്നുമറിയില്ല. എല്ലാ തരത്തിലുമുള്ള ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ചേരിയിലാണ് അവരുടെ വീട്. അവിടെയെത്തിയപ്പോ, ചിലര്‍ വീട്ടുജോലികള്‍ ചെയ്യുന്നതായും അടുക്കളപ്പണി ചെയ്യുന്നതായും കണ്ടു. നമ്മുടെയൊക്കെ വീട്ടിലെ സ്ത്രീകളെപ്പോലെ.

ആവശ്യം പറഞ്ഞപ്പോ മടിയില്ലാതെ അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. കുറേ ചിത്രങ്ങളെടുത്ത് അവരെയെല്ലാം പരിചയപ്പെട്ട് ഒരു ചായയും കുടിച്ച് പിരിഞ്ഞു. പക്ഷേ അങ്ങനെ പിരിയാനാകുന്നതായിരുന്നില്ല അവരുമായുള്ള ബന്ധം.

പിന്നീടെന്താണ് സംഭവിച്ചത്?

ആ വിഷയം വിടാന്‍ തോന്നിയില്ല. യാത്രകള്‍ പതിവായി. വല്ലപ്പോഴും വീണുകിട്ടുന്ന അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും  പോയി. ഒരുപാട് പടങ്ങളെടുത്തു. ഏറെപ്പേരുമായി പരിചയമായി. പലരും നിരന്തരം ബന്ധം പുലര്‍ത്തി. ചുരുക്കത്തില്‍ രണ്ട് എക്‌സിബിഷനെങ്കിലും നടത്താനുള്ള ചിത്രങ്ങള്‍ അപ്പോള്‍ തന്നെ കയ്യിലായി.

ഈ ചിത്രങ്ങള്‍ എവിടെയെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്‌തോ?

അങ്ങനെ കൃത്യമായ ലക്ഷ്യത്തോടെയൊന്നുമല്ല ചിത്രമെടുത്തതെന്ന് തോന്നിയത് അവരില്‍ ചിലര്‍ തന്നെ ചോദിച്ചു തുടങ്ങിയപ്പോഴാണ്. നിങ്ങളിതൊക്കെ എന്തു ചെയ്യാനാ ഉദ്ദേശിക്കുന്നതെന്ന് പലരും ചോദിച്ചു. ഇതൊക്കെ എല്ലാവരും കാണുകയും അറിയുകയും വേണ്ടേ എന്നു നിര്‍ദ്ദേശമുണ്ടായിട്ടും ആദ്യം ആശങ്കയായിരുന്നു. ആളുകള്‍ എങ്ങനെ സ്വീകരിക്കും എന്നൊക്കെ. എന്തായാലും, കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ എക്‌സിബിഷന്‍ നടത്താന്‍ തീരുമാനിച്ചു.

2007ല്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ പ്രദര്‍ശനത്തിന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണുണ്ടായത്. പല മേഖലയുമായി ബന്ധപ്പെട്ട പല ദേശക്കാരെത്തി നല്ല അഭിപ്രായം പറഞ്ഞു. സമയം നീട്ടാനാകുമോ എന്നും ആവശ്യമുണ്ടായി. കേരളത്തില്‍ തന്നെയുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ കുറച്ചുപേര്‍ സംഭവമറിഞ്ഞെത്തി. ബെംഗളൂരില്‍ നിന്നും ചിലര്‍ വന്നു. പുതിയ പരിചയങ്ങളായി.

പിന്നെ മലപ്പുറം കോട്ടക്കുന്നിന് താഴെയുള്ള ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയപ്പോള്‍ നെഗറ്റീവായ പ്രതികരണങ്ങളുണ്ടായി. എക്‌സിബിഷന് 'ഹിജ്‌റ' എന്ന പേരിട്ടത് അംഗീകരിക്കാനാകില്ലെന്നു വരെ ചിലര്‍ പറഞ്ഞെങ്കിലും അതൊരു ന്യൂനപക്ഷം മാത്രമായിരുന്നു. എതിര്‍പ്പുമായി തര്‍ക്കിക്കാന്‍ വന്നവര്‍, ആധികാരികമായി കാര്യങ്ങള്‍ പറഞ്ഞപ്പോ ഒന്നും മിണ്ടാനില്ലാതെ മടങ്ങി. ഏറെപ്പേരും പിന്തുണച്ചു. മാധ്യമങ്ങള്‍ കവര്‍ ചെയ്തു. കുറച്ചുപേര്‍ക്കെങ്കിലും ഇവരെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ മാറ്റമുണ്ടായെന്ന് വിസിറ്റേഴ്‌സ് ബുക്കിലെ അഭിപ്രായങ്ങളില്‍ നിന്ന് മനസ്സിലായി. പത്തുപേര്‍ക്കെങ്കിലും ഇത്തരത്തില്‍ മാറ്റമുണ്ടായെങ്കില്‍ അതെന്റെ വിജയമാണ്.

പ്രദര്‍ശനത്തിനൊക്കെ എന്തെങ്കിലും തരത്തിലുള്ള സഹായമൊക്കെ ആരില്‍ നിന്നെങ്കിലുമുണ്ടായോ?

ആരോടെങ്കിലും സഹായം ചോദിക്കാന്‍ എനിക്കിപ്പോഴും മടിയാണ്. കേരളത്തിന്റെ പലഭാഗത്തും പ്രദര്‍ശനം നടത്താന്‍ ആഗ്രഹിച്ചെങ്കിലും കയ്യില്‍ കാശില്ലാത്തതു കൊണ്ട് നടന്നില്ല. പക്ഷേ യാത്രകളും അവരുടെ ജീവിതം പകര്‍ത്തലും പിന്നെയും തുടര്‍ന്നു.

വീണ്ടും വിഷയവുമായി മുന്നോട്ടു പോകാന്‍ എന്തായിരുന്നു പ്രചോദനം?

2012ലാണ് സുഹൃത്തുക്കളുടെ പ്രോത്സാഹനത്തില്‍ വീണ്ടും എക്‌സിബിഷന്‍ നടത്തിയത്. പ്രസ്‌ക്ലബില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍. ഗോപകുമാറിന്റെ വാക്കുകളാണ് ഇന്നും പ്രചോദനമായി മുന്നോട്ടു നയിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങള്‍ക്കു പിന്നാലെയുള്ള നടപ്പ് നിര്‍ത്തരുതെന്നും മുന്നോട്ടു കൊണ്ടു പോകണമെന്നുമുള്ള അദ്ദേഹത്തിന്റെ നല്ല വാക്കുകളോളം വിലപ്പെട്ട പ്രചോദനം മറ്റൊന്നുമില്ല.

ഏറെക്കാലമായി അവര്‍ക്ക് പിന്നാലെ നടന്ന് ഇനി അവസാനിപ്പിക്കാമെന്ന് തോന്നിയെങ്കിലും അതെളുപ്പമായിരുന്നില്ല. 'പച്ചക്കുതിര' മാസികയില്‍ ഞാനുമായുള്ള ഇന്റര്‍വ്യൂവും സൂര്യ എന്ന ട്രാന്‍സ്‌ജെന്‍ഡറുമായുള്ള ഇന്റര്‍വ്യൂവും വന്നതോടെ പരിചയങ്ങള്‍ വീണ്ടും കൂടി. സൂര്യയാണ് ആദ്യമായി കേരളത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതം തുറന്നു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ടത്.

ഇങ്ങനെയൊക്കെ മുന്നോട്ടു പോകുന്നതിനോട്് വീട്ടുകാരൊക്കെ എങ്ങനെയാ പ്രതികരിച്ചത്?

എപ്പോഴാണ് ഡോക്യുമെന്ററി ചെയ്യാന്‍ തോന്നിയത്?

സുഹൃത്തായ എഡിറ്റര്‍ ജില്‍ജിത്താണ് ഇക്കാര്യം ആദ്യം പറഞ്ഞത്. ഫോട്ടോസും അവരുടെ ചെറിയ സംഭാഷണവും ക്യാപഷനുകളും മ്യൂസിക്കും ചേര്‍ത്ത ആദ്യ ഫോട്ടോ ഡോക്യുമെന്ററി 'ട്രാന്‍സി'ലേക്കെത്തുന്നത് അങ്ങനെയാണ്.

2015ല്‍ അത്തരത്തിലൊരു വ്യത്യസ്ത ആശയത്തോടെ ഡോക്യുമെന്ററി വന്നു. അതും ഏറെ അഭിപ്രായമുണ്ടാക്കി.

രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും അധികൃതരും ഇതൊക്കെ കാണുന്നുണ്ടായിരുന്നില്ലേ?

2012ല്‍ എക്‌സിബിഷനെത്തിയ അന്നത്തെ സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍ ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ച് അന്വേഷിച്ചിരുന്നു. പിന്നീട് 2015ല്‍ ഫോട്ടോ ഡോക്യുമെന്ററി ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം ആ വേദിയില്‍ സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നയം പ്രഖ്യാപിച്ചത് വലിയ തുടക്കമായി. രണ്ടുമാസത്തിന് ശേഷം നയം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും അത് പ്രാബല്യത്തിലായിട്ടില്ല.

ഇവരെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുന്ന അവസ്ഥ വന്നതോടെ പ്രമുഖ പാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ വിഷയം ഇടംപിടിച്ചു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

പുതിയ സര്‍ക്കാര്‍ വന്നശേഷം സാമൂഹ്യക്ഷേമ മന്ത്രി കെ.കെ.ശൈലജയില്‍ നിന്നും അനുഭാവപൂര്‍വമായ സമീപനമാണ് ഉണ്ടായത്.

പുതിയ ഡോക്യുമെന്ററി 'അവളിലേക്കുള്ള ദൂര'ത്തെക്കുറിച്ച് പറയാമോ?

വിഷ്വലുകള്‍ മാത്രമുപയോഗിക്കുന്ന ഡോക്യുമെന്ററിയെക്കുറിച്ച് ചിന്തിക്കുന്നതും ദില്‍ജിത്തിന്റെ പ്രോത്സാഹനത്തിലാണ്. ചെറുപ്പത്തില്‍ സിനിമയില്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അതേക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. സാങ്കേതികമായ കൃത്യമായ ധാരണയൊന്നുമില്ലാതെ വെറുതേ ക്യാമറയുമായി തിരുവനന്തപുരത്ത് താമസിക്കുന്ന സൂര്യയുടെയും ഹരിണിയുടേയും ജീവിതം ചിത്രീകരിക്കാന്‍ തുടങ്ങി. വെറുതേ അവരോട് സംസാരിച്ചതും അവര്‍ തമ്മില്‍ സംസാരിക്കുന്നതും പകര്‍ത്തിയെന്നല്ലാതെ വേറൊന്നും ചെയ്തില്ല. അതാണ് 'അവളിലേക്കുള്ള ദൂര'മായത്.

ഡോക്യുമെന്ററി പ്രകാശനം ചെയ്ത ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് നടത്തിയ പ്രഖ്യാപനങ്ങളും വലിയ പുരസ്‌കാരമായി തന്നെ കാണുകയാണ്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അടിസ്ഥാന പ്രശ്‌നമായ താമസ സൗകര്യത്തിന്റെ അഭാവത്തിന് പരിഹാരമായി ഇ.എം.എസ് ഭവന പദ്ധതി പ്രകാരം വീട് അനുവദിക്കാമെന്നായിരുന്നു അത്. ബജറ്റിലൂടെ അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രഖ്യാപിച്ച പദ്ധതിയ്ക്ക് പുറമേയാണിത്.

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിക്ക് ജേണലിസം കോഴ്‌സിന് സൗജന്യമായി പ്രവേശനം നല്‍കാമെന്ന തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ വാഗ്ദാനം ഇക്കൊല്ലം പാലിക്കപ്പെടാന്‍ പോകുന്നതും സന്തോഷം നല്‍കുന്ന കാര്യമാണ്.

ഇപ്പറഞ്ഞതൊക്കെ വ്യക്തിപരമായ നേട്ടങ്ങളായി തോന്നുന്നുണ്ടോ? ഒരു ആക്ടിവിസ്റ്റ് ഫോട്ടോഗ്രാഫര്‍ എന്നൊക്കെ വിളിച്ചാല്‍ എന്തുതോന്നും?