ജാക്കറ്റും കൂളിങ് ​ഗ്ലാസുമൊക്കെ ധരിച്ച് ബുള്ളറ്റിനു മുകളിൽ സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന ഒരാളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. ജീവിതത്തിൽ ജൂബ്ബയും മുണ്ടും മാത്രം ധരിച്ച് പുറത്തിറങ്ങിയിട്ടുള്ള പി.ആർ ശശിധരൻ എന്ന തനിനാടൻ അധ്യാപകന് ഈ വിധത്തിലുള്ള മേക്കോവർ നൽകിയത് സ്വന്തം മകൻ തന്നെയാണ്. എഴുപത്തിനാലാം വയസ്സിലെ ഈ ചുറുചുറുക്കാർന്ന മേക്കോവറിന്റെ ക്രെഡിറ്റ് മുഴുവൻ മകനും ഫോട്ടോ​ഗ്രാഫറുമായ ബിനോ.പി.എസിനു തന്നെയാണ് അദ്ദേഹം നൽകുന്നത്.

വിവിധ പോസുകളിലുള്ള പി.ആർ ശശിധരന്റെ ചിത്രങ്ങൾ കണ്ട് പലർക്കും അദ്ദേഹത്തെ തിരിച്ചറിയാനായില്ല. അമ്പതുവർഷത്തോളമായി അധ്യാപന ജീവിതത്തിൽ തുടരുന്ന അദ്ദേഹത്തിന് ഇതൊരു പുത്തൻ അനുഭവവുമാണ്. മകന്റെ ക്യാമറയ്ക്ക് മുന്നിൽ‍ മോഡലായ അനുഭവത്തെക്കുറിച്ച് അച്ഛൻ പറയുന്നു...

ആർക്കാണ് ഒരു ചേഞ്ച് ഇഷ്ടമല്ലാത്തത്..!!! ആ ചിന്തയാണ്, സാധാരണ വെളിയിൽ പോകുമ്പോൾ ജുബ്ബയും മുണ്ടും മാത്രം...

Posted by Bino Ps on Sunday, November 1, 2020

ജൂബയും മുണ്ടുമാണ് എന്റെ സ്ഥിരം വേഷം. അച്ഛന്റെ വസ്ത്രധാരണശൈലി കണ്ടാണ് ഞാനും അങ്ങനെയായത്. ചെറുപ്പം മുതൽക്കേ താടിയും നീട്ടിവളർത്തുന്നുണ്ട്. പഠന സമയത്തുതന്നെ മകന് താൽപര്യം ഫോട്ടോ​ഗ്രാഫിയിലായിരുന്നു.  മക്കൾക്ക് പ്രചോദനം കൊടുക്കേണ്ടത് മാതാപിതാക്കളാണല്ലോ. അങ്ങനെയാണ് അവൻ ഇങ്ങനെയൊരു ആ​ഗ്രഹം പറഞ്ഞപ്പോൾ മോഡൽ ആകാമെന്ന് തീരുമാനിച്ചത്. കോസ്റ്റ്യൂം ഒക്കെ മകൻ തന്നെയാണ് കൊണ്ടുവന്നത്. ഞാൻ ഇരുന്നു കൊടുത്തതേയുള്ളു, അവൻ പറഞ്ഞതുപോലെ ചെയ്തു.- പി.ആർ ശശിധരൻ പറയുന്നു.

മുപ്പത്തിമൂന്നു വർഷം സർക്കാർ അധ്യാപകനായി ജോലി ചെയ്തതിനു ശേഷം വിരമിച്ചെങ്കിലും കഴിഞ്ഞ പതിനെട്ടു വർഷമായി കോരത്തോട് സി.കെ.എം അൺഎയ്ഡഡ് സ്കൂളിലെ പ്രഥമാധ്യാപകനാണ് ഇദ്ദേഹം. 

Content Highlights: 74 year old sasidharan viral photoshoot