ചവറ: രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരെയും നാടിന്റെ ക്രമസമാധാനം പാലിക്കുന്ന സേനാംഗങ്ങളെയും രൂപപ്പെടുത്തുകയാണ് നജീബ്. പന്മന മിടാപ്പള്ളി പുഞ്ഞിരിക്കൽ വീട്ടിൽ ടി.എ.നജീബെന്ന ഈ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ സൗജന്യമായാണ് യുവാക്കൾക്ക് പരിശീലനം നൽകുന്നത്.

27 വർഷമായി ഇദ്ദേഹം പോലീസ്, അഗ്നിശമനസേന, പട്ടാളം എന്നീ വിഭാഗങ്ങളിൽ ജോലി ആഗ്രഹിക്കുന്ന പല പ്രദേശങ്ങളിൽനിന്നുള്ള യുവാക്കൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കായികക്ഷമതാപരീക്ഷ പാസായി നിരവധി പേർ സേനാവിഭാഗത്തിൽ ജോലി നേടിയിട്ടുണ്ട്.
ജോലിയോടുള്ള ആത്മാർഥതപോലെ ശിക്ഷണകാര്യത്തിലും വിട്ടുവീഴ്ചയില്ലാത്തതുകൊണ്ടാണ് ഇദ്ദേഹത്തിന്റെ പരിശീലനം യുവാക്കൾ ആഗ്രഹിക്കുന്നത്. ചവറ കെ.എം.എം.എൽ.മൈതാനത്ത് പുലർച്ചെ അഞ്ചുമണിയോടെ നജീബും ശിഷ്യരും എത്തും.

വർഷങ്ങൾക്കുമുൻപ്‌ അഞ്ചുപേർക്ക് ശിക്ഷണം നൽകി. ഇവർ ഉയർന്ന ജോലി നേടിയതോടെയാണ് നജീബിനെ തിരക്കി യുവാക്കളെത്തിയത്. തുടർന്ന് പരിശീലകന്റെ കുപ്പായം അണിയുകയായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥൻ. ഇടപ്പള്ളിക്കോട്ട കേന്ദ്രമാക്കി ഹെൽത്ത് എവേക്കനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഹായ്) എന്ന സംഘടനയ്ക്ക് രൂപംനൽകുകയും ചെയ്തു. ഇതിലൂടെ സൗജന്യമായി കായികപരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. പിന്നീട് കേരള പോലീസ് ഓഫീസേഴ്‌സ്‌ അസോസിയേഷൻ ഹായ് സംഘടനയുമായി സഹകരിച്ച് പരിശീലനത്തിൽ ഏർപ്പെടുന്നവർക്ക് സൗജന്യമായി ജേഴ്‌സികൾ നൽകി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇപ്പോൾ നൂറ്റിയമ്പതോളം പേരെയാണ് നജീബ് കായികക്ഷമതയുടെ പാഠങ്ങൾ പഠിപ്പിക്കുന്നത്. ഒരുനിമിഷംപോലും പാഴാക്കാതെ ഏഴിന് അവസാനിക്കുന്ന പരിശീലനത്തിൽ ഓടിയും ചാടിയും ഊർജ്ജം പകരാൻ നജീബും കുട്ടികളോടൊപ്പം നിൽക്കും.

കൂടുതൽ പണം വാങ്ങി പരിശീലനം നൽകുന്നവർക്ക് ഒരു താക്കീതാണ് സൗജന്യമായി പരിശീലനം നൽകുന്നതിലൂടെ താൻ ലക്ഷ്യമിടുന്നതെന്നാണ് നജീബിന്റെ അഭിപ്രായം. സ്വന്തം കഴിവുകൊണ്ട് ജോലിയിൽ കയറുന്ന യുവാക്കൾ ചില കേന്ദ്രങ്ങളിൽനിന്ന് ചൂഷണത്തിന് വിധേയമാകുന്നുെണ്ടന്നും നജീബ്‌ പറയുന്നു. അതുകൊണ്ടാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ഇങ്ങനെ ഒരു ശ്രമത്തിന് തുടക്കംകുറിച്ചത്.

കേരള പോലീസ് ഒാഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബാലൻ, സെക്രട്ടറി എം.സി.പ്രശാന്തൻ, ഹായ് പ്രസിഡന്റ് മുഹമ്മദ് അമീർ, സെക്രട്ടറി ജോൺ തോമസ്, സേവ്യർ, സന്തോഷ് എന്നിവരുടെ സഹായവും നജീബിന്‌ കിട്ടുന്നുണ്ട്. പുലർച്ചെമുതൽ രണ്ടുമണിക്കൂർ കെ.എം.എം.എൽ.മൈതാനം നജീബിനും ശിഷ്യർക്കും സ്വന്തം. ജോലിയിൽ പ്രവേശിച്ചെന്നറിയുന്നതാണ് നജീബിന് ശിഷ്യർ കൊടുക്കുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.